"'ഇതൊന്നുമെന്റെ
യല്ലറിഞ്ഞുവിന്നു ഞാൻ
ജലം പോൽ, ഭൂമി പോൽ,
വനം പോൽ, വായു പോൽ
ഇത് ചരാചര
പ്രപഞ്ചത്തിന്‍ സ്വന്തം""
പ്രശസ്‌ത കവി സച്ചിദാനന്ദന്റെ നിസ്വം എന്ന കവിതയിലെ ചില വരികളാണിത്. തന്റെ സൃഷ്ടികളിന്മേലുണ്ടാകുന്ന പ്രശസ്‌തിയൊന്നും തനിക്കർഹപ്പെട്ടതല്ലെന്നുള്ള എളിമയാണ് കവി പറഞ്ഞിരിക്കുന്നത്. അനഘ ജെ.കോലോത്ത് എന്ന യുവ എഴുത്തുകാരിയെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവരോട് ചോദിച്ചാൽ കിട്ടുന്ന മറുപടി ഇതായിരിക്കും. നൂറോളം കവിതകളും കഥകളും എഴുതിയിട്ടുണ്ട്. പ്രമുഖ പ്രസാധകർ തന്നെ തിരഞ്ഞെടുത്ത കവികളുടെ കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. എങ്കിലും അനഘ പറയും സ്‌ഫുടമായുള്ള മലയാളത്തിൽ പറയും ''ഞാൻ ഒരു എഴുത്തുകാരി""യെ അല്ലെന്ന്.
കോട്ടയം ജില്ലയിലെ പാലോ കോലത്ത് ഹൗസിൽ ബാങ്ക് ഉദ്യോഗസ്ഥനായ കെ.എൻ.ജയചന്ദ്രന്റേയും സ്‌കൂൾ അദ്ധ്യാപികയായ പി.ജി.ശ്യാമളാദേവിയുടേയും മൂന്ന് പെൺമക്കളിൽ ഇളയവളായി 1994ലാണ് അനഘയുടെ ജനനം. തറവാട്ടിൽ വല്യച്ഛൻ കെ.എൻ.വിശ്വനാഥൻ നായർക്ക് (അച്ഛന്റെ ജ്യേഷ്ഠൻ) കൈരളി ശ്ലോക രംഗമെന്നൊരു അക്ഷരശ്ലോക സമിതിയുണ്ട്. കവിതയും പാട്ടും അക്ഷരശ്ലോങ്ങളുമൊക്കെ അഭ്യസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്‌തിരുന്ന ഒരു സദസ്. കവിതയിലും ശ്ലോകത്തിലുമാണ് തറവാട് ഉണരുന്നത്. അവിടെയായിരുന്നു അനഘയുടെ കളിത്തൊട്ടിൽ. ഈ അക്ഷരങ്ങൾ നിരന്തരം ഊരുചുറ്റി നടന്ന തറവാട്ടുമുറ്റത്ത് പിച്ച വച്ചു നടന്നതിനാലാകണം അക്ഷരങ്ങളാണ് ആദ്യത്തെ കളിക്കൂട്ടുകാർ. കുഞ്ഞുനാൾ മുതൽ മനസിൽ തോന്നുന്ന വരികൾ പാടികേൾപ്പിക്കുമായിരുന്നു. എഴുത്തു പഠിച്ചപ്പോൾ പിന്നെ എഴുത്തിലൂടെ വാക്കുകൾ വരിവരിയായി നിരനിരയായി ഭാവനയുടെ മേമ്പൊടിയോടെ പുസ്‌തകത്താളിൽ നിറഞ്ഞു.
രണ്ടാം ക്ലാസിൽ ആദ്യ കവിത
ഒരിക്കൽ ഉമ്മറത്തിരുന്ന മാനത്ത് വില്ലുപോലെ ഞെളിഞ്ഞു നിന്ന് തന്നെ നോക്കുന്ന മഴവില്ലിൽ ദൃഷ്ടി പതിപ്പിച്ചിരിക്കുമ്പോൾ അനഘയുടെ അച്ഛൻ ചോദിച്ചു. 'മോൾക്ക് മഴവില്ല് ഇഷ്ടപ്പെട്ടെങ്കിൽ അത് സൂക്ഷിച്ചുവച്ചോ" എന്ന്. അച്ഛൻ പറഞ്ഞതിന്റെ പൊരുൾ തേടിയപ്പോൾ ചേച്ചി പറഞ്ഞു '' ഒരു പക്ഷേ കവിതയായി എഴുതി സൂക്ഷിക്കാനാകും"" എന്ന് അങ്ങനെയാണ് രണ്ടാം ക്ലാസുകാരിയായ അനഘയുടെ ആദ്യ കവിതയായ 'മഴവില്ല് " ജന്മമെടുക്കുന്നത്. കവിത ആദ്യം വല്യച്ഛനെ കാണിച്ചപ്പോൾ പിന്നെ പ്രോത്സാഹനമായി. അങ്ങനെയാണ് സാഹിത്യലോകത്തേക്കുള്ള ഔദ്യോഗിക പ്രവേശനം. ആ കവിതയായ കടൽ മുതലുള്ള എല്ലാം സൃഷ്ടികൾക്കും വളം അനുഭവം തന്നെയായിരുന്നു. കവിത എഴുതുക മാത്രമല്ല അത് ചൊല്ലി ഫലിപ്പിക്കാനും മിടുക്കിയാണ് താനെന്ന് അനഘ തെളിയിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം നടത്തിവരാറുള്ള നാരായണീയം, പൂന്താനം മത്സരങ്ങളിൽ ചെറുപ്പം മുതൽ പങ്കെടുക്കാറുണ്ട്. 2013ൽ ഗുരുവായൂരപ്പന്റെ സുവർണ മുദ്രയ്ക്ക് അർഹയായി. ഒരു പ്രമുഖ ചാനലിലെ കവിതാപാരായണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി വിജയിച്ചിട്ടുണ്ട്. കവിതകൾ സമാഹാരമാക്കി പ്രസിദ്ധീകരിക്കാൻ വിമുഖത കാട്ടിയിരുന്ന അനഘയെ കൊണ്ട് കവിത പുസ്‌തമാക്കാൻ നിർബന്ധിച്ചതും അതിനാവശ്യമായ സഹായങ്ങൾ നൽകിയതും അതേ പരിപാടിയിലെ വിധികർത്താക്കളിൽ ഒരാളായ എഴുത്തുകാരൻ കെ.ജയകുമാറാണ്. അങ്ങനെ മുപ്പതോളം കവിതകൾ ഉൾപ്പെടുത്തി 'ഞാൻ അറിഞ്ഞ കടൽ" എന്ന കവിതാസമാഹാരം പുറത്തിറക്കി.
''സന്ദർഭം തന്നാൽ പ്രയാസാണ്"
''പൊള്ളിക്കേഴും എണ്ണയിൽ വീഴും
കറിയും ഉറക്കെ കരയുന്നു.
പഴയൊരു പ്രണയം കറിവേപ്പിലപോൽ
കറിയിലൊളിച്ച് കളിക്കുന്നു""
തനിക്ക് ചുറ്റും കാണുന്നത് ഭാവനയിലൂടെ കടലാസിലെത്തിക്കാൻ ഇഷ്ടപ്പെടുന്ന അനഘയുടെ കവിയുടെ വരികളാണിത്. കവിത എഴുതുകയും ചൊല്ലുകയുമൊക്കെ ചെയ്യുമെങ്കിലും സന്ദർഭം തന്ന് കവിതയെഴുതാൻ പറഞ്ഞാൽ അൽപം പ്രയാസമാണെന്ന് അനഘ പറയുന്നു. അതുകൊണ്ടുതന്നെ സ്‌കൂൾ കാലഘട്ടത്തിൽ കലോത്സവേദികളിൽ നിന്ന് വിട്ടുനിൽക്കാനാണ് അനഘ ഇഷ്ടപ്പെട്ടത്. എന്നാൽ കോളേജിലെത്തിയതോടെ അദ്ധ്യാപകർ സർവപിന്തുണയും സ്‌നേഹത്തോടെയുള്ള ശാസനയായതോടെ സമ്മാനങ്ങൾ ഒട്ടേറെ വാരിക്കൂട്ടാൻ അനഘയ്‌ക്കായി. വൈലോപ്പിള്ളിയും ഇടശേരിയുമൊക്കെയാണ് അനഘയ്‌ക്കിഷ്ടമുള്ള പഴയ തലമുറയിലെ എഴുത്തുകാർ. പുതിയ തലമുറയിലേക്ക് എത്തുമ്പോൾ അത് മോഹനകൃഷ്ണൻ കാലടിയും റഫീക്ക് അഹമ്മദും എസ് വിജയലക്ഷിയുമൊക്കെയാണ്.
പാലാ ശക്തിവിലാസം എൻ.എസ്.എസ് സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കിടങ്ങൂർ എൻ.എസ്.എസ്.എച്ച്.എസ്.എസിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ് തിരുവനന്തപുരം സർക്കാർ വിമെൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. ചങ്ങനാശേരി കോളേജിലായിരുന്നു ബിരുദാനന്തര ബിരുദം. ഇപ്പോൾ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി സ്‌കൂൾ ഒഫ് ലെറ്റേഴ്സിൽ പഠിക്കുകയാണ് അനഘ. അതിനോടൊപ്പം പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന തന്റെ പുതിയ രണ്ട് പുസ്‌തകങ്ങളായ ' മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി"എന്ന കവിതാസമാഹാരത്തിന്റേയും 'കുരുകുരുത്തം" എന്ന കഥാസമാഹാരത്തിന്റേയും പണിപ്പുരയിലാണ് അനഘയിപ്പോൾ.
ആകാശവാണിയുടെ യുവവാണി അവാർഡ്, അങ്കണം കവിതാ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ അനഘയെ തേടിയെത്തിയിട്ടുണ്ട്. 51 കവിതകൾ ഉൾപ്പെടുത്തി കാവ്യാമൃതം എന്ന കാവ്യാലാപന സി.ഡിയും പുറത്തിറക്കിയിട്ടുണ്ട്. അജ്ഞന, അർച്ചന എന്നിവരാണ് അനഘയുടെ സഹോദരിമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |