SignIn
Kerala Kaumudi Online
Monday, 02 September 2024 9.59 AM IST

യുദ്ധത്തിന് ഉത്തരം മൂന്നു വാക്കിൽ!

Increase Font Size Decrease Font Size Print Page
amruthakiranam

നമ്മുടെ ലോകം യുദ്ധം കൊണ്ടും അക്രമംകൊണ്ടും എന്നും സംഘർഷഭരിതമാണ്. ലോകശാന്തിക്കായി എത്രയോ മഹാന്മാർ പ്രയത്നിച്ചിട്ടുണ്ട്. ഇന്നും പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ലോകത്തിന്റെ സ്ഥിതിക്ക് കാര്യമായ വ്യത്യാസമൊന്നും വന്നതായി കാണുന്നില്ല. യുദ്ധവും സംഘർഷങ്ങളും ദുരിതവും പട്ടിണിയും തുടരുന്നു. ഇതിന് ശാശ്വത പരിഹാരം എന്നെങ്കിലും ഉണ്ടാവുമോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്. ലോകത്തു കാണുന്ന യുദ്ധവും സംഘർഷവുമെല്ലാം മനുഷ്യമനസിനുള്ളിലെ തിന്മയുടെയും സംഘർഷത്തിന്റെയും പ്രകടഭാവങ്ങളാണ്.

യഥാർത്ഥത്തിൽ,​ മനസ് നമ്മുടെ അനുസരണയുള്ള സേവകനാകണം. എന്നാൽ, അത് യജമാനനായിത്തീർന്ന് നമ്മെ ഭരിക്കുകയാണ്. ബാഹ്യലോകത്തുള്ള എല്ലാ നശീകരണ ആയുധങ്ങളെക്കാളും എത്രയോ മടങ്ങ് മാരകമാണ് മനുഷ്യമനസിലെ വെറുപ്പും വിദ്വേഷവും ക്രൂരതയും. ഈ ദുർവികാരങ്ങളെ ഇല്ലാതാക്കാത്തിടത്തോളം ലോകത്ത് യുദ്ധവും സംഘർഷവും അക്രമവും അനീതിയും തുടർക്കഥയാകും.


ഒരു വാനമ്പാടി മരക്കൊമ്പിലിരുന്ന് സന്തോഷത്തോടെ പാടുകയായിരുന്നു. അപ്പോൾ ഒരു വേടൻ അതിനെ പിടിച്ച് കൊല്ലാനൊരുങ്ങി. വാനമ്പാടി ദൈന്യതയോടെ വേടന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു: 'ദയവായി എന്നെ കൊല്ലരുത്, എന്നെ വിടൂ...."വാനമ്പാടിയുടെ ദയനീയമായ അപേക്ഷ കേട്ട് വേടന്റെ മനസലിഞ്ഞു. ആർക്കും ഒരു ഉപദ്രവവും ചെയ്യാതെയും എല്ലാവരെയും സന്തോഷിപ്പിച്ചും ഉല്ലാസത്തോടെ പാറിപ്പറന്നു
ജീവിക്കുന്ന വാനമ്പാടിയും,​ ഹീനവും ക്രൂരവുമായ ജീവിതം നയിക്കുന്ന താനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വേടൻ ഒരു നിമിഷം ബോധവാനായി.

അയാൾ വാനമ്പാടിയോടു പറഞ്ഞു: 'ഞാൻ നിന്നെ വെറുതെ വിടാം. എന്നാൽ ഒരു നിബന്ധനയുണ്ട്. നിന്റെ സന്തോഷത്തിന്റെ രഹസ്യമെന്താണെന്ന് നീ പറഞ്ഞുതരണം." വാനമ്പാടി പറഞ്ഞു: 'എനിക്ക് നിന്നെ ഭയമാണ്. ആദ്യം നീ എന്നെ മോചിപ്പിക്കൂ. എന്റെ സന്തോഷത്തിന്റെ രഹസ്യം അപ്പോൾ ഞാൻ നിന്നോടു പറയാം." വേടൻ പക്ഷിയെ മോചിപ്പിച്ചു. വേടന്റെ കൈകളിൽനിന്ന് പറന്നകലുമ്പോൾ വാനമ്പാടി വിളിച്ചു പറഞ്ഞു:

'നിന്റെ ദുഃഖത്തിനും ദുരിതത്തിനും കാരണം നിന്നിലെ തിന്മയാണ്. നിന്റെ ഹൃദയത്തിൽ ക്രൂരതയുടെ ഇരുൾ നിറഞ്ഞിരിക്കുകയാണ്. എന്നാൽ,​ ഞങ്ങൾ ആരെയും ദുഃഖിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാറില്ല. ഞങ്ങൾ സ്‌നേഹത്തിന്റെ ഗാനമാണ് ആലപിക്കുന്നത്. ഞങ്ങളുടെ ഹൃദയത്തിലെ നന്മയാണ് ഞങ്ങളുടെ സന്തോഷത്തിന്റെ രഹസ്യം." വാനമ്പാടിയുടെ വാക്കുകൾ വേടന്റെ കണ്ണു തുറപ്പിച്ചു. അവൻ തിന്മയുടെ മാർഗം വെടിഞ്ഞ് സ്‌നേഹത്തിലും കാരുണ്യത്തിലും അടിയുറച്ച പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു.

മറ്റുള്ളവരുടെ ദുഃഖവും ദുരിതവും കാണുമ്പോൾ നമ്മുടെ ഹൃദയം അലിയണം. മനസിലെ കാരുണ്യം പ്രവൃത്തികളിൽ പ്രതിഫലിക്കണം. ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒറ്റവാക്കിൽ ഒരുത്തരമുണ്ടെങ്കിൽ അത് കാരുണ്യമാണ്. രണ്ടു വാക്കിൽ പറയുകയാണെങ്കിൽ കാരുണ്യവും സ്‌നേഹവും. മൂന്നു
വാക്കിലാണെങ്കിൽ കാരുണ്യം,​ സ്‌നേഹം, ക്ഷമ. വ്യക്തിമനസുകളിൽ നന്മ നിറഞ്ഞാൽ യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും അറുതിയുണ്ടായി,​ ലോകത്ത് ശാന്തിയും സമാധാനവും പുലരും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.