SignIn
Kerala Kaumudi Online
Thursday, 05 September 2024 5.00 AM IST

മാറ്റങ്ങൾക്ക് മരുന്നാകാൻ മഹാകോടീശ്വര നികുതി!

Increase Font Size Decrease Font Size Print Page
tax

ലോകത്തെ വലിയ സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയായ ജി 20-യുടെ ഈ വർഷത്തെ അദ്ധ്യക്ഷ സ്ഥാനത്തുള്ള ബ്രസീൽ മുന്നോട്ടുവച്ച അജണ്ടയാണ് 'ധനതമ്പുരാക്കളുടെ" ആസ്തികളിന്മേൽ ആഗോളതലത്തിൽ രണ്ടു ശതമാനം വാർഷിക നികുതി ചുമത്തണമെന്നത്. 2024 നവംബറിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ രണ്ടു പ്രമേയങ്ങളിൽ ആദ്യത്തേതായ 'നീതിപൂർവക ലോകം കെട്ടിപ്പടുക്കുക"എന്ന ലക്ഷ്യം നേടാനുള്ള പ്രധാന മാർഗമായാണ് 100 കോടി ഡോളറിലധികം ആസ്തിയുള്ള സൂപ്പർ ധനാഢ്യരിൽ നിന്ന് രണ്ടു ശതമാനം വരുന്ന മഹാകോടീശ്വര നികുതി വസൂലാക്കാനുള്ള നിർദേശം.

ഇക്കഴിഞ്ഞ വ്യാഴം,​ വെള്ളി ദിവസങ്ങളിൽ നടന്ന ജി 20 ധനമന്ത്രിമാരുടെ സമ്മേളനം ബ്രസീലിന്റെ നിർദ്ദേശത്തിന് പിന്തുണ നൽകുകയും, അതേസമയം തന്നെ അന്താരാഷ്ട്രതലത്തിൽ ഇത് പ്രവർത്തികമാക്കാനുള്ള പ്രയാസങ്ങൾ മറികടക്കാൻ പോന്ന മാർഗരേഖ തയ്യാറാക്കുന്നത് നിർണായകമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. മഹാകോടീശ്വര നികുതി വേണമെന്ന ബ്രസീലിന്റെ നിർദ്ദേശം രൂപകല്പന ചെയ്തത് കാലിഫോർണിയ യൂണിവേഴ്സിറ്റി പ്രൊഫസറായ ഗബ്രിയേൽ സുക്മാൻ എന്ന യുവ സാമ്പത്തിക വിശാരദനായിരുന്നു. ലോകമെമ്പാടുമുള്ള അസമത്വങ്ങളെക്കുറിച്ചും നികുതിവെട്ടിപ്പുകളിലൂടെ സമാഹരിക്കപ്പെടുന്ന കറുത്ത പണ കൂമ്പാരങ്ങളെക്കുറിച്ചും അതിന് സുരക്ഷിത വലയയൊരുക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചും ആഴത്തിൽ പഠനം നടത്തിയ പണ്ഡിതനാണ് ഗബ്രിയേൽ സുക്മാൻ.

ഭൂമിയിലാകെ സ്വത്തിലും വരുമാനത്തിലുമുള്ള അന്തരങ്ങൾ വർദ്ധിത വീര്യത്തോടെ മുന്നേറുകയാണെന്നു കണ്ടെത്തിയ അദ്ദേഹം, പ്രതിവിധിയായി നിർദ്ദേശിച്ച മഹാകോടീശ്വര നികുതി ആഗോളതലത്തിൽ ചുമത്തിയാലേ ഫലസിദ്ധി ഉണ്ടാവുകയുള്ളൂവെന്നും നിഷ്‌കർഷിക്കുന്നു. ലോകത്തെ കുറേ രാജ്യങ്ങളിൽ, മറ്റു പ്രദേശങ്ങളിൽ നിന്ന് നികുതി വെട്ടിച്ചുവരുന്ന ധനം സംഭരിക്കാനുള്ള സുരക്ഷിത സ്വർഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന യാഥാർത്ഥ്യമാണ്,​ ഈ സൂപ്പർ നികുതി ആഗോളതലത്തിൽ ചുമത്തിയാലേ വിജയിക്കുകയുള്ളൂ എന്ന അദ്ദേഹത്തിന്റെ നിലപാടിന് ആധാരമാകുന്നത്.

ലോകത്ത് 100 കോടി ഡോളറിലധികം ആസ്തിയുള്ള മൂവായിരത്തോളം 'അതിശയ കുബേരന്മാർ" ഉണ്ടെന്നാണ് സുക്മാന്റെ കണ്ടെത്തൽ. ടെൽസ, എക്‌സ് സ്പെയ്സസ് എന്നിവയുടെ ഉടമസ്ഥനായ ഇലോൺ മസ്‌കിന്റെ ആസ്തി 23,500 കോടി ഡോളർ ആണ്! ആമസോണിന്റെ അധിപൻ ജഫ് ബിഫോസിന്റേത് 20,000 കോടി ഡോളർ, ആഡംബര ഉൽപ്പന്ന രംഗത്തെ അതികായനായ ബർനാഡ് ആർനോൾഡിന്റേത് 18,310 കോടി ഡോളർ... ഇങ്ങനെ പോകുന്നു, വ്യക്തിഗത ധനസൗഭാഗ്യങ്ങളുടെ മുൻനിര. മഹാകോടീശ്വര നികുതി വഴി 25,000 കോടി ഡോളർ പ്രതിവർഷം വസൂലാക്കാനാകും. സമാഹരിക്കപ്പെടുന്ന വരുമാന വിഭവം അതത് രാജ്യങ്ങളിലെ അസമത്വ ലഘൂകരണ യജ്ഞങ്ങൾക്ക് വിനിയോഗിക്കാനുമാകും.

അസമത്വം അകറ്റാനുള്ള മഹാകോടീശ്വര നികുതിയെന്ന ഔഷധം താമസംവിനാ സേവിക്കേണ്ട നാടാണ് നമ്മുടേതെന്ന വസ്തുതയാണ് സ്ഥിതിവിവര കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്. പാരീസ് സ്‌കൂൾ ഒഫ് ഇക്കണോമിക്സിന്റെ ഗവേഷണ കേന്ദ്രമായ 'ലോക അസമത്വ ലാബി"ന്റെ റിപ്പോർട്ട് പ്രകാരം വ്യക്തിഗത സ്വത്തിലും വരുമാനത്തിലുമുള്ള അന്തരം കൊടുമുടി ചൂടിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 'ബ്രിട്ടീഷ് രാജ്" കാലത്തുണ്ടായിരുന്ന തിനേക്കാൾ കഠിനമാണ് വർത്തമാനകാലത്ത് ഇന്ത്യയിൽ അരങ്ങേറിവരുന്ന 'മഹാകോടീശ്വര രാജ്" എന്നാണ് റിപ്പോർട്ടിലെ നിരീക്ഷണം. യു.എൻ.ഡി.പി കണക്കനുസരിച്ച്‌ മേലെ അറ്റത്തുള്ള ഒരു ശതമാനം ആൾക്കാർ മൊത്തം വരുമാനത്തിന്റെ 22.6 ശതമാനവും മൊത്തം സ്വത്തിന്റെ 40.1 ശതമാനവും കയ്യടക്കുന്നുണ്ട്.

ഐക്യരാഷ്ട്ര സഭയുടെ ഗവേഷണ കേന്ദ്രമായ യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയുടെ പഠനം പറയുന്നത് ഇന്ത്യൻ ജനസംഖ്യയിലെ മേലെത്തട്ടിലുള്ള 10 ശതമാനം വരുന്ന ധനാഢ്യർക്ക് 1991-ൽ ദേശീയ വരുമാനത്തിന്റെ 35 ശതമാനം ലഭിച്ചിരുന്നെങ്കിൽ, 2022-ൽ അവർക്ക് കയ്യടക്കാൻ സാധിച്ചത് 58 ശതമാനമാണ്. ഇതേ കാലയളവിൽ താഴെത്തട്ടിലുള്ള 50 ശതമാനം ജനത്തിന്റെ വിഹിതം 22 ശതമാനത്തിൽനിന്ന് 15 ശതമാനമായി ഇടിയുകയും ചെയ്തു. 100കോടി ഡോളറിനുമേൽ ആസ്തിയുള്ളവരുടെ എണ്ണം രണ്ടായിരാമാണ്ടിൽ ഒമ്പത് ആയിരുന്നു. ഇപ്പോഴത് 167ആയി ഉയർന്നിരിക്കുന്നു. ഇക്കൂട്ടരുടെ ആസ്തികളിന്മേൽ പ്രതിവർഷം രണ്ടു ശതമാനം മഹാകോടീശ്വര നികുതി ചുമത്തിയാൽ സർക്കാർ ഖജനാവിൽ വന്നുചേരുന്നത് 1.5 ലക്ഷം കോടി രൂപയുടെ സമ്പന്നതയാണ്. ഇതിലൂടെ അസമത്വ ഭാരതമെന്ന ദുരവസ്ഥ ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ കഴിയും.

ചുരുക്കത്തിൽ,​ ജി 20-യുടെ ഈ വർഷത്തെ അദ്ധ്യക്ഷനായ ബ്രസീലിന്റെ നിർദ്ദേശം വിജയകരമായി നടപ്പാക്കുന്നതിനുള്ള നേരാംവഴി കാട്ടിക്കൊടുക്കുന്നതിനും, സ്വന്തം രാജ്യത്ത് അടിയന്തരമായി നികുതി പ്രാവർത്തികമാക്കുന്നതിനും, കഴിഞ്ഞവർഷത്തെ അദ്ധ്യക്ഷനായിരുന്ന ഇന്ത്യ തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.