മുംബയ്: വനത്തിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ വനിതയെ കണ്ടെത്തി. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് വനമേഖലയിലെ സോനുർലി ഗ്രാമത്തിൽ നിന്നാണ് 50 വയസുകാരിയായ സ്ത്രീയെ പൊലീസ് രക്ഷിച്ചത്.
ഇവരുടെ കെെവശം അമേരിക്കൻ പാസ്പോർട്ടിന്റെ പകർപ്പുണ്ടായിരുന്നു. ഇവരുടെ അടുത്ത് നിന്ന് കണ്ടെത്തിയ ബാഗിൽ തമിഴ്‌നാട് വിലാസത്തിലുള്ള ഒരു ആധാർ കാർഡും ലഭിച്ചു. അവശനിലയിലായ ഇവരെ ആദ്യം സിന്ധുദുർഗിലെ ആശുപത്രിയിലും പിന്നീട് ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആഴ്ചകളായി ഭക്ഷണം കഴിക്കാത്തതിന്റെ അവശതയും ഇവർക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ നനഞ്ഞതും ഇവർക്ക് നിരവധി ശാരീരിക പ്രശ്നങ്ങൾക്കിടയാക്കിയിട്ടുണ്ട്.
സ്ത്രീ അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. സിന്ധുദുർഗ് വനമേഖലയിൽ കാലി മേയ്ക്കലിന് പോയ കർഷകരാണ് ശനിയാഴ്ച കെട്ടിയിട്ട നിലയിൽ സ്ത്രീയെ കണ്ടത്. മാനസിക നില തെറ്റിയ നിലയിലായിരുന്നു സ്ത്രീയെന്നും നാട്ടുകാർ പറയുന്നു. കെെവശമുള്ള രേഖകളിൽ നിന്ന് ലളിത കായി എന്നാണ് ഇവരുടെ പേരെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സ്ത്രീ 10 വർഷം മുൻപാണ് ഇന്ത്യയിലെത്തിയതെന്ന് ഇവരുടെ കെെവശമുള്ള പാസ്പോർട്ടിൽ നിന്ന് കണ്ടെത്തി. വീസ കാലാവധി കഴിഞ്ഞതാണ്. ചോദ്യങ്ങൾക്കൊന്നും കൃത്യമായി മറുപടി പറയാൻ ലളിതയ്ക്ക് കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. തമിഴ്‌നാട് സ്വദേശിയായ ഭർത്താവ് ഇവരെ കെട്ടിയിട്ട ശേഷം ഉപേക്ഷിച്ചുവെന്നാണ് നിഗമനം. ഭർത്താവിനെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |