തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കാത്ത കേന്ദ്ര ബഡ്ജറ്റ് പട്ടിക പിന്നാക്ക വിഭാഗം ജനങ്ങളെ തീർത്തും അവഗണിച്ചെന്ന് പട്ടികജാതി - പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പട്ടിക വിഭാഗങ്ങൾക്കുള്ള വകയിരുത്തലുകൾ ഒന്നൊന്നായി കേന്ദ്രം കുറയ്ക്കുകയാണ്.ഈ ബഡ്ജറ്റിൽ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ചത് ഇതിനുദാഹരണമാണ്.
പിന്നാക്ക, മറ്റർഹ വിഭാഗക്കാരുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിൽ മുൻവർഷം 1078 കോടി രൂപ ഉണ്ടായിരുന്നത് ഇത്തവണ 921 കോടിയായി കുറച്ചു. അതുപോലെ തന്നെ പിന്നാക്ക വിദ്യാർത്ഥികളുടെ ദേശീയ സ്കോളർഷിപ്പ് ആകെ 55 കോടിയായി ചുരുക്കി. മുൻവർഷമിത് 90 കോടി രൂപയായിരുന്നു. പട്ടികജാതി വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് പോലും വരുമാന പരിധി ഏർപ്പെടുത്തി കേന്ദ്രസർക്കാർ നിഷേധിച്ചിരിക്കുകയാണ്. മുൻവർഷം 2371 കോടി രൂപ വകയിരുത്തിയ പട്ടികവർഗ സ്കോളർഷിപ്പിന് 2370 കോടി രൂപ മാത്രം വകയിരുത്തിയത് പുറകോട്ട് പോകുന്ന പ്രവണതയാണ്.
സാമൂഹൃനീതി മന്ത്രാലയത്തിന്റെ ആകെ വകയിരുത്തൽ കേവലം ഒരു ശതമാനം മാത്രമാണ് ഉയർത്തിയത്. പട്ടിക വർഗ മന്ത്രാലയത്തിന് മുൻവർഷത്തേക്കാൾ നാലു ശതമാനവും ഉയർത്തി. പട്ടിക വർഗ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് ജൻ ജാതീയ ഉന്നത് ഗ്രാം പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മന്ത്രി ഒ ആർ കേളു വ്യക്തമാക്കി. നൈപുണ്യ വികസനം, ഇന്റേൺഷിപ്പ് പോലുള്ള പദ്ധതികളിൽ പട്ടിക വിഭാഗത്തിന് പ്രത്യേക ലക്ഷ്യം നിശ്ചയിച്ചിട്ടില്ലാത്തതും അവഗണനയുടെ ഭാഗമാണ്.
പട്ടിക പിന്നാക്ക ജനവിഭാഗങ്ങളോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടുകളുടെ തുടർച്ചയാണ് ബഡ്ജറ്റിൽ കാണുന്നത്. ഇത് തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |