തിരുവനന്തപുരം ; മുൻ എൽ.ഡി,എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കോട്ടയം എസ്.പിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഡി.സി ബുക്സും ഇ.പിയും തമ്മിൽ ധാരണാ പത്രം ഇല്ലെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. ആത്മകഥയിലെ ഉള്ളടക്കങ്ങൾ എന്ന പേരിൽ ചില ഭാഗങ്ങൾ ചോർന്നത് ഡി.സി ബുക്സിൽ നിന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.സിയുടെ പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറിൽ നിന്നാണ് ഈ ഭാഗങ്ങൾ ചോർന്നത്. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്.പി ഡി.ജിപിക്ക് കൈമാറി. സംഭവത്തിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസം ആത്മകഥയിലെ ഉള്ളടക്കമെന്നനിലയിൽ ചില ഭാഗങ്ങൾ പ്രചരിച്ചതിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി. ഡി.ജി.പിക്ക് നേരത്തെ പരാതി സമർപ്പിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം എസ്.പിയെ അന്വേഷിക്കാൻ ഡി.ജി.പി. ചുമതലപ്പെടുത്തി. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ ഒരു റിപ്പോർട്ടും എസ്.പി. സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡി.ജി.പി മടക്കി അയക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കോട്ടയം എസ്.പി. സമർപ്പിച്ച രണ്ടാംഘട്ട റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
അതേസമയം ആത്മകഥാവിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന തന്നെയാണെന്ന് ഇ.പി. ജയരാജൻ ആവർത്തിച്ചു. സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ അന്വേഷണത്തിൽ പുറത്തുവന്നത്. ആത്മകഥയുടെ ചിലഭാഗങ്ങൾ എങ്ങനെയാണ് ചോർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ടെന്നും ഇ.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |