ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിക്കാനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ലെന്ന് പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖമേനിയെ ലക്ഷ്യമിടുന്നത് ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം വർദ്ധിപ്പിക്കുകയല്ല, മറിച്ച് അവസാനിപ്പിക്കുമെന്നാണ് നെതന്യാഹു എബിസി ന്യൂസിനോട് വ്യക്തമാക്കിയത്. ഇറാൻ- ഇസ്രയേൽ ആക്രമണം കൂടുതൽ രൂക്ഷമാകെ ഖമനേയി കുടുംബവുമായി ഭൂഗർഭ ബങ്കറിൽ ഒളിവിൽ കഴിയുകയാണ്. ടെഹ്റാന്റെ വടക്കുകിഴക്കൻ മേഖലയായ ലാവിസാനിലാണ് ഖമനേയി ഉള്ളതെന്നാണ് വിവരം. ഖമനേയി കൊല്ലപ്പെട്ടാൽ ആരാകും ഇറാനെ നയിക്കുകയെന്ന ചർച്ചകൾ വ്യാപകമാണ്. ഇതിനൊപ്പം ഖമനേയിക്ക് ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശുമായുള്ള ബന്ധവും പരിശോധിക്കാം.
അയത്തൊള്ള അലി ഖമനേയിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ എത്തുമെന്നാണ് പല ഇറാനിയൻ രാഷ്ട്രീയ വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇറാന്റെ തന്നെ സംവിധാനം ഇതിനെ പ്രതിരോധിക്കുന്നു. പാരമ്പര്യ പിന്തുടർച്ചയിലൂടെ അധികാരം കൈമാറുന്നത് 'ഇസ്ലാമികമല്ലാത്തത്' ആയാണ് ഇറാനിൽ കരുതപ്പെടുന്നത്. ഇറാൻ സ്ഥാപകനും ആദ്യ പരമോന്നത നേതാവുമായ അയത്തൊള്ള റുഹൊള്ള ഖമനേയിയും കുടുംബാധിത്യപരമായ ഭരണത്തുടർച്ചയെ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രസംഗങ്ങൾ, കത്തുകൾ, മറ്റ് രചനകൾ എന്നിവ സമാഹരിച്ച 21 വാല്യങ്ങളുള്ള 'സാഹിഫെയേ ഇമാം ഖൊമേനി' എന്ന പുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ളാമിക സംവിധാനത്തിൽ കുടുംബപരമായ ഭരണത്തുടർച്ച ചേരാത്തതാണെന്ന് അയത്തൊള്ള അലി ഖമനേയിയും വ്യക്തമാക്കിയിരുന്നു.
പാശ്ചാത്യ പിന്തുണയോടെ രാജ്യം ഭരിച്ചിരുന്ന മൊഹമ്മദ് റേസ ഷായെ പുറത്താക്കി ഇറാന്റെ ആദ്യ പരമോന്നത നേതാവായി അധികാരമേറ്റ നേതാവാണ് അയത്തൊള്ള റുഹൊള്ള ഖമനേയി. 1979ലെ ഇറാനിയൻ വിപ്ളവം നയിച്ചത് അദ്ദേഹമായിരുന്നു. ഇറാനിന്റെ മുക്കിലും മൂലയിലും അദ്ദേഹത്തിന്റെ ചിത്രമുണ്ട്. കറൻസി നോട്ടുകളിൽ, ക്ളാസ് മുറികളിൽ തുടങ്ങി സർക്കാർ കെട്ടിടങ്ങളിൽവരെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഖമനേയിയുടെ സ്വാധീനമില്ലാതെ ഇറാനിൽ വിപ്ളവം ഉണ്ടാകില്ലായിരുന്നുവെന്ന് അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസി 1983ൽ പുറത്തിവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഇസ്ളാമിൽ അടിയുറച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇസ്ളാമാണ് രാഷ്ട്രീയമെന്നും ഇവ തമ്മിൽ വേർതിരിക്കാനാവില്ലെന്നും വിശ്വസിച്ചിരുന്നയാളാണ് റുഹൊള്ള ഖമനേയി. കടുത്ത ഷിയ വിശ്വാസിയായാണ് അദ്ദേഹം വളർന്നുവന്നത്. മുത്തച്ഛൻ സയ്യേദ് അഹമ്മദ് മുസവി ഹിന്ദിയുടെ സ്വാധീനവും അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളമുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ബറാബങ്കിയെന്ന സ്ഥലവുമായി വേരുകളുള്ളയാളാണ് സയ്യേദ് അഹമ്മദ് മുസവി.
ഇന്ത്യയിൽ നിന്ന് ഇറാനിലേക്കുള്ള അഹമ്മദിന്റെ കുടിയേറ്റം ഇറാനിയൻ രാഷ്ട്രീയത്തിലും മത വിശ്വാസങ്ങളിലും ശാശ്വതമായ സ്വാധീനം ചെലുത്തുന്നതാണ്. തന്റെ ഇന്ത്യൻ വേരുകളുടെ പ്രതിഫലനമായാണ് പേരിനൊപ്പം ഹിന്ദി എന്ന വാക്കും അദ്ദേഹം ചേർത്തത്. അഹമ്മദിന്റെ പിതാവ് ദിൻ അലി ഷാ സെൻട്രൽ ഇറാനിൽ നിന്ന് 1700കളിൽ ഇന്ത്യയിലേയ്ക്ക് കുടിയേറിയിരുന്നു. 1800ൽ ലക്‌നൗവിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ബറാബങ്കിയിലാണ് അഹമ്മദ് ജനിച്ചുവളർന്നത്. ഇസ്ലാമിന് പുനരുജ്ജീവനം ആവശ്യമാണെന്നും മുസ്ലീങ്ങൾ സമൂഹത്തിൽ ഇടം വീണ്ടെടുക്കണമെന്നും വിശ്വസിച്ച നിരവധി പണ്ഡിതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. 1830ൽ ഇറാനിലെ (അന്നത്തെ പേർഷ്യ) നജാഫിലുള്ള അലിയുടെ ശവകുടീരം സന്ദർശിക്കാൻ അദ്ദേഹം ഇന്ത്യ വിടുകയായിരുന്നു. 1834ൽ ഇറാനിലെ ഖമേയിനിലെത്തിയ അദ്ദേഹം കുടുംബമായി ജീവിക്കാൻ ആരംഭിച്ചു. കടുത്ത വിശ്വാസിയായ അദ്ദേഹം മതവിശ്വാസം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ വിട്ടതും ഇറാനിൽ താമസമാക്കിയതും. അദ്ദേഹത്തിന്റെ അഞ്ചുമക്കളിൽ ഒരാളായ മുസ്‌തഫയുടെ മകനാണ് അയത്തൊള്ള റുഹൊള്ള ഖമനേയി. റുഹൊള്ളയുടെ ജനനത്തിന് മുൻപുതന്നെ അഹമ്മദ് മരണപ്പെട്ടെങ്കിലും മുത്തച്ഛന്റെ ആശയങ്ങളും വിശ്വാസങ്ങളും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |