തിരുവനന്തപുരം: കേരള സർവകലാശാലയുടെ കഴിഞ്ഞ കലോത്സവത്തിൽ വ്യക്തിഗത ഇനങ്ങളിലെ വിജയികൾക്കുള്ള ഗ്രേസ് മാർക്കിന് വി.സി ഡോ.മോഹനൻ കുന്നുമ്മൽ അംഗീകാരം നൽകി. എന്നാൽ വ്യാപക ക്രമക്കേടുണ്ടായെന്ന ആക്ഷേപത്തെ തുടർന്ന് സംഘ ഇനങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളിൽ അദ്ദേഹം ഒപ്പുവച്ചില്ല. ഗ്രേസ് മാർക്ക് നേടിയെടുക്കാൻ വിദ്യാർത്ഥികളെ കൂട്ടത്തോടെ സംഘയിനങ്ങളിൽ പങ്കെടുപ്പിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നിരവധി ഗ്രൂപ്പുകൾക്ക് നൽകിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനുള്ള സിൻഡിക്കേറ്റ് ഉപസമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.
അവസാന സെമസ്റ്റർ ബിരുദ പരീക്ഷയെഴുതുന്നവരുടെ ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയാണ് മുൻകാലങ്ങളിൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നത്. വി.സി അംഗീകരിക്കാത്തതിനാൽ ഇത്തവണ ഗ്രേസ് മാർക്കില്ലാതെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 10മുതൽ 12പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ് മത്സര വിജയികൾക്ക് ഓരോ പേപ്പറിനും 6% മാർക്ക് അധികമായി ലഭിക്കും. അതിനാലാണ് നിരവധി ഗ്രൂപ്പുകൾക്ക് ആദ്യ സ്ഥാനങ്ങൾ നൽകിയതെന്നാണ് പരാതി.
വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ്‌മുട്ട്, ഒപ്പന, വൃന്ദവാദ്യം, സമൂഹഗാനം, മാർഗംകളി എന്നിവയിൽ പങ്കെടുത്ത എഴുപതോളം ടീമുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകിയതിലൂടെ 800 ഓളം വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി. ഓരോരുത്തർക്കും 60 ഗ്രേസ്‌മാർക്ക് വരെ ലഭിക്കുമായിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ നൽകുന്ന പട്ടിക അംഗീകരിച്ച് ഗ്രേസ് മാർക്ക് നൽകുന്നതിനെതിരെയും പരാതിയുണ്ടായിരുന്നു. ഗ്രൂപ്പ് ഇനങ്ങളിൽ മത്സരിക്കാത്തവരുടെ പേരുകൾ എഴുതിച്ചേർത്തതായും ആക്ഷേപമുണ്ട്. ഫലപ്രഖ്യാപനത്തിലെ തർക്കത്തിനിടെ വിധികർത്താക്കളെ കൈയേറ്റം ചെയ്തതും കണ്ണൂർ സ്വദേശിയായ നൃത്താദ്ധ്യാപകൻ ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു.
എൽ എൽ.ബി എൻട്രൻസ്
തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എൽ എൽ.ബി പ്രവേശന പരീക്ഷയ്ക്ക് 6ന് ഉച്ചയ്ക്ക് 12വരെ അപേക്ഷിക്കാം. വിജ്ഞാപനം www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ- 04712525300
എൽ.എൽ.എം എൻട്രൻസ് അപേക്ഷ 6വരെ
തിരുവനന്തപുരം: എൽ.എൽ.എം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ആറിന് ഉച്ചയ്ക്ക് 12വരെ നീട്ടി. വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ യോഗ്യതാ പരീക്ഷയുടെ മാർക്കും നാറ്റാ സ്കോറും ഓൺലൈനായി ഇന്നുച്ചയ്ക്ക് 12വരെ നൽകാം. വിജ്ഞാപനം www.cee.kerala.gov.in ൽ. ഹെൽപ്പ് ലൈൻ- 04712525300
വയനാട് ദുരന്തം: അഭിമുഖം മാറ്റി
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വയനാട് സർക്കാർ എൻജിനിയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അസി. പ്രൊഫസർ നിയമനത്തിനായി 5ന് നടത്താൻ നിശ്ചയിച്ച അഭിമുഖം പ്രകൃതി ദുരന്തവും പ്രതികൂല കാലാവസ്ഥയും കാരണം 13 ലേക്ക് മാറ്റി.
എം.ബി.എ സ്പോട്ട് അഡ്മിഷൻ
വർക്കല: ശിവഗിരിയിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സെന്ററിൽ 2024-2026 എം.ബി.എ ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 5,6,7 തീയതികളിൽ നടക്കും.50 ശതമാനം മാർക്കോടെ ബിരുദവും കെ-മാറ്റ്/സി-മാറ്റ് എൻട്രൻസ് സ്കോർ കാർഡുമുള്ള വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി,പ്ലസ്ടു ,കെ-മാറ്റ്/സി-മാറ്റ് അസൽ സർട്ടിഫിക്കറ്റുകളുമായി യു.ഐ.എം സെന്ററിൽ എത്തണം. സംവരണ വിഭാഗത്തിന് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഫോൺ: 7907186780, 9497471605,7510759925, 9747097793
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |