തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള തീരുമാനത്തിൽ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുപക്ഷത്തിന്റെ കയ്യിൽ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോൺഗ്രസ് പാർട്ടിക്ക് പണം സ്വരൂപിക്കാൻ അതിന്റേതായ ഫോറം ഉണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നൽകേണ്ടതെന്നും അദ്ദേഹം ചെയ്യുന്നത് ശരിയല്ലെന്നും കെ സുധാകരൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
വയനാട് ദുരന്തത്തിനിരയായവർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎൽഎ എന്ന നിലയിലുള്ള ഒരു മാസത്തെ ശമ്പളം നൽകുമെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഇന്നലെ അറിയിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. കേരളത്തെ കണ്ണീരിലാഴ്‌ത്തിയ വയനാട് ദുരന്ത ഭൂമിയിൽ നിന്നുള്ള തേങ്ങലുകൾ നമ്മെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. നാം ഓരോരുത്തരും നമ്മളാൽ കഴിയുന്ന സഹായങ്ങൾ നൽകി അവിടെയുള്ള കൂടപ്പിറപ്പുകളെയും സഹോദരങ്ങളെയും ചേർത്തുപിടിക്കണമെന്നും രമേശ് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, കെ സുധാകരന്റെ പ്രസ്‌താവന പ്രതിപക്ഷ നേതാവ് വിഡി സതീശൻ തള്ളി. സിഎംഡിആർഎഫിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ജനത്തിന് ഫണ്ടുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ വിഎം സുധീരനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചുകൊണ്ടാണ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |