തിരുവനന്തപുരം: പി.എസ്.സി പ്രിലിമിനറി പരീക്ഷയിലെ ചോദ്യങ്ങൾ റദ്ദാക്കുന്നതിൽ ആശങ്കയിൽ ഉദ്യോഗാർത്ഥികൾ. ഒന്ന്, രണ്ട്, മൂന്ന് ഘട്ട പരീക്ഷകളിൽ വ്യത്യസ്ത എണ്ണം ചോദ്യങ്ങൾ വന്നതോടെ മാർക്ക് സമീകരണം എങ്ങനെ ഫലപ്രദമായി നടപ്പാക്കും എന്നതിലാണ് ആശങ്ക.
മൂല്യനിർണ്ണയം അന്തിമഘട്ടത്തിലായ ബിരുദതല പ്രിലിമിനറി പരീക്ഷയിൽ ആകെ റദ്ദാക്കിയത് 31 ചോദ്യങ്ങൾ. മൂന്നാം ഘട്ട പരീക്ഷയിൽ മാത്രം റദ്ദാക്കിയത് 16 ചോദ്യങ്ങൾ. ഇതിൽ ആദ്യ 10 ചോദ്യങ്ങളിൽ 9 എണ്ണവും തെറ്റായിരുന്നു.100 ൽ ശേഷിക്കുന്ന 84 എണ്ണത്തിന് മാത്രമാണ് മാർക്ക് ലഭിക്കുക.
ഈ പരീക്ഷയുടെ ആദ്യഘട്ടത്തിൽ ഏഴും രണ്ടാം ഘട്ടത്തിൽ എട്ടും ചോദ്യങ്ങളാണ് റദ്ദാക്കിയത്. ഇതോടെ ഒന്നാം ഘട്ടത്തിൽ 93 ഉം രണ്ടാം ഘട്ടത്തിൽ 92 ഉം മൂന്നാം ഘട്ടത്തിൽ 84 ഉം ചോദ്യങ്ങൾക്കാണ് മാർക്ക് ലഭിക്കുക.
ഇങ്ങനെയാകുമ്പോൾ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് വെല്ലുവിളിയാകുമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
എം.കെ.സക്കീർ പി.എസ്.സി ചെയർമാൻ ആയിരുന്ന കാലഘട്ടത്തിൽ നടപ്പാക്കിയതാണ് പ്രിലിമിനറി പരീക്ഷ. മാർക്ക് സമീകരണത്തിലെ വീഴ്ചകൾ ബോദ്ധ്യപ്പെട്ടതോടെ പത്താം ക്ലാസ്, പ്ലസ് ടുതല പരീക്ഷകളിൽ പ്രിലിമിനറി പരീക്ഷ ഒഴിവാക്കിയിരുന്നു.
നാല് ഓപ്ഷനുകളിൽ ശരിയുത്തരമില്ലെങ്കിൽ പരീക്ഷയ്ക്കു ശേഷം പരാതിപ്പെട്ടാൽ ആ ചോദ്യം ഒഴിവാക്കുന്ന രീതി പി.എസ്.സിയിലുണ്ട്. മുൻ വർഷങ്ങളിൽ ചോദ്യങ്ങൾ ഒഴിവാക്കേണ്ടിവരുന്നത് അപൂർവമായിരുന്നു. എന്നാൽ ഒന്നു രണ്ടു വർഷമായി ചോദ്യങ്ങൾ തെറ്റാണെന്ന് കണ്ട് ഒഴിവാക്കുന്നത് പതിവായിരിക്കുകയാണ്. തെറ്റായ ചോദ്യങ്ങളും ഓപ്‌ഷനുകളും നൽകുന്നത് പി.എസ്.സിയുടെ വിശ്വാസ്യതയെ തന്നെ തകർക്കുമെന്നും പ്രിലിമിനറി പരീക്ഷയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്ത എണ്ണം ചോദ്യങ്ങൾ ഒഴിവാക്കുന്നത് കട്ട് ഓഫ് മാർക്കിനെ ബാധിക്കുമെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
പരീക്ഷ നടന്നത്
മേയ് 11,25,ജൂൺ 15
ആകെ പരീക്ഷ എഴുതിയവർ
3,35,290
പരീക്ഷയിൽ ഉൾപ്പെട്ട തസ്‌തികകൾ - 11
കൂടുതൽ ഒഴിവുള്ള തസ്‌തിക
തദ്ദേശവകുപ്പിൽ സെക്രട്ടറി
എക്സൈസ് ഇൻസ്‌പെക്ടർ
പൊലീസ് സബ് ഇൻസ്‌പെക്ടർ
കേരളബാങ്കിൽ അസി.മാനേജർ
മിൽമയിൽ മാർക്കറ്റിംഗ് ഓർഗനൈസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |