എറണാകുളം: യാത്രക്കാർക്ക് ഏറെ സന്തോഷം നൽകിയ വാർത്തയായിരുന്നു കേരളത്തിലെ മൂന്നാം വന്ദേഭാരത്. എറണാകുളം - ബംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ ഇന്നലെയാണ് സർവീസ് ആരംഭിച്ചത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഇത് സർവീസ് നടത്തുക. എന്നാൽ ഇത് സ്ഥിരം സർവീസ് ആക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ബംഗളൂരു- എറണാകുളം (06002) വന്ദേഭാരത് സർവീസ് കേരളത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന മലയാളികളെ സഹായിക്കില്ലെന്നും പലരും പരാതിപ്പെടുന്നു.
ബംഗളൂരു - എറണാകുളം വന്ദേഭാരത് രാവിലെ 5.30ന് ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്നു. എന്നാൽ സർവീസ് ആറ് മണിക്ക് ആരംഭിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. അതാണ് കൂടുതൽ സൗകര്യപ്രദമെന്നും 'ഫ്രണ്ട്സ് ഓൺ റെയിൽസ്' എന്ന പാസഞ്ചേഴ്സ് കൂട്ടായ്മ അഭിപ്രായപ്പെടുന്നു. കാരണം ബംഗളൂരുവിലെ കന്റോൺമെന്റ് സ്റ്റേഷൻ എന്ന് പറയുന്നത് തിരുവനന്തപുരത്തെ കൊച്ചുവേളി പോലെയുള്ള ഒരു സ്റ്റേഷനാണ്. അവിടെ എത്താൻ വളരെ ബുദ്ധിമുണ്ടാണെന്നും യാത്രക്കാർ പറയുന്നു.
ബംഗളൂരു - എറണാകുളം വന്ദേഭാരതിനെ തങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ സ്റ്റാർട്ടിംഗ് സ്റ്റേഷൻ മാറ്റികയാണെങ്കിൽ അത് യാത്രക്കാർക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് ഓൾ കേരള റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റേ കെ ജെ പോൾ പറഞ്ഞു.
വന്ദേഭാരത് ഇപ്പോഴും സമൂഹത്തിലെ ഉന്നതർക്ക് മാത്രമാണ് സേവനം നൽകുന്നതെന്നും വ്യാപക പരാതിയുണ്ട്. സാധാരണക്കാർക്കായി കുറഞ്ഞത് രണ്ട് ജനറൽ കമ്പാർട്ടുമെന്റുകളെങ്കിലും ഉൾപ്പെടുത്താൻ റെയിൽവേയ്ക്ക് കഴിയില്ലേയെന്ന് യാത്രക്കാർ ചോദിക്കുന്നു. റിസർവ് ചെയ്യുന്നവർക്ക് മാത്രമല്ലാതെ റെയിൽവേ സ്റ്റേഷനിലെത്തി നേരിട്ട് ടിക്കറ്റ് എടുക്കുന്ന സംവിധാനവും വന്ദേഭാരതിൽ നടപ്പിലാക്കണമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
നിലവിലെ സമയക്രമം
06001 - എറണാകുളം-ബംഗളൂരു (ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ)
എറണാകുളം (12.50 PM), തൃശൂർ (1.53PM), പാലക്കാട് (3.15PM), പോത്തനൂർ (4.13PM), തിരുപ്പൂർ (4.58PM), ഈറോഡ് (5.45PM), സേലം (വൈകിട്ട് 6.33), ബംഗളൂരു കന്റോൺമെന്റ് (രാത്രി 10).
06002 - ബംഗളൂരു-എറണാകുളം (വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ)
ബംഗളൂരു കന്റോൺമെന്റ് (രാവിലെ 5.30), സേലം (രാവിലെ 8.58), ഈറോഡ് (രാവിലെ 9.50), തിരുപ്പൂർ (രാവിലെ 10.33), പോത്തനൂർ (രാവിലെ 11.15), പാലക്കാട് (പകൽ 12.08), തൃശൂർ (ഉച്ചയ്ക്ക് 1.18), എറണാകുളം (ഉച്ചയ്ക്ക് 2.20).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |