പ്രതിയെ മണിക്കൂറുകൾക്കം പിടികൂടി
കൊച്ചി: രാത്രി കടവരാന്തയിൽ കിടന്നുറങ്ങിയത് ചോദ്യംചെയ്ത ദേഷ്യത്തിൽ കടയുടമയെ മർദ്ദിച്ച് അവശനാക്കിയ തമിഴ്‌നാട്ടുകാരൻ അറസ്റ്റിലായി. കലൂരും പരിസരത്തും അലഞ്ഞുനടക്കുന്ന തഞ്ചാവൂർ സ്വദേശി ശക്തിവേലാണ് (43) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.
കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച് റോഡിൽ കനാകാത്ത് വീട്ടിൽ ജോജി ഫ്രാൻസിസിനാണ് (52) മർദ്ദനമേറ്റത്. തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റ ഇയാൾ കലൂരിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അബോധാവസ്ഥയിലായതിനാൽ ശസ്ത്രക്രിയ ചെയ്യാനാകാത്ത സ്ഥിതിയാണെന്നാണ് വിവരം.
ഞാറാഴ്ച രാത്രി പത്തരയോടെ കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച് റോഡിലായിരുന്നു സംഭവം. ഇവിടെയുള്ള ഒരു കെട്ടിടത്തിന്റെ ഉടമയാണ് ജോജി. ടൈൽവിരിച്ച് വൃത്തിയായി സൂക്ഷിച്ചുപോരുന്ന കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ശക്തിവേലിനെ തുരത്താനുള്ള ശ്രമമാണ് മർദ്ദനത്തിൽ കലാശിച്ചത്. കടവരാന്തയിൽ കിടക്കാൻ കഴിയില്ലെന്നും മറ്റെവിടെയെങ്കിലും പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും ശക്തിവേൽ തയ്യാറായില്ല. തലയിണയായി വച്ചിരുന്ന ഹാൻഡ് ബാഗ് എടുത്തുമാറ്റിയതോടെ ക്ഷുഭിതനായ ശക്തിവേൽ ജോജിയെ ആക്രമിക്കുകയായിരുന്നു. കൈകൊണ്ട് മുഖത്ത് ആഞ്ഞിടിച്ചതോടെ ജോജി അവശനായി. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും മർദ്ദനം തുടർന്നു.
തല ടൈലിലേക്ക് ഇടിപ്പിച്ചതോടെ ജോജി ബോധരഹിതനായി. പിന്നാലെ ശക്തിവേൽ സ്ഥലംവിട്ടു. വഴിയാത്രക്കാരാണ് ജോജിയെ ആശുപത്രിയിലെത്തിച്ചത്. ജോജിയുടെ സഹോദരനാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. നോർത്ത് സി.ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം കലൂർ മെട്രോ സ്‌റ്റേഷൻ പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന ശക്തിവേലിനെ അറസ്റ്റ് ചെയ്തു. സി.സി.ടിവി ദൃശ്യമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ജോജിയെ മർദ്ദിക്കുന്ന സി.സി.ടിവി ദൃശ്യം പുറത്തുവന്നു.
മെട്രോതൂണിനടിയിൽ കിടക്കുന്നവരെ
ഒഴിപ്പിച്ചു; അന്വേഷിക്കാൻ ഉത്തരവ്
കൊച്ചി: മെട്രോ തൂണിനടിയിൽ കിടന്നുറങ്ങുന്നവരെ പെട്രോളിംഗിനെത്തുന്ന പൊലീസുകാർ തല്ലിയോടിക്കുന്നെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കലൂർ മെട്രോ തൂണിനടിയിൽ ഉറങ്ങുന്നയാളെ തല്ലുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |