കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 39 റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്
ഗുജറാത്ത് 198/3
ശുഭ്മാൻ ഗിൽ 90
സായ് സുദർശൻ 52
ജോസ് ബട്ട്‌ലർ 41*
കൊൽക്കത്ത 159/8
രഹാനെ 50
രഘുവംശി 27*
കൊൽക്കത്ത : കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരായ ഐ.പി.എൽ മത്സരത്തിൽ 39 റൺസിന് വിജയിച്ച് ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി . ഇന്നലെ ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 198 റൺസ് ഉയർത്തിയപ്പോൾ കൊൽക്കത്തയുടെ മറുപടി 159/8 ലൊതുങ്ങി. അർദ്ധസെഞ്ച്വറികൾ നേടിയ നായകൻ ശുഭ്മാൻ ഗില്ലും (90) സായ് സുദർശനും (52) ഓപ്പണിംഗിൽ 74 പന്തുകളിൽ കൂട്ടിച്ചേർത്ത 114 റൺസാണ് ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 41 റൺസുമായി പുറത്താകാതെനിന്ന ജോസ് ബട്ട്‌ലറും ടീമിന് കരുത്തായി.
മികച്ച തുടക്കമാണ് ഗുജറാത്തിന് ഗില്ലും സായ്‌യും ചേർന്ന് നൽകിയത്. ഏഴാം ഓവറിൽ 50 കടന്ന ഗുജറാത്ത് 11 ഓവറിൽ നൂറിലെത്തി. 12.2 ഓവറിൽ ടീം സ്കോർ 114ൽ എത്തിയപ്പോൾ സായ് സുദർശനെ കീപ്പർ ഗുർബാസിന്റെ കയ്യിലെത്തിച്ച് റസലാണ് ഓപ്പണിംഗ് സ്റ്റാൻഡ് പൊളിച്ചത്. 36 പന്തുകളിൽ ആറുഫോറും ഒരു സിക്സും പറത്തിയാണ് സായ് ഈ സീസണിലെ തന്റെ അഞ്ചാം അർദ്ധസെഞ്ച്വറിയിലെത്തിയത്. പകരം ക്രീസിലെത്തിയ ബട്ട്‌ലർ കഴിഞ്ഞകളിയുടെ തുടർച്ചയെന്നപോലെ നിറഞ്ഞാടിയതോടെ ഗുജറാത്ത് കത്തിക്കയറി.55 പന്തുകളിൽ 10 ഫോറും മൂന്ന് സിക്സും പറത്തിയ ഗിൽ 18-ാം ഓവറിലാണ് പുറത്തായത്. 23 പന്തുകളിൽ എട്ടുഫോറടിച്ചാണ് ബട്ട്‌ലർ പുറത്താകാതെ 41 റൺസിലെത്തിയത്.
മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി 50 റൺസ് നേടി നായകൻ അജിങ്ക്യ രഹാനെയും പുറത്താകാതെ 27 റൺസ് നേടി ആൻഗ്രിഷ് രഘുവംശിയും പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. രണ്ട് വിക്കറ്റുകൾ വീതം വഴ്ത്തിയ റാഷിദ് ഖാനും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടിയ സിറാജും ഇശാന്തും സായ് കിഷോറും വാഷിംഗ്ടൺ സുന്ദറും ചേർന്ന് കൊൽക്കത്തയെ നിയന്ത്രിച്ചുനിറുത്തി.
ഈ സീസണിലെ എട്ട് മത്സരങ്ങളിൽ ഗുജറാത്തിന്റെ ആറാം ജയമാണിത്. ടീം 12 പോയിന്റിലെത്തി.
എട്ടുകളികളിൽ അഞ്ചാം തോൽവി ഏറ്റുവാങ്ങിയ കൊൽക്കത്തയ്ക്ക് ആറുപോയിന്റാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |