കൽപ്പറ്റ: വയനാട്ടിൽ സംഭവിച്ചത് വലിയ ദുരന്തമാണെന്നും ഇരകളായ മനുഷ്യരോട് എന്തു സംസാരിക്കണമെന്ന് അറിയില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ അതീവ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ കണ്ടു. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇത്.
കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരേയും വീടുകൾ നഷ്ടപ്പെട്ടവരേയും കാണുകയെന്നത് വേദനിപ്പിക്കുന്ന അനുഭവമാണ്. അച്ഛൻ മരിച്ച കുട്ടികളെ കണ്ടു. അവർ അനുഭവിക്കുന്ന വേദന തനിക്കറിയാം. താനും ഒരിക്കൽ ആ വേദനയിലൂടെ കടന്നുപോയതാണ്. ഇന്ന് മേപ്പാടിയിൽ എത്രയോ പേരാണ് ആ വേദന അനുഭവിക്കുന്നത്.
മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ദുരന്തമുഖത്തു രാഷ്ട്രീയ ആരോപണങ്ങൾക്കു സ്ഥാനമില്ല. വയനാട്ടുകാർക്കു വേണ്ടത് സഹായമാണ്. രാജ്യം മുഴുവൻ വയനാടിന്റെ കൂടെയുണ്ട്. ദുരന്തം അതിജീവിച്ചവർക്ക് വേണ്ടത് ചെയ്തുകൊടുക്കണം. ഒരുപാട് ജോലികൾ ഇവിടെ ഇനിയും ചെയ്യാനുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡോക്ടർമാർ, നഴ്സുമാർ, വോളണ്ടിയർമാർ, ഭരണകൂടം എല്ലാവരോടും നന്ദി പറയുന്നു.
ദുരന്തബാധിതർക്ക് സാദ്ധ്യമായ കാര്യങ്ങളെല്ലാം ചെയ്യണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. അതിദാരുണമായ സംഭവമാണിത്. ദുരന്തബാധിതരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം. ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. ബെയ്ലി പാലം നിർമ്മാണവും വിലയിരുത്തി. സൈനികരോട് രാഹുൽ ആശയവിനിമയം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |