നടി സുകുമാരിയുടെ അവസാന നാളുകളെ കുറിച്ച് വെളിപ്പെടുത്തി നിർമ്മാതാവും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. വളരെ വലിയ ദൈവ വിശ്വാസിയായിരുന്നിട്ടു കൂടി സുകുമാരിക്ക് കേൾക്കേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ച് അഷ്‌റഫ് വെളിപ്പെടുത്തുന്നു.
''പ്രിയദർശനും ലിസിയും തമ്മിലുള്ള പ്രണയകാലത്ത് ലിസിയെ കൂടുതൽ സുരക്ഷിതമായ ഒരു സ്ഥലത്ത് താമസിപ്പിക്കണമെന്നുള്ള പ്രിയന്റെ തീരുമാനമനുസരിച്ച് സുകുമാരി ചേച്ചിയുടെ വീട്ടിലാണ് താമസിപ്പിച്ചത്. പെൺമക്കളില്ലാതിരുന്ന ചേച്ചി, ലിസിയെ സ്വന്തം മകളെ പോലെയാണ് മനസിൽ പ്രതിഷ്‌ഠിച്ചത്. അതിന്റെ പേരിൽ ഒരുപാട് പഴികൾ സുകുമാരി ചേച്ചി കേൾക്കേണ്ടി വന്നു. കൂട്ടിക്കൊടുപ്പുകാരി എന്നുവരെ പലരും ചാനലിലൂടെ വിളിച്ചു പറഞ്ഞു. ആ പറഞ്ഞവർ ഒരുകാര്യം ആലോചിക്കണം. സുകുമാരി ചേച്ചി മരണക്കിടക്കയിൽ ഐസിയുവിൽ കിടക്കുമ്പോൾ സന്ദർശകരെ കാണാൻ അനുവദിച്ചില്ല. ആ സമയത്ത് ഒറ്റ ആഗ്രഹമേ അവർ പറഞ്ഞുള്ളൂ. ലിസിയെ അവസാനമായി കാണണമെന്ന്. ലിസി ചെന്നു. പ്രസവിച്ചാൽ മാത്രമല്ല അമ്മയാകുന്നത് സ്നേഹം കൊണ്ടും ആകാമെന്ന് സുകുമാരി ചേച്ചി തെളിയിച്ചു.
സുകുമാരി ചേച്ചി വലിയൊരു ഭക്ത കൂടിയായിരുന്നു. അപകടം നടന്ന ദിവസം ലേറ്റായിട്ടാണ് സുകുമാരി ചേച്ചി എഴുന്നേറ്റത്. മകൻ സുരേഷ് പൂജാ മുറിയിൽ അമ്മയ‌്ക്ക് പ്രാർത്ഥിക്കാനുള്ള ഒരുക്കങ്ങൾ ചെയ്‌തിട്ടാണ് പോയത്. പോളിസ്‌റ്റർ മാക്‌സിയാണ് അന്ന് ചേച്ചി ധരിച്ചിരുന്നത്. വിളക്കിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പിടിക്കുകയായിരുന്നു. അപ്പോൾ ചേച്ചി അറിഞ്ഞില്ല. തീ പടർന്ന് പിടിച്ച് ചൂട് തട്ടിയപ്പോഴേക്കും താമസിച്ചു പോയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നില കുറച്ച് പരുങ്ങലിലായിരുന്നു. തുടർന്ന് ഐസിയുവിലേക്ക് മാറ്റി.
സുകുമാരി ചേച്ചിയെ കാണാൻ ആരെയും അനുവദിച്ചില്ല. അവരോടൊക്കെ വഴക്കുണ്ടാക്കിയാണ് സീമ അകത്ത് കയറിയത്. സീമയോട് സുകുമാരി ചേച്ചി പറഞ്ഞ ആഗ്രഹമായിരുന്നു ലിസിയെ കാണണമെന്ന്. പിന്നീടാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എത്തുന്നത്. അവർ അങ്ങനെ ആരെയും കാണാൻ പോകാത്ത ആളാണ്. തമിഴ്നാട് സർക്കാരിന്റെ കൂടി ശുപാർശയിലാണ് സുകുമാരി ചേച്ചിക്ക് പദ്‌മശ്രീ ലഭിച്ചത്. കേരളം സുകുമാരി ചേച്ചിയെ അവഗണിച്ചിരുന്നു എന്നത് സത്യമായ കാര്യമാണ്''-. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |