തിരുവനന്തപുരം : കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രണ്ട് സീറ്റുകളിൽ വിജയം. ചരിത്രത്തിലാദ്യമായാണ് സിൻഡിക്കേറ്റിൽ ബി.ജെ.പി പ്രതിനിധികൾ വിജയിക്കുന്നത്. ഒമ്പതിൽ ആറ് സീറ്റുകൾ എൽ.ഡി.എഫ് നേടി. ബി.ജെ.പി രണ്ട് സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസ് പ്രതിനിധി ഒരു സീറ്റിൽ വിജയിച്ചു. അതേസമയം സി.പി.ഐ സ്ഥാനാർത്ഥി പരാജയപ്പെട്ടു.
12 സീറ്റുകളാണ് സിൻഡിക്കേറ്റിൽ ആകെയുള്ളത്. ഇതിൽ 3 സീറ്റുകളിലേക്ക് ഇടത് പ്രതിനിധികൾ എതിരില്ലാതെ വിജയിച്ചിരുന്നു. ബാക്കിയുള്ള 9 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിലെ തർക്കമില്ലാത്ത വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിക്കാമെന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 98-ൽ 82 വോട്ടുകൾ എണ്ണാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തർക്കമുള്ള 15 വോട്ടുകൾ എണ്ണരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു.ഇതിനെ തുടർന്ന് വോട്ടെണ്ണൽ നടന്നപ്പോൾ 3 സീറ്റുകളുടെ ഫലം ആദ്യം പുറത്തുവന്നു. ഇതിൽ ഒരു സീറ്റ് ബി.ജെ.പിയും രണ്ട് സീറ്റുകൾ ഇടത് സംഘടനകളും നേടി.
ബാക്കിയുള്ള സീറ്റുകളിലെ വോട്ടെണ്ണൽ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവെച്ചു. ഗവൺമെൻറ് കോളേജ് സീറ്റിലെ ഫലപ്രഖ്യാപനത്തെ ചൊല്ലി തർക്കം രൂപപ്പെട്ടതിനാലാണ് വോട്ടെണ്ണൽ താത്കാലികമായി നിർത്തിവച്ചത്. കോൺഗ്രസ് വോട്ട് ബി.ജെ.പിക്ക് ലഭിച്ചതായി എൽഡിഎഫ് ആരോപിച്ചു. പ്രിൻസിപ്പൽ പ്രതിനിധിയുടെയും സർക്കാർ, സ്വകാര്യ കോളേജ് അദ്ധ്യാപക പ്രതിനിധികളുടെയും തിരഞ്ഞെടുപ്പിലാണ് ഇടതു ജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |