'റായൻ' എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ധനുഷ് നടത്തിയ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. രജനികാന്തും ജയലളിതയുമടക്കം സിനിമയിലെയും രാഷ്ട്രീയത്തിലെയും വി.വി.ഐ.പികൾ മാത്രം താമസിക്കുന്ന ചെന്നൈയിലെ പോയസ് ഗാർഡനിൽ ധനുഷ് വീടു വാങ്ങിയത് വലിയ സംസാര വിഷയമാകുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രസംഗം.
'തെരുവിൽ നിന്ന് വന്നെന്ന് കരുതി തെരുവിൽ തന്നെ ജീവിക്കാവൂ എന്നാണോ? ഈ പോയസ് ഗാർഡനും ഞാനും തമ്മിൽ ഒരു ബന്ധമുണ്ട്. ഞാൻ ആരുടെ ഫാൻ ആണെന്ന് എല്ലാവർക്കും അറിയാം. എനിക്ക് അന്ന് 16 വയസാണ്. ഒരു ചെറിയ ബൈക്കുമായി ഞാൻ എന്റെ സുഹൃത്തും കൂടി ഒരു ദിവസം തലൈവരുടെ വീട് കാണാൻ പോയി. തലൈവരുടെ വീടു കണ്ട് സന്തോഷത്തോടെ തിരിച്ചുവരാൻ വണ്ടി തിരിച്ചപ്പോൾ തൊട്ടടുത്ത വീടിനു മുൻപിലും അതേ കൂട്ടം. അന്വേഷിച്ചപ്പോൾ അറിഞ്ഞു, അത് ജയലളിത അമ്മയുടെ വീടാണ് എന്ന്. ഞാൻ ബൈക്ക് നിറുത്തി ഒരു സെക്കൻഡ് ഇറങ്ങിനിന്നു.
ഇങ്ങോട്ട് നോക്കിയാൽ രജനി സാർ വീട്, അങ്ങോട്ട് നോക്കിയാൽ ജയലളിത വീട്. ഒരു നാൾ. ഒരു ദിവസം എങ്ങനെയെങ്കിലും പോയസ് ഗാർഡനിൽ ഒരു ചെറിയ വീടെങ്കിലും വാങ്ങണം എന്ന് മനസിൽ വാശിയേറി. ആ സമയത്ത് ഞങ്ങൾ വലിയ കഷ്ടത്തിലാണ്. ഒരുപാട് പ്രശ്നങ്ങൾ. 'തുള്ളുവതോ ഇളമൈ' എന്ന സിനിമ ആ സമയത്ത് ഓടിയില്ലായിരുന്നെങ്കിൽ ഞങ്ങൾ തെരുവിന്റെ നടുവിൽ തന്നെ നിൽക്കേണ്ടിവന്നേനെ. 20 വർഷം കഷ്ടപ്പെട്ട് ഇന്നീകാണുന്ന ധനുഷ് കൊടുത്ത സമ്മാനമാണ് പോയ്‌സ് ഗാർഡൻ വീട്. നമ്മളാരാണ് എന്ന് നമ്മൾ അറിഞ്ഞാൽ മതി. ഞാൻ ആരാണെന്ന് എനിക്കറിയാം. ഭഗവാൻ ശിവനറിയാം. എന്റെ അച്ഛനും അമ്മയ്ക്കും അറിയാം. എന്റെ കുട്ടികൾക്കും അറിയാം',- ധനുഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |