
ഗാസ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ രണ്ടു കുട്ടികളും മൂന്ന് മാദ്ധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു.ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. പുലർച്ചെ മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ ആറുപേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഈജിപ്യഷൻ കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനിടയിലാണ് മൂന്ന് ഫോട്ടോ ജേർണലിസ്റ്റുകൾ കൊല്ലപ്പെട്ടത്.അനസ് ഗുനൈം, അബ്ദുൽ റൗഫ്, ഷാത് മുഹമ്മദ് ഖെഷ്ദ എന്നിവരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.ഇവർ സഞ്ചരിച്ച വാഹനത്തിൽ സ്ഫോടക വസ്തു പതിക്കുകയായിരുന്നു.
നെറ്റ്സറിം കോറിഡോറിനോട് ചേർന്നായിരുന്നു സംഭവം. പുതിയതായി സ്ഥാപിച്ച ഡിസ്‍പ്ലേസ്മെന്റ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ പകർത്തുന്നതിന് എത്തിയതായിരുന്നു മാധ്യമപ്രവർത്തകരെന്ന് ഈജിപ്ഷ്യൻ റിലീഫ് കമ്മറ്റിയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.ഈ സ്ഫോടനത്തിൽ മാദ്ധ്യമ പ്രവർത്തനകല്ലാത്ത ഒരാളും കൊല്ലപ്പെട്ടിട്ടുണ്ട്.
വാഹനത്തിൽ ഉണ്ടായിരുന്നവർ ഡ്രോൺ ഉപയോഗിച്ച് തങ്ങളുടെ സൈനിക വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചുവെന്നും അതിനാലാണ് വാഹനത്തെ ഇസ്രയേൽ എയർഫോഴ്സ് ലക്ഷ്യംവെച്ചതെന്നും ആർമി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രയേലി ആർമി റേഡിയോ പറഞ്ഞു.
കൊല്ലപ്പെട്ട മറ്റുള്ളവരിൽ ഒരേ കുടുംബത്തിൽപെട്ട മൂന്നുപേരുമുണ്ട്. ഇസ്റ്റേൺ ദേർ എൽ ബലാഹിൽനിന്നുള്ള കുടുംബത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. പിതാവും മകനും മറ്റൊരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ ഗസായിൽ പതിമൂന്നുകാരനെ ഇസ്രയേൽ സേന വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് സമീപമുണ്ടായ മറ്റൊരു ആക്രമണത്തിൽ 32 വയസ്സുള്ള ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്ത് വന്നു.വടക്കൻ സ്ട്രിപ്പിൽ നടന്ന ആക്രമണങ്ങളിൽ മറ്റ് രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടതായി വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |