225ലേറെ പേർ കാണാമറയത്ത്
മുഖ്യമന്ത്രിയും രാഹുലും പ്രിയങ്കയും ദുരന്തഭൂമിയിൽ
ചാലിയാറിൽ ഇന്നലെയും മൃതദേഹങ്ങൾ
മേപ്പാടി/കൽപ്പറ്റ: ഉരുൾപൊട്ടൽ തോരാദുഃഖത്തിലാഴ്ത്തിയ ദുരന്തഭൂമിയിൽ ജീവനോടെ ഇനി ആരും ബാക്കിയില്ല. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ ആരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാദ്ധ്യതയില്ലെന്ന് കേരള കർണാടക സബ് ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് (ജി.ഒ.സി) മേജർ ജനറൽ വി.ടി മാത്യു അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ വയനാട്ടിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാണൻശേഷിച്ച എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് സൈന്യം ഉൾപ്പെടെയുള്ള ദൗത്യസംഘങ്ങൾ കരുതുന്നത്. ആർമിയുടെ 500 പേർ അടങ്ങുന്ന സേന മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നലെയും കനത്ത മഴയിലും തെരച്ചിൽ നടത്തി. മൂന്നു സ്നിഫർ നായകളും തെരച്ചിലിനായി ഉണ്ടായിരുന്നു. തെരച്ചിലിന് സൈന്യത്തിന്റെ യന്ത്രോപകരണങ്ങൾ സ്ഥലത്തേക്ക് കൊണ്ടുപോകാനായി പണിത ബെയ്ലി പാലം ഇന്നലെ യാഥാർത്ഥ്യമായി. വൈകിട്ട് 5.52ന് സൈന്യത്തിന്റെ സ്കോർപ്പിയോ ജീപ്പ് പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തി.
തെരച്ചിലിന്റെ ഭാഗമായി 1000 പൊലീസുകാർ മുണ്ടക്കൈ ഭാഗത്തും 1000 പേർ മലപ്പുറത്തും പ്രവർത്തനരംഗത്തുണ്ടെന്ന് എ.ഡി.ജി.പി എം.ആർ.അജിത്കുമാർ അറിയിച്ചു. രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവർത്തനങ്ങളുടെയും തുടർ പ്രവർത്തനങ്ങൾക്കായി നാലംഗ മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ദുരന്തഭൂമിയിലെ രണ്ടു വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന 29 വിദ്യാർത്ഥികളെ കാണാതായിട്ടുണ്ട്. ഇതിൽ വെള്ളാർമല സ്‌കൂളിലെ 11 കുട്ടികളും ഉൾപ്പെടും. ഇതിൽ നാല് കുട്ടികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്ത് തിരിച്ചറിഞ്ഞു. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളാണ് ഉരുൾപൊട്ടലിൽ നിലംപരിശായത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന കാര്യം അതാത് ഗ്രാമപഞ്ചായത്തുകൾ തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ദുരന്തഭൂമിയിൽ സന്ദർശനം നടത്തി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി എന്നിവരും ദുരന്തമേഖലയിലെത്തി.
40 മണിക്കൂറിൽ ബെയ്ലി പാലം
40 മണിക്കൂർ കൊണ്ട് മദ്രാസ് റെജിമെന്റിലെ എൻജിനിയറിംഗ് സംഘം ബെയ്ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. സൈന്യത്തിന്റെ വാഹനം കയറ്റി പാലത്തിന്റെ ബലം പരിശോധിച്ചു. ഇന്നലെ വൈകിട്ടോടെ വാഹനങ്ങൾ കടത്തിവിട്ടു. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള രക്ഷാപ്രവർത്തനത്തിന് ഭാരമേറിയ യന്ത്രസാമഗ്രികൾ ഇതുവഴി എത്തിക്കാനാകും. ഹിറ്റാച്ചികൾ അടക്കമുള്ള ഉപകരണങ്ങൾ എത്തിച്ച് ഇന്നുമുതൽ തെരച്ചിൽ അതിശക്തമാക്കും. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് പാലം.
വെല്ലുവിളിയായി മഴ
ഇന്നലെ ഉച്ചയ്ക്കുശേഷം മുണ്ടക്കൈ ഉൾപ്പെടെ ദുരന്തമേഖലയിലാകെ പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയിലാണ് മഴ അതിശക്തമായത്. ഇവിടങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകരെയും മാദ്ധ്യമപ്രവർത്തകരെയും തിരിച്ചിറക്കി. ചൂരൽമലയിലും മഴ ശക്തമാണ്. വൈകിട്ട് മൂന്നരയോടെ പ്രതികൂലകാലാവസ്ഥമൂലം ചാലിയാറിലുൾപ്പെടെ തെരച്ചിൽ നിറുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |