കാസർകോട്: കുമ്പള പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും അക്കൗണ്ടന്റ് പണം തട്ടിയതായി പരാതി. പഞ്ചായത്ത് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല പരിശോധനയും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പാലക്കാട് സൗത്ത് സ്വദേശി എം.രമേശിനെതിരെയാണ് പരാതി.
എട്ട് മാസം മുമ്പാണ് ഇയാൾ പഞ്ചയത്തിൽ അക്കൗണ്ടന്റ് ആയി എത്തിയത്. സെക്രട്ടറിയുടെ യൂസർ ഐഡിയും പാസ്‌വേഡും കൈക്കലാക്കി ജീവനക്കാരുടെ ശമ്പളമെന്ന രീതിയിൽ പണം കൈക്കലാക്കിയതായാണ് പരാതി. ആദ്യം ശമ്പളം നല്കുകയും പിന്നീട് ഇതേ രീതിയിൽ വീണ്ടും പണം പിൻവലിച്ച് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പറയുന്നത്. ഒരു കരാറുകാരന്റെ മൂന്ന് ലക്ഷം രൂപയുടെ ബിൽ തുകയും ഇയാൾ മാറിയെടുത്തിട്ടുണ്ടത്രെ. ജോലിയുടെ കാര്യത്തിൽ അലംഭാവം കാട്ടിയതിന്റെ പേരിൽ ഇയാളെ ഭരണസമിതി യോഗം രണ്ട് മാസം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. വിശദ പരിശോധനയിൽ 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായെന്ന് പഞ്ചയാത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂസഫ് ഉളുവാർ പ്രതികരിച്ചു. പഞ്ചയാത്ത് സെക്രട്ടറി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ഭരണ സമിതി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ബി.ജെ.പി അംഗങ്ങൾ സെക്രട്ടറിയോടാവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |