പാരീസ്: തിമിർത്ത് പെയ്ത മഴയേയും നിഷ്പ്രഭമാക്കി, സെൻ നദിയിലും തീരത്തും ലോകത്തെ വിസ്മയിപ്പിച്ച അദ്ഭുത കാഴ്ചകളൊരുക്കി ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് പാരീസിൽ കേളികൊട്ടുയർന്നു. കലയുടെയും രാഷ്ട്രീയത്തിന്റെയും വിപ്ലവത്തിന്റെയുമെല്ലാം വിളനിലമായ ഫ്രാൻസ് വേദിയാകുന്ന മൂന്നാം ഒളിമ്പിക്സിന്റെ ഉദ്ഘാനച്ചടങ്ങ് ഫ്രഞ്ച് സാംസ്കാരിക തനിമ വിളിച്ചോതുന്നതായിരുന്നു.
വ്യവസായ വിപ്ലവവും ലൂമിയർ സഹോദരൻമാരുമുൾപ്പെട്ട മിന്നിമറിഞ്ഞ ഉദ്ഘാടന പരിപാടികളിൽ ഫ്രാൻസിലെ 10 ചരിത്ര വനിതകൾക്കും ആദരം നൽകി. ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുൻപ് അതിവേഗ ട്രെയിൻ ഗതാഗത ശൃംഖല അക്രമികൾ താറുമാറാക്കിയതിനെ തുടർന്നുള്ള അനിശ്ചിതത്വങ്ങൾക്ക് നടുവിലാണ് ഒളിമ്പിക്സിന് കേളികൊട്ടുയർന്നതെങ്കിലുംഉദ്ഘാടന പരിപാടികളെ ബാധിച്ചില്ല. ഒരുലക്ഷത്തോളം ആളുകളാണ് ഒഴുകിയെത്തിയത്.
ഇനിയുള്ള പതിനാറ് ദിവസങ്ങൾ ഈഫലിന്റെ ചുവട്ടിൽ കായിക ലോകത്ത് പുത്തൻ കാഹളനാദങ്ങളുയരും. വാണവരും വീണവരും ചരിത്രമാകുന്ന മഹാപോരാട്ടത്തിന്റെ കൊട്ടിക്കലാശം ആഗസ്റ്റ് 11നാണ്.
മെഡൽ പോരാട്ടം ഇന്നുമുതൽ
റഗ്ബി, ഫുട്ബാൾ,അമ്പെയ്ത്ത് പോപോലുള്ള മത്സരങ്ങളുടെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നെങ്കിലും ഇന്നാണ് വേദികളെല്ലാം ഉണരുന്നത്. മെഡൽ പോരാട്ടം ഇന്ന്മുതലാണ്. 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലെ വിജയികളാകും ഇത്തവണത്തെ ആദ്യ മെഡലുകൾക്ക് അവകാശികളാകുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മുതലാണ് മെഡലിനായുള്ള 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഫൈനൽ മത്സരം.
ഫ്രാൻസിൽ ട്രെയിൻ
ശൃംഖലയിൽ തീവയ്പ്
പാരിസ്: ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഫ്രാൻസിൽ വ്യാപകമായി നടന്ന തീവയ്പ്പിലും ആക്രമണങ്ങളിലും അതിവേഗ ട്രെയിൻ ശൃംഖല സ്തംഭിച്ചു.
ഒളിമ്പിക്സ് അലമ്പാക്കുക എന്ന ലക്ഷ്യത്തോടെ അക്രമികൾ ട്രെയിനുകൾ ആക്രമിക്കുകയായിരുന്നു. പിന്നിൽ ആരെന്ന് വ്യക്തമല്ല. അന്വേഷണം തുടങ്ങി. ഒളിമ്പിക്സ് സുരക്ഷ കൂടുതൽ ശക്തമാക്കി.
പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രിയാണ് അതിവേഗ ടി.വി.ജി ട്രെയിൻ ശൃംഖലയിൽ തീവയ്പ്പുണ്ടായത്. പാരീസുമായി ബന്ധിപ്പിക്കുന്ന ഫ്രാൻസിന്റെ കിഴക്ക്, വടക്ക്, തീരദേശ മേഖലകളിലെ ട്രെയിൻ ശൃംഖലയിൽ ആസൂത്രിതമായി തീവയ്ക്കുകയായിരുന്നു. ലൈൻ നോഡുകളും ലോക്കോ ഡ്രൈവർമാർക്ക് സുരക്ഷാ വിവരങ്ങൾ എത്തിക്കുന്ന ഫൈബർ ഒപ്റ്റിക് കേബിളുകളും മറ്റ് സംവിധാനങ്ങളും പാരീസിൽ നിന്ന് പ്രധാന നഗരങ്ങളിലേക്കുള്ള ലൈനുകളിലെ സിഗ്നൽ ബോക്സുകളും കത്തിച്ചു. ട്രെയിൻ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തു. ആയിരക്കണക്കിന് പേർ റെയിൽവേ സ്റ്റേഷനുകളിൽ കുടുങ്ങി. ഒറ്റ ദിവസം രാജ്യത്താകെ രണ്ടര ലക്ഷത്തോളം പേരുടെ യാത്ര തടസപ്പെട്ടു. അന്താരാഷ്ട്ര ഹൈസ്പീഡ് ട്രെയിൻ സർവീസായ യൂറോസ്റ്റാറിന്റെ നാലിലൊന്ന് ട്രെയിനുകൾ റദ്ദാക്കി. ഇതോടെ ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒളിമ്പിക്സിന് എത്തുന്നവരുടെ യാത്ര മുടങ്ങി.
നൂറുകണക്കിന് തൊഴിലാളികൾ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിച്ചെങ്കിലും പഴയ നിലയിലെത്താൻ ഒരാഴ്ച വേണ്ടി വരും. അതുവരെ എട്ട് ലക്ഷത്തോളം പേരുടെ യാത്ര തടസ്സപ്പെട്ടേക്കും. യാത്രകൾ മാറ്റിവയ്ക്കണമെന്നും റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്നും സർക്കാർ റെയിൽവേ ഏജൻസി എസ്.എൻ.സി.എഫ് അഭ്യർത്ഥിച്ചു.
ഒളിമ്പിക്സ് ഉദ്ഘാടനം കാണാൻ വിദേശരാജ്യങ്ങളിൽ നിന്ന് ആളുകൾ പാരീസിലേക്ക് സഞ്ചരിക്കുമ്പോൾ നടന്ന ആക്രമണം അതീവ ഗൗരവത്തോടെയാണ് ഫ്രാൻസ് കാണുന്നത്.
റഷ്യയെ സംശയം
റഷ്യ പാരീസ് ഒളിമ്പിക്സിനെ ഉന്നമിടുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ ആരോപിച്ചിരുന്നു. ഒളിമ്പിക്സ് അലങ്കോലമാക്കാൻ പദ്ധതിയിട്ടതായി ആരോപിച്ച് ഒരു റഷ്യൻ പൗരനെ കഴിഞ്ഞ ദിവസം ഫ്രഞ്ച് പൊലീസ് പാരീസിൽ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |