പുനലൂർ: കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർദ്ധിച്ചതോടെ തെന്മല പരപ്പാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 50 സെന്റി മീറ്റർ വീതം ഇന്നലെ ഉയർത്തി. ചൊവ്വാഴ്ച വരെ മൂന്ന് ഷട്ടറുകളും 35 സെന്റി മീറ്റർ വീതം ഉയർത്തി വെള്ളം ഒഴുക്കിയിരുന്നെങ്കിലും ജലനിരപ്പ് ഗണ്യമായി ഉയർന്നതോടെയാണ് ഇന്നലെ രാവിലെ 11.30ന് മൂന്ന് ഷട്ടറുകളും വീണ്ടും ഉയർത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. അണക്കെട്ടിനോട് ചേർന്ന പവർ ഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം പൂർണതോതിലാക്കി. കാര്യമായ മഴ ലഭിക്കാതിരുന്നതിനാൽ കഴിഞ്ഞ മാസം ഒരു ജനറേറ്റർ മാത്രമാണ് പ്രവർത്തിപ്പിച്ചിരുന്നത്. ഇന്നലെ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും തിങ്കളാഴ്ച 77 സെന്റി മീറ്റർ മഴയാണ് പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തിയത്. വനാന്തരങ്ങളിൽ നിന്നുള്ള നീരോഴുക്കും വർദ്ധിച്ചു. പോഷക നദികളായ ശെന്തുരുണി, കുളത്തൂപ്പുഴ, കഴുതുരുട്ടി ആറുകളും നിറഞ്ഞൊഴുകുകയാണ്.
അണക്കെട്ടിന്റെ സംഭരണശേഷി - 115.72 മീറ്റർ
ഇന്നലെ ജലനിരപ്പ്- 107.70 മീറ്റർ
കഴിഞ്ഞ വർഷം ജൂലായ് 31ന് - 100.09 മീറ്റർ
ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനാൽ കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്.
ബീനാകുമാരി
കെ.ഐ.പി അസി.എൻജിനിയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |