പുനലൂർ: ന്യൂസിലാൻഡിൽ വിസ വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് 11.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് കല്ലട മണിവീണ വീട്ടിൽ നിന്ന് എറണാകുളം സൗത്ത് പാലാരിവട്ടം അടിമുറി ലൈനിൽ ജനതാറോഡിൽ ഹൗസ് നമ്പർ 12ൽ താമസിക്കുന്ന ചിഞ്ചു അനീഷാണ് (45) പിടിയിലായത്. കേസിലെ നാലാം പ്രതിയാണ്.
പുന്നല കറവൂർ ചരുവിള പുത്തൻ വീട്ടിൽ ജി.നിഷാദിൽ നിന്ന് 2023ലാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്.
ന്യൂസിലാൻഡിൽ 45 ദിവസത്തിനകം കപ്പലിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബിനിൽകുമാർ എം.ഡിയായി പെരുമ്പാവൂർ ആസ്ഥാനമായുള്ള ഫ്ലൈ വില്ലോ ട്രീ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 2023 മേയിൽ ഫേസ് ബുക്കിലൂടെയുള്ള പരസ്യം കണ്ടാണ് നിഷാദ് സ്ഥാപനവുമായി ബന്ധപ്പെട്ട് പണം നൽകിയത്.
ഗൂഗിൾ മീറ്റിലൂടെ ഇന്റർവ്യൂ നടത്തി വ്യാജ ഓഫറിംഗ് ലെറ്ററും നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും പോകാൻ കഴിയാതായപ്പോഴാണ് തട്ടിപ്പാണെന്ന് അറിഞ്ഞത്. നിഷാദിന്റെ പരാതിയിൽ ഒന്നാം പ്രതി ബിനിൽ കുമാറിനെ നേരത്തെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്റർവ്യൂ നടത്തിയതും വ്യാജ ഓഫറിംഗ് ലെറ്റർ നൽകിയതും ചിഞ്ചുവാണെന്ന് പൊലീസ് പറഞ്ഞു. ചിഞ്ചുവും ഭർത്താവ് അനീഷും സമാനമായ മറ്റൊരു കേസിൽ 2023ൽ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടാതെ ചിഞ്ചുവിനെതിരെ പാലാരിവട്ടം, കടവന്ത്ര, എറണാകുളം നോർത്ത്, കാലടി സ്റ്റേഷനുകളിലും തട്ടിപ്പ് കേസുണ്ടെന്നും പുനലൂർ എസ്.എച്ച്.ഒ ടി.രാജേഷ് കുമാർ പറഞ്ഞു. കാലടി സ്റ്റേഷനിൽ മാത്രം മൂന്ന് കേസുണ്ട്.
എസ്.ഐമാരായ കൃഷ്ണകുമാർ, പ്രമോദ്, എ.എസ്.ഐ മറിയക്കുട്ടി, സി.പി.ഒ രാജേഷ് എന്നിവരുടെ സംഘമാണ് കൊച്ചിയിൽ നിന്ന് ചിഞ്ചുവിനെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കി. രണ്ടും മൂന്നും പ്രതികൾ ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |