ന്യൂഡൽഹി: മലയാളി വിദ്യാർത്ഥികൾക്ക് നീറ്റ് - പിജി പരീക്ഷയുടെ കേന്ദ്രങ്ങൾ അനുവദിച്ചത് ദൂരെയുളള സ്ഥലങ്ങളിലാണെന്ന പരാതിയിൽ പ്രതികരിച്ച് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. വിഷയം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് കേരളത്തിലും അവരുടെ താമസസ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത് ഉറപ്പാക്കാൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജെ പി നദ്ദ ഉറപ്പ് നൽകിയതായി രാജീവ് ചന്ദ്രശേഖർ എക്സിലൂടെ അറിയിച്ചു.
ഓഗസ്റ്റ് അഞ്ചിനകം വിദ്യാർത്ഥികൾക്ക് അറിയിപ്പ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആന്ധ്രപ്രദേശ് ഉൾപ്പടെയുളള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഡൽഹിയിലെ വിദ്യാർത്ഥികൾ പരീക്ഷയെഴുതാനായി ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്.
കേരളത്തിൽ 25000ത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാനായി തയ്യാറെടുക്കുന്നത്. അപേക്ഷാ സമയം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനാണുണ്ടായിരുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അപേക്ഷിക്കുമ്പോൾ കേരളത്തിലെ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള സമയം സാങ്കേതിക തകരാർ കാരണം മിക്കവരും ആന്ധ്രപ്രദേശ് തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നു.
അതേസമയം, കേരളത്തിന് നീറ്റ്- പിജി എക്സാം സെന്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദയ്ക്ക് ജൂലായ് 31 ന് നിവേദനം നൽകുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.
ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ഈ കാര്യം അനുവദിക്കാമെന്നും ഓഗസ്റ്റ് അഞ്ചാം തീയതി സെന്റർ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. കേരളത്തിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോഗ്യമന്ത്രി ജെ.പി നദ്ദയും കാണിക്കുന്ന കരുതലിന് മുഴുവൻ മലയാളികളുടെയും പേരിൽ നന്ദി അറിയിക്കുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |