ആഗോളതലത്തിൽ നാല് മുതിർന്നവരിൽ ഒരാൾക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകൾ. മാത്രമല്ല, മിക്കയാളുകളുടെയും സ്ഥിര വൈകല്യത്തിനും പ്രധാനം കാരണം പക്ഷാഘാതം തന്നെ. ഇന്നത്തെ കാലത്ത് പക്ഷാഘാതം വന്നതുമൂലം മിക്കയാളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചലനശേഷി നഷ്ടപ്പെടൽ. വർഷങ്ങൾ നീണ്ടു നിൽക്കുന്ന പരമ്പരാഗത ഫിസിയോതെറാപ്പി ചികിത്സ ചില രോഗികളെ സംബന്ധിച്ച് പ്രതീക്ഷകൾ നഷ്ടപ്പെടുന്നതിന് തുല്യമാണ്. എന്നാൽ ചലനശേഷി നഷ്ടപ്പെട്ടവരുടെ ജീവിതത്തിൽ പ്രതീക്ഷകളേകാൻ ഒരു റോബോട്ടിന് സാധിച്ചാലോ? നാല് വർഷങ്ങൾക്ക് മുമ്പ് മലയാളികളുടെ സ്റ്റാർട്ടപ്പ് കമ്പനിയായ ജെൻറോബോട്ടിക്സ് വികസിപ്പിച്ചെടുത്ത ജി-ഗെയ്റ്റർ എന്ന റോബോയെക്കുറിച്ചാണ് ഇനി പറഞ്ഞുവരുന്നത്.
പക്ഷാഘാതം വന്ന് ശരീരം തളർന്നുപോയ ഒരു വ്യക്തിയെ ജി-ഗെയ്റ്ററിന്റെ സഹായത്തോടെ ലഭ്യമാക്കുന്ന ചികിത്സയിൽ മാസങ്ങൾക്കൊണ്ട് എഴുന്നേൽപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സമാനമായ വിദേശ കമ്പനികളുടെ സാങ്കേതികവിദ്യയ്ക്ക് എട്ട് കോടിക്ക് മുകളിൽ ചെലവാകുമ്പോൾ ജി-ഗെയ്റ്ററിന് വേണ്ടി വെറും ഒന്നരക്കോടി മുടക്കിയാൽ മതി. ഏഴ് വർഷത്തെ ഗവേഷണങ്ങൾക്കും പരിശ്രമങ്ങൾക്കും ശേഷം വികസിപ്പിച്ച ജി-ഗെയ്റ്റർ ഇന്ത്യൻ ആരോഗ്യ മേഖലയ്ക്ക് നിർണായകമായ സംഭാവനയാണ്. ഇന്ന് ഇന്ത്യയിലെ ആറോളം ആശുപത്രികളിൽ രോഗികൾക്ക് തുണയാകുന്ന ജി-ഗെയ്റ്ററിന്റെ യാത്രയും അതുണ്ടാക്കിയ മാറ്റവും അറിയാം...
ജി ഗെയ്റ്റർ വന്ന വഴി
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആരോഗ്യ മേഖലയ്ക്ക് വേണ്ടി നിർണായകമായ സംഭാവനകൾ നൽകണമെന്ന ജെൻറോബോട്ടിക്സിന്റെ ഉറച്ച ബോദ്ധ്യമാണ് ഇപ്പോൾ കാണുന്ന ജി-ഗെയ്റ്റർ. പക്ഷാഘാതം ബാധിച്ച് നമ്മുടെ ജനസംഖ്യയുടെ ഒരു വിഭാഗം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം, ഈ ആശയത്തിൽ ഊന്നി നടത്തിയ ഗവേഷണമായിരുന്നു ജി-ഗെയ്റ്റർ രൂപപ്പെടാനിടയായതിന്റെ തുടക്കം. ഇന്ത്യയിൽ ഒന്നരക്കോടിയോളം ജനതയാണ് പക്ഷാഘാതം കാരണം അവശത അനുഭവിക്കുന്നത്. മാത്രമല്ല, അപകടങ്ങളും മറ്റ് കാരണങ്ങളാലും ചലനശേഷി നഷ്ടപ്പെട്ട ഒരു ജനത മറ്റൊരു ഭാഗത്ത്.
21 ദിവസത്തിനുള്ളിൽ
പക്ഷാഘാതം കാരണം തളർന്നുപോയ ഒരു മനുഷ്യന് 21 ദിവസത്തിനുള്ളിൽ കൃത്യമായ ചികിത്സ ലഭിച്ചാൽ പഴയതുപോലെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാദ്ധ്യതകൾ വളരെ കൂടുതലാണ്. എന്നാൽ നമ്മുടെ ആരോഗ്യ സംവിധാനത്തിൽ ഒരു ഫിസിയോതെറാപ്പിസ്റ്റ് തന്റെ ശാരീരിക അദ്ധ്വാനം ഉപയോഗിച്ച് പൂർവസ്ഥിതിയിലാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, തളർന്നുപോയ ഒരു വ്യക്തിയെ ദിവസേന ഒരേ മാതൃകയിൽ ആയിരം സ്റ്റെപ്പുകളോളം നടത്തിക്കാൻ ഒരു ഫിസിയോ തെറാപ്പിസ്റ്റിന് പരിമിതികൾ ഏറെയുണ്ട്. ഈ ചികിത്സ കൃത്യമായി പ്രോഗ്രാം ചെയ്ത ഒരു റോബോട്ട് ഏറ്റെടുത്താൽ സാദ്ധ്യമാകുന്ന മാറ്റമാണ് ജി-ഗെയ്റ്ററിന്റെ വിജയമെന്ന് പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു.
പരീക്ഷണ ഘട്ടത്തിലെ വിജയം
ജെൻറോബോട്ടിക്സിന്റെ അണിയറയിൽ നടന്ന ഗവേഷണങ്ങൾക്ക് പിന്നാലെ 2020ൽ ജി-ഗെയ്റ്ററിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തു. മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു ഫിസിയോ ക്ലിനിക്കിലാണ് ആദ്യഘട്ട പരീക്ഷണം കമ്പനി നടത്തിയത്. വെറും രണ്ടാഴ്ചകൊണ്ട് കൃത്യമായ മാറ്റം രോഗികളിൽ ഉണ്ടാക്കിയെടുക്കാൻ ജി-ഗെയ്റ്ററിന് സാധിച്ചത് മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് നിർണായകമായി. പിന്നീട് വരുത്തിയ ചില മാറ്റങ്ങളോടെ 2022 ഒക്ടോബർ മാസത്തിൽ ജി-ഗെയ്റ്റർ ഔദ്യോഗികമായി പുറത്തിറക്കി.
ആദ്യ ജി-ഗെയ്റ്റർ
തിരുവനന്തപുരം ശാസ്തമംഗലത്തുള്ള എസ്‌പി വെൽഫോർട്ട് ആശുപത്രിക്കാണ് ജി-ഗെയ്റ്റർ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ കൈമാറുന്നത്. ഈ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആദർശ് ഫൗണ്ടേഷനുമായി ചേർന്ന് ഒരുപാട് രോഗികളിലേക്ക് ജി-ഗെയ്റ്ററിന്റെ സേവനം ലഭ്യമാക്കി. ഇവിടെയുള്ള അമ്പതോളം രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകാൻ ജി-ഗെയ്റ്ററിന് സാധിച്ചു. മികച്ച ചികിത്സ വാഗ്ദ്ധാനം ചെയ്യണമെന്ന് ജെൻറോബോട്ടിക്സിന് നിർബന്ധമുള്ളതുകൊണ്ട് രണ്ടാമതായി പുറത്തിറക്കിയ ജി-ഗെയ്റ്ററിൽ കൂടുതൽ അപ്‌ഡേറ്റുകൾ വരുത്താൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചു.
'ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഫിസിക്കൽ മെഡിസിൻ, റീഹാബിലിറ്റേഷൻ എന്നീ മേഖലകൾ മെച്ചപ്പെടുത്തുന്നതിനും മുന്നേറുന്നതിനുമുള്ള ശ്രമത്തിലാണ് ജെൻറോബോട്ടിക്സ്. ചുറ്റുമുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയും ഇന്ത്യയിലെ പ്രധാനപ്പെട്ട സ്വകാര്യ, സർക്കാർ ആശുപത്രികളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് ഞങ്ങൾ'-
വിമൽ ഗോവിന്ദ്, സിഇഒ, ജെൻറോബോട്ടിക്സ്
കണ്ണൂരിലുള്ള തണൽ റീഹാബിലിറ്റേഷൻ കേന്ദ്രത്തിലേക്കാണ് രണ്ടാമത്തെ ജി-ഗെയ്റ്റർ കൈമാറിയത്. ഇത് ദിവസേന നൂറുകണക്കിന് രോഗികൾക്ക് ആശ്രയമായി. ഈ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന ചികിത്സയ്‌ക്കൊപ്പം ജി-ഗെയ്റ്ററിന്റെ സഹായം കൂടെ ലഭ്യമായതോടെ നിരവധി രോഗികൾ പഴയ ജീവിതത്തിലേക്ക് തിരികെ നടന്നു. ജെൻറോബോട്ടിക്സിന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ട നാഴികക്കല്ലായി അത് മാറി.
അരിക്കോടുള്ള ആസ്റ്റർ മദർ ആശുപത്രി, തിരുവനന്തപുരം കിംസ്, അമൃത ആശുപത്രി കൊച്ചി എന്നിവിടങ്ങളിലാണ് ജി-ഗെയ്റ്ററിന്റെ സഹായത്തോടെ ചികിത്സ ലഭ്യമാകുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എയിംസ് അടക്കമുള്ള വലിയ ആശുപത്രികളിൽ നിന്നും ജി-ഗെയ്റ്ററിനെക്കുറിച്ച് അന്വേഷണം വരുന്നുണ്ട്. കൂടാതെ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ നിന്നും ജി-ഗെയ്റ്ററിനെക്കുറിച്ച് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത
സമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയാണ് ജെൻ റോബോട്ടിക്സിന്റെ പ്രവർത്തനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പോലും ജി-ഗെയ്റ്ററിന്റെ സഹായം ലഭ്യമാകണമെന്ന് കമ്പനി നേതൃത്വത്തിന് നിർബന്ധമുണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കെ-ഡിസ്‌കുമായി സഹകരിച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിക്കായി ജി-ഗെയ്റ്റർ നൽകാൻ കമ്പനി തീരുമാനിച്ചു.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ച് നടന്ന കേരളീയം പരിപാടിയിൽ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സാന്നിദ്ധ്യത്തിലാണ് ജി-ഗെയ്റ്റർ കൈമാറിയത്. സാധാരണക്കാരായ ഒരുപാട് രോഗികൾക്ക് ഉപകാരമാകുന്ന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |