കോഴിക്കോട്: കടൽക്കാറ്റേറ്റ് കോഴിക്കോടൻ രുചി ആവോളം നുകരാം. കോഴിക്കോടിന്റെ പരമ്പരാഗത രുചിയും ഗുണനിലവാരവുമുള്ള ഭക്ഷണം ശുചിത്വ പൂർണമായ അന്തരീക്ഷത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ബീച്ചിൽ സ്ഥാപിക്കുന്ന വെൻഡിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് നവംബറിൽ യാഥാർത്ഥ്യമാകും. മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ബീച്ച് ആശുപത്രിക്ക് എതിർവശത്തുള്ള ബീച്ചിൽ മണലെടുത്ത് വണ്ടികൾ ഉറപ്പിച്ച് നിർത്താനുള്ള പ്ലാറ്റ്ഫോം ഒരുക്കുന്ന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഇവ പൂർത്തിയായാൽ കച്ചവടക്കാർക്കുള്ള ഒരേ മാതൃകയിലുള്ള 90 ബങ്കുകളുടെ നിർമ്മാണവും ആരംഭിക്കും. പിന്നീട് വെളിച്ചം, ശുദ്ധജലം, മാലിന്യ സംസ്കരണം തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും. കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഫെബ്രുവരിയിലാണ് ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി എം.ബി രാജേഷ് നിർവഹിച്ചത്.
പദ്ധതി ഇങ്ങനെ
ഉന്തുവണ്ടികൾക്ക് മാത്രമായി ബീച്ചിൽ പ്രത്യേക മേഖലയൊരുക്കുന്ന വെൻഡിംഗ് സോൺ പദ്ധതിക്കൊപ്പം മോഡേൺ ഫുഡ് സ്ട്രീറ്റ് ഹബ് കൂടി നടപ്പാക്കുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം, കോർപ്പറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നട പ്പാക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പും ദേശീയ ആരോഗ്യദൗത്യവും തദ്ദേശസ്ഥാപനവുമായി ചേർന്ന് ഫുഡ് ഹബ് ഒരുക്കുന്നതായിരുന്നു കേന്ദ്രപദ്ധതി. പിന്നീട് കോർപ്പറേഷന്റെ വെൻഡിംഗ് സോൺ പദ്ധതിക്കൊപ്പം ചേർത്ത് ഒറ്റ പദ്ധതിയായി നടപ്പാക്കുകയായിരുന്നു. 4.06കോടിയാണ് പദ്ധതിച്ചെലവ്. 2.41 കോടി എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായും ഒരു കോടി രൂപ ഫുഡ് സേഫ്റ്റി വകുപ്പും ബാക്കി തുക കോർപ്പറേഷനുമാണ് വഹിക്കുന്നത്.
പ്രത്യേകതകൾ
@ ഒരേ മാതൃകയിൽ ഒരേ നിരയിൽ 90 വണ്ടികൾ സജ്ജമാക്കും
@ കുടിവെള്ളം, വെെദ്യുതി
@ മലിനജലസംസ്കരണത്തിന് എസ്.ടി.പി
@ വാഹനങ്ങൾക്ക് പ്രത്യേകം നമ്പർ
@ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം
നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. മൂന്ന് മാസം കൊണ്ട് മുഴുവൻ പണികളും തീർത്ത് ഫുഡ് സ്ട്രീറ്റ് ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പി.ദിവാകരൻ,
കോർപ്പറേഷൻ ക്ഷേമകാര്യ സമിതി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |