SignIn
Kerala Kaumudi Online
Thursday, 05 September 2024 1.39 AM IST

ആരോഗ്യ മേഖലയിൽ നവയുഗപ്പിറവി

Increase Font Size Decrease Font Size Print Page
health

പകർച്ചവ്യാധികളുടെ വ്യാപനവും മറ്റും കാരണം ആരോഗ്യരംഗത്ത് സംസ്ഥാനം നേരിടുന്ന സമാനതകളില്ലാത്ത വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ പ്രവർത്തന കാര്യക്ഷമതയ്ക്കും മികവിനുമുള്ള അംഗീകാരമായി ആരോഗ്യ, വനിതാ- ശിശുവികസന വകുപ്പിന് ദേശീയ തലത്തിൽ കൈവന്നത് ഇരുപത്തിയഞ്ചോളം ബഹുമതികളാണ്. ഈ മൂന്നു വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ ലഭ്യമാക്കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരവും കേരളത്തിനു തന്നെയായിരുന്നു. ആരോഗ്യ സേവനങ്ങൾ നല്കുന്നതിലും പൊതുജനാരോഗ്യ സൂചികകളെ മുന്നോട്ടു നയിക്കുന്നതിലും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്കുയരാൻ സാധിച്ചുവെന്നത് അഭിമാനകരമാണ്.

ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ചരിത്രത്തിലാദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. നിതി ആയോഗ് ആരോഗ്യ സുസ്ഥിര വികസന സൂചികയിൽ മൂന്നു വർഷമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രാജ്യത്ത് മാതൃ, ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നു മാത്രമല്ല, ഈ നിരക്കുകൾ ഓരോ വർഷവും നമ്മൾ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പാലിയേറ്റീവ് കെയർ രംഗത്ത് ലോകത്തിനു മാതൃകയാണ് കേരളത്തിന്റേതെന്ന് ലോകാരോഗ്യ സംഘടനയും അതേപ്പറ്റി പഠിച്ച ലാൻസറ്റ് കമ്മിഷന്റെ വിദഗ്ദ്ധ സംഘവും സാക്ഷ്യപ്പെടുത്തുന്നു.

ഏകാരോഗ്യ

സങ്കല്പം

ആർദ്രം മിഷന്റെ ആദ്യഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും സർക്കാർ ആശുപത്രികളിലെയും അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യം നൽകിയതെങ്കിൽ,​ രണ്ടാം ഘട്ടത്തിൽ രോഗാതുരത കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പകർച്ചവ്യാധി പ്രതിരോധത്തിന് വലിയ പ്രയത്നമാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നത്. പുതിയ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ഏകാരോഗ്യ സങ്കല്പത്തിൽ (വൺ ഹെൽത്ത്) അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കി വരുന്നു.

പകർച്ചവ്യാധികളുടെ ഉറവിടം കണ്ടെത്തുക, അവ നിയന്ത്രിക്കുക, അവയുമായി ബന്ധപ്പെട്ട നിയമ നടപടികൾ സ്വീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലെല്ലാം ഏകാരോഗ്യ സമീപനമാണ് സ്വീകരിക്കുന്നത്. മറ്റു വ്യാധികളുടെ കാര്യത്തിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി,​ ശൈലി ആപ്പ് വഴി പ്രാദേശിക തലത്തിൽത്തന്നെ രോഗികളെ സംവിധാനവുമായി കൂട്ടിയിണക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ആരോഗ്യവകുപ്പ് ഇപ്പോൾ ഏറ്റവുമധികം തുക ചെലവിടുന്നത് വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും,​ കാലതാമസം കൂടാതെ അവ കണ്ടെത്തുന്നതിനും,​ ചികിത്സ ലഭ്യമാക്കുന്നതിനുമാണ്.

മികവ് കൂട്ടാൻ

സാങ്കേതികവിദ്യ

ആരോഗ്യരക്ഷാ,​ ചികിത്സാ ദൗത്യങ്ങളെ നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. റോബോട്ടിക് സർജറി, ചലനശേഷി നഷ്ടപ്പെട്ടവരെ അതു വീണ്ടെടുക്കാൻ സഹായിക്കുന്ന ജി ഗൈറ്റർ, ബ്ലഡ് ബാഗ് ട്രീസബിലിറ്റി എന്നിവ ഉദാഹരണങ്ങളാണ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, അപൂർവ രോഗങ്ങൾക്കുള്ള സൗജന്യ മരുന്നു വിതരണം തുടങ്ങിയവ യാഥാർത്ഥ്യമാക്കാനും കഴിഞ്ഞു. ലോകം ഭീതിയോടെ ഉറ്റുനോക്കുന്ന രോഗാണുക്കളുടെ 'ആന്റിബിയോട്ടിക് അതിജീവന" പ്രതിഭാസത്തെ പ്രതിരോധിക്കുന്നതിന് കേരളം നടത്തിവരുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണ്.

മൂന്നു വർഷത്തിനിടെ 16.28 ലക്ഷം പേർക്കായി 4697 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് ആരോഗ്യവകുപ്പ് നല്കിയത്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ വഴി 2100 കോടിയിലധികം രൂപയുടെ മരുന്നുകൾ നല്കി. വിവിധ ജില്ലകളിലായി കാരുണ്യ ഫാർമസികൾ വഴി ഗുണനിലവാരമുള്ള ജനറിക് മരുന്നുകൾ കുറ‌ഞ്ഞ വിലയിൽ വിതരണം ചെയ്തു. അർബുദചികിത്സാ മരുന്നുകളുടെ ഭീമമായ വില കണക്കിലെടുത്ത് അത്തരം രോഗങ്ങളുടെ മരുന്നുകൾക്ക് അനുവദിച്ച തുക മൂന്നിരട്ടിയാക്കി. 40 ലക്ഷത്തോളം രൂപ ചെലവുവരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ യാഥാർത്ഥ്യമാക്കി. സർക്കാർ മേഖലയിൽ ആദ്യമായി റോബോട്ടിക് സർജറി അർബുദചികിത്സയ്ക്ക് ഉപയുക്തമായ രീതിയിൽ ആർ.സി.സിയിലും മലബാർ കാൻസർ സെന്ററിലും സജ്ജമാക്കാൻ കഴിഞ്ഞതും ചാരിതാർത്ഥ്യജനകമാണ്.

ശസ്ത്രക്രിയാ

സൗകര്യങ്ങൾ

മെഡി. കോളേജ് ആശുപത്രികളിലും കോർപറേറ്റ് ആശുപത്രികളിലും മാത്രം ലഭ്യമായിരുന്ന ഹൃദയ ശസ്ത്രക്രിയകൾ, ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ,​ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നിവ രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ- എറണാകുളം ജനറൽ ആശുപത്രിയിൽ- ആരംഭിച്ചു. താമസിയാതെ മറ്റ് ആശുപത്രികൾക്കും ഈ മാതൃക പിന്തുടരാനാകും. ഗുരുതരമായി പരിക്കേറ്റവരെ സംസ്ഥാനത്തിന്റെ ഏതു കോണിൽ നിന്നും ഒരു മണിക്കൂറിനകം എത്തിക്കാനാകുന്ന തരത്തിൽ ട്രോമാ കെയർ സംവിധാനങ്ങളുടെ ഒരു ശൃംഖല ഒരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് ഇപ്പോൾ.

ജീവിതശൈലീ രോഗങ്ങളും അർബുദവും നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിനായി സർക്കാർ ആർദ്രം ജീവിതശൈലീ രോഗനിർണയ ക്യാമ്പയിൻ ആരംഭിച്ചു. 30 വയസു പിന്നിട്ട 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി. 46,000-ത്തോളം പേരെ കാൻസർ പരിശോധനയ്ക്ക് വിധേയമാക്കി. കാൻസർ കണ്ടെത്തിയവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി. എല്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ കഴിഞ്ഞു. എച്ച്.പി.വി (ഹ്യൂമൻ പാപ്പിലോമാ വൈറസ്)​ വാക്സിനേഷൻ പ്ലസ് വൺ, പ്ലസ് ടു തലത്തിലെ പെൺകുട്ടികൾക്കു നൽകുന്നതിന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

സാന്ത്വന

പരിചരണം

പാലിയേറ്റീവ് പരിചരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളം നടത്തിവരുന്നത്. ഇത് ഡബ്ല്യു.എച്ച്.ഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർദ്രം മിഷന്റെ പത്ത് പ്രധാന പ്രവർത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയർ. ആയുഷ് മേഖലയിലും ചിട്ടയായ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.

കൊവിഡ് ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും നാല് സുപ്രധാന നിയമ നിർമ്മാണമാണ് മൂന്നു വർഷത്തിനിടെ ആരോഗ്യ വകുപ്പ് നടത്തിയത്. കേരള പൊതുജനാരോഗ്യ ആക്ട് (2023)​,​ കേരള സാംക്രമിക രോഗങ്ങൾ ആക്ട് (2021)​ കേരള സംസ്ഥാന മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് (2021)​,​ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ആക്ട് (2023)​ എന്നിവയാണ് ആ നിയമങ്ങൾ. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ രാജ്യത്താദ്യമായി നടപ്പിലാക്കി എന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്.

പകർച്ചവ്യാധി പ്രതിരോധത്തിനും ഗവേഷണത്തിനുമായി കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (കേരള സി.ഡി.സി)​ യാഥാർത്ഥ്യമാക്കി വരുന്നു. ആരോഗ്യ സർവകലാശാലയുടെ സ്‌കൂൾ ഒഫ് പബ്ലിക് ഹെൽത്ത് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്നു. മാനസികാരോഗ്യ ചികിത്സയ്ക്ക് മെന്റൽ ഹെൽത്ത് റിവ്യു ബോർഡുകൾ യാഥാർത്ഥ്യമാക്കി.ടെലി മെഡിസിൻ സംവിധാനമായ ഇ- സഞ്ജീവനി സേവനം കൂടുതൽ ശക്തിപ്പെടുത്തി. തുടർന്നുകൊണ്ടിരിക്കുന്നതും തുടക്കം കുറിച്ചവയുമായ പദ്ധതികൾ മികവോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനും പുതിയവ നിർദേശിക്കുന്നതിനും മികവോടെ നടപ്പാക്കുന്നതിനും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEATH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.