ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഐബോഡ് പരിശോധനയിൽ നദിക്കടിയിൽ ലോഹ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പിക്കുന്ന സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. അർജുനായി നാടും വീടും കാത്തിരിക്കുമ്പോൾ ദുരന്തത്തിൽ കാണാതായ മറ്റൊരു ലോറി ഡ്രെെവറായ ശരവണന്റെ (39) തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലുള്ള കുടുംബം.
അർജുനായി നാട്ടിൽ നിന്നും ജനപ്രതിനിധികളുമടക്കം നിരവധി പേരാണ് ദുരന്തഭൂമിയിൽ എത്തിയത്. എന്നാൽ ശരവണനായി ഇവിടെയുള്ള അദ്ദേഹത്തിന്റെ അമ്മാവനായ സെന്തിൽകുമാർ മാത്രമാണ് എത്തിയത്. എന്ത് ചെയ്യണമെന്നോ ആരോട് സംസാരിക്കണമെന്നോ അദ്ദേഹത്തിന് അറിയില്ല. അർജുന്റെ തെരച്ചിലിനായി ലഭിക്കുന്ന പിന്തുണ ശരവണനും കൂടി കിട്ടണമെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അർജുനെ കാണാതായ അതേ മണ്ണിടിച്ചിലാണ് ശരവണനെയും കാണാതായത്. ടാങ്കർ ലോറിയിലാണ് ശരവണൻ എത്തിയത്. വണ്ടിയിൽ നിന്ന് ഇറങ്ങി കടയിൽ ചായ കുടിക്കാൻ കയറിയപ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടായത്. പിന്നെ ഒരു വിവരവും ലഭിച്ചിട്ടില്ല. ശരവണന്റെ ലോറി ലഭിച്ചെങ്കിലും അതിൽ അദ്ദേഹം ഇല്ലായിരുന്നു.
'നദിയിലെ വെള്ളത്തിലോ മണ്ണിനടിയിലോ ശരവണനുണ്ടാകുമോ? അതോ ഒഴുകിപ്പോയോ എന്നൊന്നും അറിയില്ല. തമിഴ്‌നാട് സർക്കാരിനെ ബന്ധപ്പെട്ടപ്പോൾ തെരച്ചിലിനായി അവർ സമ്മർദ്ദം ചെലുത്തി. പക്ഷേ ആരും സ്ഥലത്ത് വന്നിട്ടില്ല. കർണാടകയിലെ ജില്ലാ കളക്ടറും എസ്പിയുമായി സംസാരിച്ചിരുന്നു. കാണാതായ ശരവണനും അർജുന് ലഭിച്ച അതേ പ്രധാന്യം ഉണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി. ആ വിശ്വാസത്തിലാണ് ഞാനിവിടെ നിൽക്കുന്നത്. മുൻപ് ഒരു ബോഡി ലഭിച്ചപ്പോൾ ഡിഎൻഎ ടെസ്റ്റ് എടുക്കാൻ അമ്മയെ വിളിപ്പിച്ചിരുന്നു. ഒരുപാട് ബന്ധുക്കൾ ഒന്നും ശരവണന് ഇല്ല. ഒരു മകൻ ഉണ്ട്. ഒന്നാം ക്ലാസിലാണ്',- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |