തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ടയിൽ വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. കേസിലെ പ്രതിയായ ഡോക്‌ടർ ദീപ്‌തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടിൽ കയറി ഭാര്യയെ ആക്രമിച്ചതെന്നാണ് മൊഴി.
കഴിഞ്ഞ ഞായറാഴ്‌ച രാവിലെയാണ് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് പടിഞ്ഞാറേക്കോട്ടയിലെ വീട്ടിൽ കയറി ഷിനിയെ ദീപ്‌തി വെടിവച്ചത്. മുഖം മറച്ചെത്തിയ ഇവർ ആമസോൺ കൊറിയർ നൽകാൻ വന്നതാണെന്നായിരുന്നു പറഞ്ഞത്. തുടർന്ന് ഷിനിയെ വെടിവച്ച ശേഷം അവിടെനിന്ന് കടന്നുകളഞ്ഞു. ദീപ്‌തി വന്ന കാറിന്റെ നമ്പറും വ്യാജമായിരുന്നു. തെറ്റിദ്ധരിപ്പിക്കാനായി പുറകിൽ എൽ ബോർഡും പതിപ്പിച്ചിരുന്നു. ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ടാണ് ഈ കാർ കൊല്ലത്തെത്തിയതെന്ന് കണ്ടെത്തി. സിൽവർ കളറിലുള്ള കാർ ആയൂരിലുള്ള ദീപ്‌തിയുടെ ഭർത്താവിന്റെ വീട്ടിൽ കണ്ടെത്തിയതും നിർണായകമായി. ഇവരുടെ ഭർത്താവിന്റെ അച്ഛന്റെ പേരിലുള്ള കാറായിരുന്നു ഇത്.
ആരെയും സംശയമില്ലെന്നും ആർക്കും തന്നോട് വിരോധമുണ്ടാകില്ലെന്നുമായിരുന്നു വെടിയേറ്റ ഷിനിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചില്ല. തുടർന്ന് ഷിനിയുടെയും സുജിത്തിന്റെയും ദീപ്തിയുടെയുമെല്ലാം ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് ചൊവ്വാഴ്‌ച ഉച്ചയോടെ ദീപ്‌തി ജോലി ചെയ്യുന്ന കൊല്ലത്തെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതി ഈ ആശുപത്രിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ആറ് മാസം പോലും ആയിട്ടില്ലെന്നാണ് വിവരം. കോട്ടയം സ്വദേശിനിയാണ് ദീപ്തി.
സുജിത്തും ഡോക്ടറായ ദീപ്‌തിയും സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതിനിടെ കൊവിഡ് കാലത്താണ് പരിചയത്തിലാകുന്നത്. സുജിത്ത് ബന്ധത്തിൽ നിന്നും അകന്ന ശേഷം പ്രതികാരം തീർക്കാൻ ദീപ്തി തീരുമാനിക്കുകയായിരുന്നു എന്നാണ് നേരത്തേ പുറത്തുവന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |