SignIn
Kerala Kaumudi Online
Wednesday, 15 January 2025 2.23 PM IST

'ആ നെല്ലിമരം പുല്ലാണ്'; രജനി പാലാംപറമ്പിലിന്റെ ആദ്യ പുസ്‌തകം ഇനി സർവകലാശാല വിദ്യാർത്ഥികൾ പഠിക്കും

Increase Font Size Decrease Font Size Print Page
rajani-palamparambil

'ഒരുവട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലർത്തുവാൻ മോഹം' പഠനകാലം ഓർക്കുന്ന മിക്കവാറും പേരുടെയും മനസിൽ ഓടിവരുന്ന വരികളാണിത്. എന്നാൽ ആ നെല്ലിമരം ഒരാളുടെ മനസിൽ വെറും പുല്ലാണെങ്കിലോ? കോട്ടയം കടുത്തുരുത്തി സ്വദേശിയായ രജനി പാലാംപറമ്പിലിന് സ്‌കൂൾ ഓർമ്മകൾ സമ്മാനിച്ചത് കയ്പ്പുനീരാണെങ്കിലും ഇന്ന് തന്റെ ആദ്യ പുസ്‌തകം തന്നെ പാഠപുസ്‌തകമായ നേട്ടത്തിന്റെ നെറുകയിലാണ് ഈ യുവതി.

രജനി എഴുതിയ ആ നെല്ലിമരം പുല്ലാണ് എന്ന ആത്മകഥ എം ജി സർവകലാശാലയുടെ ബി എ മലയാളം സിലബസിൽ ഇടംനേടിയിരിക്കുകയാണ്. താൻ നേരിട്ട ദുരനുഭവങ്ങൾ ബിരുദവിദ്യാർത്ഥികളുടെ മുന്നിൽ തുറന്ന പുസ്‌തകമായി മാറുന്നതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ കോട്ടയംകാരി.

ജാതിയുടെ പേരിൽ വിവേചനങ്ങളും അധിക്ഷേപങ്ങളും നിറഞ്ഞതായിരുന്നു രജനി പി കെ എന്ന രജനി പാലാംപറമ്പിലിന്റെ കുട്ടിക്കാലം. ദളിത് സമുദായത്തിൽ ജനിച്ച രജനിയുടെ കുട്ടിക്കാലം പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു. ഇതിന് മേമ്പൊടിയായി ജാതി വിവേചനങ്ങളും. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ ആറുമക്കളിൽ ഇളയവളാണ് രജനി. മഴക്കാലത്ത് വെള്ളം കയറുന്ന വീട്ടിലാണ് രജനി വളർന്നത്. മാതാപിതാക്കളും രജനിയടക്കമുള്ള മക്കളും കുട്ടിക്കാലം മുതൽതന്നെ ജോലിക്ക് പോയി ആണ് കുടുംബം പുലർന്നിരുന്നത്.

ദളിത് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ അദ്ധ്യാപകർ തിരിഞ്ഞുപോലും നോക്കാറില്ലെന്ന് രജനി തന്റെ പുസ്‌തകത്തിൽ പറയുന്നു. അവർണ വിഭാഗത്തിലെ അദ്ധ്യാപകരും സവർണ ജാതിക്കാരായ അദ്ധ്യാപകരിൽ നിന്ന് മാറ്റിനിർത്തലുകൾ നേരിട്ടിരുന്നു. രജനിയെന്ന പേരിന് പകരം കറുമ്പിയെന്ന് വിളിച്ച അദ്ധ്യാപകർ. താഴ്ന്ന ജാതിയിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്റ്റൈപന്റിന്റെ പേരിൽ പോലും കളിയാക്കലുകൾ.

ഉയർന്ന ജാതിക്കാരുടെ പറമ്പിലൂടെ നടക്കുമ്പോൾ കേട്ടിരുന്ന പഴിവാക്കുകൾ. പിന്നീട് കോളേജിലെത്തിയപ്പോഴും നിറത്തിന്റെയും ജാതിയുടെയും പേരിൽ അവഗണനകൾ. ഹോസ്റ്റലിൽ അവർണ ജാതിക്കാർക്ക് നൽകിയിരുന്നത് ദുർഗന്ധം വമിക്കുന്ന ടോയ്‌ലറ്റിനോട് ചേർന്നുള്ള മുറികൾ. രണ്ടാമത് ഭക്ഷണം ചോദിച്ചാൽ കേൾക്കാത്ത മട്ടിൽ നിൽക്കുന്ന ഹോസ്റ്റൽ ജീവനക്കാർ. എന്നാലിത് രജനിയെന്ന ഒരൊറ്റ വ്യക്തിയുടെ മാത്രം അനുഭവങ്ങളല്ല,​ ദളിതരായി,​ അവർണ ജാതിക്കാരായി ജനിച്ച 90 ശതമാനംപേരുടേതും സമാന ജീവിതാനുഭവങ്ങളാണ് രജനി തന്റെ ആത്മകഥയിൽ തുറന്നെഴുതിയിരിക്കുന്നത്.

2021ലാണ് രജനി തന്റെ ആത്മകഥ എഴുതിയത്. ഫേസ്‌ബുക്കിലും മറ്റും എഴുതിയിരുന്ന കവിതകൾക്കും മറ്റ് എഴുത്തുകൾക്കും കിട്ടിയ അഭിനന്ദനങ്ങളാണ് ആത്മകഥയെഴുതാൻ പ്രചോദനമായതെന്ന് രജനി പറയുന്നു. ഒരു ഓൺലൈൻ മാഗസിനുവേണ്ടി സ്‌കൂൾ അനുഭവങ്ങളെക്കുറിച്ച് എഴുതിയ ലേഖനം കണ്ട് ഗൂസ്‌ബെറി ബുക്‌സ് സമീപിക്കുകയായിരുന്നു. ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സ്ത്രീകളടക്കം വിളിക്കുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് പുസ്തകമാക്കാനുള്ള തരത്തിൽ എഴുതിക്കൂടെയെന്ന് പ്രസാധകർ ചോദിച്ചു. 'ഞാനൊരു സാധാരണ വീട്ടമ്മയാണ്. സാഹിത്യപരമായ എഴുത്തൊന്നും പരിചയമില്ലായിരുന്നു. എന്നാലും എന്റെ ഭാഷയിൽ എഴുതുകയായിരുന്നു. അത് കുറെയാളുകൾ വായിക്കുകയും പുസ്‌തകം സ്വീകരിക്കുകയും ചെയ്തു'- രജനി പറയുന്നു.

'ആ നെല്ലിമരം പുല്ലാണ് എന്ന തലക്കെട്ട് ഒരു സുഹൃത്താണ് നിർദേശിച്ചത്. വിദ്യാഭ്യാസ കാലത്തെക്കുറിച്ച് എല്ലാവർക്കും ഒരു നൊസ്റ്റാൾജിയ ഉണ്ടാവും. ഒഎൻവിയുടെ വരികളിൽ തന്നെ അത് പറയുന്നുണ്ട്. പലർക്കും സ്‌കൂൾ കാലത്തേയ്ക്ക് തിരിച്ചുപോയി ആ നെല്ലിമരം ഉലർത്തി മധുരം നുണയാൻ ആഗ്രഹമുണ്ടാവും. എന്നാൽ എന്നെപ്പോലുള്ള സ്ത്രീകൾക്ക് തിരിച്ചുപോയി ആ നെല്ലിമരം ഉലർത്താനും മധുരം നുണയാനുമുള്ള അനുഭവങ്ങളില്ല. അങ്ങനെയാണ് പുസ്‌തകത്തിന് ആ പേര് നൽകിയത്. ഒരു ദളിത് കുട്ടിയെ എങ്ങനെയാണ് അവളുടെ സ്‌കൂളും കോളേജും സ്വീകരിച്ചത് എന്നതിന്റെ ഓർമ്മകളാണ് ആ തലക്കെട്ടിന് പിന്നിൽ'- രജനി വ്യക്തമാക്കി.

പുസ്‌തകം എഴുതിയതിന് ശേഷം ജീവിത സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചില്ലെങ്കിലും നിരവധി അംഗീകാരങ്ങൾ ലഭിച്ചുവെന്ന് രജനി പറയുന്നു.

'പൊതുയിടത്തിൽ എന്റെ പുസ്‌തകം സ്വീകരിക്കപ്പെട്ടു. അതിൽ സന്തോഷമുണ്ട്. നിരവധിയാളുകൾ വിളിച്ച് അവരൊക്കെ തന്റെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. അഭിനന്ദനങ്ങൾ അറിയിച്ചു. ഞാനൊരു സാധാരണ സ്ത്രീയുടെ പ്രതിനിധിയാണ്. പുസ്‌തകം പുറത്തിറങ്ങിയതിനുശേഷം പലരും എന്നെ തിരിച്ചറിയാനും മനസിലാക്കാനും തുടങ്ങി. എന്നാൽ സമൂഹത്തിൽ ഇപ്പോഴും ജാതീയത വച്ചുപുലർത്തുന്നവരുണ്ട്.

ഞാൻ ആദ്യമായി എഴുതിയ പുസ്‌തകം പാഠപുസ്തകമായി തിരഞ്ഞെടുത്ത് എന്നറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ തോന്നിയില്ല. എനിക്ക് മുന്നിൽ വലിയ എഴുത്തുകാരുണ്ട്. എന്നിരുന്നാലും എന്റെ പുസ്തകം തിരഞ്ഞെടുത്തതിൽ വലിയ സന്തോഷമുണ്ട്. പുസ്‌തകം വായിച്ച് എന്റെ സഹോദരൻ പൊട്ടിക്കരഞ്ഞു.

പുസ്തകം എംജി സർവകലാശാലയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ ഓർത്തത് അച്ഛനും അമ്മയെയുമാണ്. മഴക്കാലങ്ങളിൽ പുതയ്ക്കാൻ അമ്മ തന്റെ ഒറ്റമുണ്ട് പറിച്ചുനൽകുമായിരുന്നു. അച്ഛൻ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനം തോന്നുന്ന വ്യക്തിയാണ്. അച്ഛനും അമ്മയും ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അഭിമാനിക്കുമായിരുന്നെന്ന് സഹോദരൻ പറഞ്ഞു'- രജനി പറഞ്ഞു.

ഒന്നാം ക്ളാസ് മുതൽ പത്തുവരെ കടുത്തുരുത്തി സർക്കാർ ഹൈസ്‌കൂളിലാണ് രജനി പഠിച്ചത്. തലയോലപ്പറമ്പ് ഡിബി കോളേജിൽ നിന്ന് പ്രീഡിഗ്രിയും ചങ്ങനാശേരി എൻഎസ്‌എസ് കോളേജിൽ നിന്ന് ഡിഗ്രിയും പൂ‌ർത്തിയാക്കി. സിഎംഎസ് കോളേജിൽ എംഎ സോഷ്യോളജിക്ക് ചേർന്നെങ്കിലും 22ാം വയസിൽ വിവാഹിതയായതോടെ പഠനം നിലച്ചു. പിന്നീട് മകൾ ജനിച്ചതിനുശേഷമാണ് മൗണ്ട് കാർ‌മലിൽ നിന്ന് ബിഎഡ് ചെയ്തത്. ഭർത്താവ് മോഹനൻ മരിച്ചതിനുശേഷം എസ് സി പ്രൊമോട്ടർ അടക്കം നിരവധി താത്‌കാലിക തൊഴിലുകൾ ചെയ്തു. പി എസ് സി പരീക്ഷയിൽ രണ്ട് റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടെങ്കിലും ജോലി കിട്ടിയില്ല. മെഡിക്കൽ ഷോപ്പിൽ കാഷ്യറായി ജോലി ചെയ്തെങ്കിലും കൊവിഡ് കാലത്ത് അതും നഷ്ടമായി.

rajani-palamparambil

സമാനകളില്ലാത്ത ദുരനുഭവങ്ങൾ നേരിട്ടിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ രജനി ഇപ്പോഴും ഓട്ടത്തിലാണ്. റീസർവേയിലാണ് രജനി ജോലി ചെയ്യുന്നത്. എംപ്ളോയ്‌മെന്റിലൂടെ ലഭിച്ച ജോലിയാണിത്. അമ്മയ്ക്ക് പിന്തുണയുമായി മകൾ അപർണയും മകൻ അനന്തുവും ഒപ്പമുണ്ട്. മകൾ പിജി പഠനം പൂർത്തിയാക്കി. മകൻ പ്ളസ് ടു പഠനവും പൂർത്തിയാക്കിയിരിക്കുകയാണ്.

പ്രത്യക്ഷത്തിൽ ജാതി വിവേചനം ഇപ്പോഴില്ലെന്ന് രജനി പറയുന്നു. 'പരോക്ഷമായി സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ജാതിയുടെ അംശങ്ങൾ എല്ലായിടത്തുമുണ്ട്. ഒരാളെ തളർത്താൻ പല കാരണങ്ങളും ഉണ്ടാവും. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ മുന്നേറാൻ ശ്രമിക്കണം. ദളിതർ വളരെയധികം സാമ്പത്തിക ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. സാമ്പത്തിക ഭദ്രത ഉറപ്പാക്കേണ്ടത് വളരെ അനിവാര്യമാണ്'- രജനി പാലാംപറമ്പിൽ പറഞ്ഞു.

നിലവിൽ ചെറുകഥകൾ എഴുതുകയാണ് രജനി. നോവൽ എഴുതാനുള്ള ശ്രമത്തിലുമാണെന്ന് രജനി വെളിപ്പെടുത്തി. നോവൽ എഴുതുന്നത് സങ്കീർണമായ കാര്യമാണ്. അതിനാൽ തന്നെ വളരെയധികം പഠനം ആവശ്യമാണെന്നും രജനി പറഞ്ഞു.

TAGS: RAJANI PALAMPARAMBIL, AA NELLIMARAM PULLANU, AUTOBIOGRAPHY, MG UNIVERSITY, BA MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.