നെടുമ്പാശേരി: ഇന്ത്യൻ വ്യോമയാന ഭൂപടത്തിൽ കൊച്ചിയെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ട് 50 കോടിയുടെ മെഗാ പദ്ധതിയുമായി കൊച്ചിൻ ഇന്റർനാഷണൽ ഏവിയേഷൻ സർവീസ് ലിമിറ്റഡ് (സി.ഐ.എ.എസ്.എൽ). വിമാന അറ്റകുറ്റപ്പണികൾക്കായി (എം.ആർ.ഒ) കൊച്ചി എയർപോർട്ടിൽ മൂന്നാമത്തെ കൂറ്റൻ ഹാംഗറിന്റെ നിർമ്മാണം സി.ഐ.എ.എസ്.എൽ ചെയർമാൻ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.എ.എസ്.എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ. പൂവട്ടിൽ അദ്ധ്യക്ഷനായി.
53,800 ചതുരശ്രയടിയിൽ നിർമ്മിക്കുന്ന ഹാംഗറിനോട് ചേർന്ന്, 7000 ചതുരശ്ര അടിയിൽ പ്രത്യേക ഓഫീസ്, വർക്ക്‌ഷോപ്പ്, കംപോണന്റ് റിപ്പയറിനും നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗിനുമുള്ള സൗകര്യം എന്നിവ ഒരുക്കും. എട്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിന് പുറമെ നാഗ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് രാജ്യത്തെ പ്രധാന എയർക്രാഫ്റ്റ് മെയിന്റനൻസ് കേന്ദ്രങ്ങളുള്ളത്. കേരളത്തിൽ തിരുവനന്തപുരത്തും എം.ആർ.ഒ സംവിധാനമുണ്ട്.
പുതിയ പദ്ധതി സംസ്ഥാനത്ത് വലിയ തൊഴിൽ സാദ്ധ്യതകളാണ് തുറന്നിടുന്നത്. നാനൂറിലധികം പേർക്ക് നേരിട്ടും ആയിരത്തിലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. അടിസ്ഥാന സൗകര്യ വികസനത്തിൽ മാതൃകയായ കൊച്ചി എയർപോർട്ട്, പുതിയ എം.ആർ.ഒ ഹബ് യാഥാർത്ഥ്യമാക്കുന്നതോടെ വ്യോമയാന മേഖലയിൽ കൊച്ചിയെ മികവിന്റെ കേന്ദ്രമാക്കി മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |