തൃശൂർ: കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ് എം.ആർ. രാഘവ വാരിയർക്കും സി.എൽ. ജോസിനും സമർപ്പിക്കുമെന്ന് പ്രസിഡന്റ് കെ. സച്ചിദാനന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണിത്. സമഗ്ര സംഭാവന പുരസ്‌കാരം കെ.വി. കുമാരൻ, പ്രേമ ജയകുമാർ, പി.കെ. ഗോപി, ബക്കളം ദാമോദരൻ, എം. രാഘവൻ, രാജൻ തിരുവോത്ത് എന്നിവർക്ക് നൽകും. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കൽപ്പറ്റ നാരായണൻ(കവിത), ഹരിത സാവിത്രി(നോവൽ), ഗിരീഷ് പി.സി പാലം(നാടകം), പി. പവിത്രൻ (സാഹിത്യ വിമർശനം), ബി. രാജീവൻ (വൈജ്ഞാനിക സാഹിത്യം), കെ. വേണു (ജീവചരിത്രം), നന്ദിനി മേനോൻ (യാത്രാവിവരണം), എം.എം. ശ്രീധരൻ (വിവർത്തനം), ഗ്രേസി (ബാലസാഹിത്യം), സുനീഷ് വാരനാട് (ഹാസ്യ സാഹിത്യം) എന്നിവർക്കാണ് അക്കാഡമി അവാർഡുകൾ. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കെ.സി. നാരായണൻ (സി.ബി. കുമാർ അവാർഡ്), കെ.എൻ. ഗണേശൻ (കെ.ആർ. നമ്പൂതിരി), ഉമ്മുൽ ഫായിസ (ജി.എൻ. പിള്ള അവാർഡ്), എ.വി. സുനു (ഗീത ഹിരണ്യൻ അവാർഡ്), ആദി (യുവ കവിതാ അവാർഡ്), ഒ.കെ. സന്തോഷ് (പ്രൊഫ. എം. അച്ചുതൻ എൻഡോവ്‌മെന്റ് അവാർഡ്), കെ.ടി. പ്രവീൺ (തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം) എന്നിവർക്കാണ് എൻഡോവ്മെന്റുകൾ.
അർഹമായ കൃതി ലഭിക്കാത്തതിനാൽ വിലാസിനി പുരസ്‌കാരം നൽകുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെക്രട്ടറി സി.പി. അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |