തിരുവനന്തപുരം: എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരെ ജനറൽ സെക്രട്ടറിമാരാക്കിയും ഷോൺ ജോർജ്, മുൻ ഡി.ജി.പി ആർ. ശ്രീലേഖ എന്നിവരെ വൈസ് പ്രസിഡന്റുമാരാക്കിയും ബി.ജെ.പി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്. സുരേഷ് (തിരുവനന്തപുരം), അനൂപ് ആന്റണി ജോസഫ് (പത്തനംതിട്ട) എന്നിവരാണ് മറ്റു ജനറൽ സെക്രട്ടറിമാർ.
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമുള്ള ആദ്യ പുനഃസംഘടനയാണിത്. കേരള സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രാത്രി എത്തിയതിന് മണിക്കൂറുകൾ മുമ്പാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പത്ത് വൈസ് പ്രസിഡന്റുമാർ, നാല് ജനറൽ സെക്രട്ടറിമാർ, പത്ത് സെക്രട്ടറിമാർ, നാല് വക്താക്കൾ, ഒരു ട്രഷറർ എന്നിങ്ങനെയാണ് പട്ടികയിൽ. അഞ്ച് മേഖല അദ്ധ്യക്ഷൻമാരെയും നിയമിച്ചു. അതേസമയം, മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോട് ആഭിമുഖ്യമുള്ള പല നേതാക്കളെയും പരിഗണിച്ചില്ലെന്ന് ആക്ഷേപമുയർന്നു.
എം.ടി. രമേശിനെ ജനറൽ സെക്രട്ടറിയായി നിലനിറുത്തുകയായിരുന്നു. വൈസ് പ്രസിഡന്റായിരുന്നു ശോഭ സുരേന്ദ്രൻ. ജനറൽ സെക്രട്ടറിമാരായിരുന്ന സി. കൃഷ്ണകുമാറിനെയും പി. സുധീറിനെയും വൈസ് പ്രസിഡന്റുമാരാക്കി. ഇ. കൃഷ്ണദാസ് ട്രഷറർ സ്ഥാനത്ത് തുടരും. അനൂപ് ആന്റണി ജോസഫ്, ഷോൺ ജോർജ്, ജിജി ജോസഫ് (സെക്രട്ടറി) അടക്കം ക്രൈസ്തവ വിഭാഗത്തിനും പരിഗണന നൽകി.
പ്രമുഖനേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, നാരായണൻനമ്പൂതിരി, സി. രഘുനാഥ്, ജെ.ആർ. പത്മകുമാർ, പി.ആർ. ശിവശങ്കരൻ, കെ.വി.എസ്. ഹരിദാസ് തുടങ്ങിയവർ ഒഴിവാക്കപ്പെട്ടു. സോഷ്യൽ മീഡിയ കൺവീനറായി അഭിജിത് ആർ. നായരെയും മുഖ്യവക്താവായി ടി.പി. ജയചന്ദ്രനേയും മീഡിയ കൺവീനറായി സന്ദീപ് സോമനാഥിനേയും നിയമിച്ചു. സെൽ കോ-ഓർഡിനേറ്രർ വി.കെ.സജീവൻ. ജയരാജ് കൈമളാണ് ഓഫീസ് സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |