അബുദാബി: നീണ്ട വേനലവധിക്കാലത്തിന് ശേഷം തിരികെ യുഎഇയിലേക്ക് മടങ്ങാനൊരുങ്ങുന്നവർക്ക് തിരിച്ചടി. വിമാന ടിക്കറ്റിന് ഇരട്ടി തുകയാവും നൽകേണ്ടി വരിക. സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി നാട്ടിൽ നിന്നും തിരികെ യുഎഇയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകും ഇതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്.
സാധാരണ ഓഗസ്റ്റ് പകുതിയോടെയാണ് അവധിക്ക് നാട്ടിലേക്ക് പോയവർ തിരികെ എത്തുന്നത്. ഇക്കാരണത്താലാണ് ഈ സമയത്ത് പൊതുവെ വിമാന ടിക്കറ്റുകളുടെ നിരക്ക് കുത്തനെ ഉയരുന്നത്. ഇത്തവണ ഓഗസ്റ്റ് 26നാണ് യുഎഇയിലെ പല സ്‌കൂളുകളും വേനലവധിക്ക് ശേഷം തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പല സ്ഥലങ്ങളിലും ഡിമാൻഡ് വർദ്ധിച്ചതോടെയാണ് തിരികെ യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർദ്ധിക്കുന്നതെന്ന് ദുബായിലെ ട്രാവൽ ഏജന്റുമാർ പറഞ്ഞു.
യുഎഇ ജനസംഖ്യയുടെ പകുതിയിലധികവും ദക്ഷിണേന്ത്യൻ പൗരന്മാരാണെന്നതിനാൽ, ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വൻ വർദ്ധനവുണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് മുംബയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വിമാന ടിക്കറ്റ് നിരക്ക് 50 ശതമാനത്തിലധികം വർദ്ധിച്ചതായാണ് വിവരം.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള അമിത ടിക്കറ്റ് നിരക്ക് അടുത്തിടെ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനാൽ, യുഎഇയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകളിൽ സീറ്റിംഗ് കപ്പാസിറ്റി ഉയർത്തണമെന്ന് താമസക്കാരിൽ നിന്നും ട്രാവൽ ഏജന്റുമാരും നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |