അഗ്നിപഥ് തുടരും
ന്യൂഡൽഹി: ചതിയിലൂടെ അതിർത്തിയിൽ നുഴഞ്ഞു കയറിയ പാകിസ്ഥാന്റെ ഭീകരതയ്‌ക്കെതിരെ സത്യവും കരുത്തും നേടിയ വിജയമാണ് കാർഗിൽ ജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിലിൽ അടക്കം ഭീകരവാദം പരാജയപ്പെട്ടിട്ടും പാകിസ്ഥാൻ പഠിച്ചില്ല.
കാർഗിൽ വിജയത്തിന്റെ 25-ാം വാർഷികത്തിൽ ദ്രാസിൽ ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. ലഡാക്കിൽ 15,800 അടി ഉയരത്തിൽ നിർമ്മിക്കുന്ന 4.1 കിലോമീറ്റർ ഷിങ്കുൻ ലാ തുരങ്കത്തിനും അദ്ദേഹം തുടക്കം കുറിച്ചു.
ഇന്ത്യയുടെ സമാധാന ശ്രമങ്ങൾക്കിടെയാണ് കാർഗിലിൽ പാകിസ്ഥാൻ വഞ്ചന കാട്ടിയത്. അസത്യവും ഭീകരതയും സത്യത്തിനു മുന്നിൽ മുട്ടുമടക്കി.
ഭീകരവാദം ഏറ്റുപിടിച്ച പാകിസ്ഥാൻ പരാജയപ്പെട്ടു. എന്നിട്ടും പാഠം പഠിക്കാതെ ഭീകരവാദവും നിഴൽയുദ്ധങ്ങളും തുടരുകയാണ്. ഭീകരരുടെ ലക്ഷ്യങ്ങൾ നടക്കില്ല. നമ്മുടെ ധീരജവാന്മാർ അതിനെ ചവിട്ടിമെതിക്കും.
രാജ്യത്തിനു വേണ്ടിയുള്ള ത്യാഗങ്ങൾ അനശ്വരമാണെന്ന് കാർഗിൽ വിജയദിനം ഓർമ്മിപ്പിക്കുന്നു. മാതൃരാജ്യത്തെ രക്ഷിക്കാൻ ജീവൻ സമർപ്പിച്ചവരെ കാലത്തിന് മായ്‌ക്കാനാകില്ല. ധീര പുത്രന്മാരെ അഭിവാദ്യം ചെയ്യുന്നു. കാർഗിൽ യുദ്ധകാലത്ത് സൈനികർക്കൊപ്പം താനുണ്ടായിരുന്നു. ഇത്രയും ഉയരത്തിൽ അവർ നടത്തിയ ഓപ്പറേഷൻ അദ്‌ഭുതമാണ്.
ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ബ്രിഗേഡിയർ (ഡോ.) ബി.ഡി. ശർമ, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ, സേനാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
അഗ‌്‌നിപഥ് തുടരും
പ്രതിപക്ഷത്തിന്റെ പരാതികൾക്കിടയിലും അഗ്‌നിപഥുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാനും സദാ യുദ്ധസജ്ജരാക്കി നിർത്താനുമാണ് അഗ്‌നിപഥ് . അത് രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കും. കഴിവുള്ള യുവജനങ്ങളെ ലഭ്യമാക്കും. സ്വകാര്യമേഖലയിലും അർദ്ധസൈനിക വിഭാഗത്തിലും അഗ്‌നിവീരന്മാർക്ക് മുൻഗണനയുണ്ട്.
അഗ്നിപഥ് പെൻഷൻ ഭാരം കുറയ്ക്കാനാണെന്ന ആരോപണം പ്രധാനമന്ത്രി തള്ളി. ഇന്ന് റിക്രൂട്ട് ചെയ്യുന്ന സൈനികരുടെ പെൻഷൻ ബാദ്ധ്യത 30 വർഷത്തിന് ശേഷമാണ് വരിക. അഗ‌്നിപഥിന്റെ പേരിൽ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവർ സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടായിട്ടും രക്തസാക്ഷി സ്‌മാരകം നിർമ്മിച്ചില്ല.. അതിർത്തിയിലെ സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകിയില്ല. കാർഗിൽ വിജയ് ദിവസത്തെ അവഗണിച്ചു. ഒറ്ററാങ്ക് ഒറ്റ പെൻഷൻ നടപ്പാക്കിയത് എൻ.ഡി.എ സർക്കാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |