കൽപ്പറ്റ: മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാർ,കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട സഹോദരി,അനാഥരായ പിഞ്ചുകുഞ്ഞുങ്ങൾ തുടങ്ങി വയനാട്ടിൽ എവിടെ നോക്കിയാലും മനസ് തകർക്കുന്ന കാഴ്ചകൾ. വയനാട്ടിലെ ദുരന്തത്തെക്കുറിച്ചും മാതാപിതാക്കളെ നഷ്ടമായ കുഞ്ഞുങ്ങളെക്കുറിച്ചും അറിഞ്ഞപ്പോൾ ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയുടെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയുമായ ഭാവനയെ ഏറെ വേദനിപ്പിച്ചത് ആ പിഞ്ചോമനകൾക്ക് ആര് പാലൂട്ടും എന്നായിരുന്നു. തന്റെ നാല് മാസം പ്രായമായ കുഞ്ഞിന് നൽകുന്ന മുലപ്പാൽ ഒരു പരിചയവുമില്ലാത്ത പിഞ്ചോമനകൾക്ക് പങ്കിട്ട് നൽകാൻ ആ അമ്മ സന്നദ്ധയായി. ഇതിനെക്കുറിച്ച് അവർ കേരള കൗമുദിയോട് സംസാരിച്ചു.
'ഞാൻ നാലു വയസും നാലു മാസവും വീതം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. രണ്ടാമത്തെ കുഞ്ഞിനെ മുലയൂട്ടുന്നുണ്ട്. അമ്മയില്ലാതാകുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ അറിയാം. അതുകൊണ്ടാണ് ഞാൻ ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ അദ്ദേഹം പിന്തുണച്ചു.'- സജിന്റെ ഭാര്യ ഭാവന പറഞ്ഞു.
ക്യാമ്പിൽ നിന്ന് വിളിച്ചു
സജിൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതിനെ തുടർന്ന് ഇന്നലെ ക്യാമ്പിൽ നിന്ന് രണ്ട് പേർ വിളിച്ചു. ഇവിടെ കുഞ്ഞുങ്ങളുണ്ട്,എത്രയും പെട്ടെന്ന് എത്തിച്ചേരാമോ എന്ന് അവർ ചോദിച്ചു. അപ്പോൾത്തന്നെ പുറപ്പെട്ടു. മക്കളും ഞങ്ങളുടെ കൂടെയുണ്ട്. എത്രനാൾ നിൽക്കേണ്ടിവരുമെന്ന് അറിയില്ലല്ലോ. അതുകൊണ്ട് വസ്ത്രങ്ങളുമൊക്കെ കൂടുതൽ എടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |