
ന്യൂഡൽഹി: നൂറിലധികം യാത്രക്കാരുമായി തായ്‌ലൻഡിൽ ഇറങ്ങുകയായിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിന്. ഹൈദരാബാദിൽ നിന്നും തായ്‌ലൻഡിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഫുക്കറ്റ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിന്റെ നോസ് ഗിയർ തകരുകയായിരുന്നു.
പൈലറ്റിന്റെ മനസാന്നിദ്ധ്യത്തോടെയുള്ള പ്രവർത്തിയാണ് വിമാനദുരന്തം ഒഴിവാക്കിയത്. സംഭവത്തെ തുടർന്ന് ഫുക്കറ്റ് വിമാനത്താവളത്തിൽ വൈകിട്ട് ആറ് മണിവരെ റൺവെ അടച്ചെന്ന് അധികൃതർ അറിയിച്ചു. ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിൽ 133 യാത്രക്കാർ ഉണ്ടായിരുന്നു. എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷിതമായി പാസഞ്ചർ വെയിറ്റിംഗ് ഏരിയയിലേക്ക് മാറ്റി. നോസ് ലാൻഡിംഗ് ഗിയർ തകർന്ന് റൺവെയിലൂടെ ഉരഞ്ഞിറങ്ങി.
'മാർച്ച് 11ന് ഞങ്ങളുടെ ഹൈദരാബാദ് ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തിൽ വച്ച് നോസ് വീലിന് പ്രശ്‌നമുണ്ടായതായി സ്ഥിരീകരിക്കുകയാണ്. ജീവനക്കാർ എല്ലാവിധ പ്രോട്ടോകോളുകളും പാലിച്ചു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഞങ്ങളുടെ അതിഥികൾക്കും വിമാനത്താവള അധികൃതർക്കും എല്ലാ പങ്കാളികൾക്കും സഹകരണത്തിന് നന്ദി പറയുന്നു.' എർ ഇന്ത്യ വക്താവ് അറിയിക്കുന്നു.
എമർജൻസി റെസ്‌പോണ്ട്‌സ് ടീമും എയർപോർട്ട് അധികൃതരും സ്ഥലത്തേക്ക് ഉടനെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്‌തു. പുലർച്ചെ 6.42നാണ് വിമാനം ഹൈദരാബാദിൽ നിന്നും പറന്നുയർന്നത്. 11.40 വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് സംഭവം നടന്നത്. വിമാനം റൺവെയിൽ കുടുങ്ങിയിരിക്കുകയാണ്. 11.55ഓടെ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ തകരാറിലായി എന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |