കൽപ്പറ്റ: വയനാട്ടിൽ ദുരന്തം വിതച്ച സ്ഥലങ്ങൾ കാണാൻ ധാരാളംപേർ അവിടേക്ക് എത്തുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നു. ദുരന്തബാധിത പ്രദേശങ്ങൾ അനാവശ്യമായി സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് നിരന്തരം പൊലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും പലരും ചെവിക്കൊള്ളുന്നില്ല. ഇത്തരം ദുരന്തപ്രദേശങ്ങളിലേക്ക് ആളുകൾ കാഴ്ചകൾ കാണാൻ വരുന്നതിനെ ഡിസാസ്റ്റർ ടൂറിസം (ഡാർക്ക് ടൂറിസം) എന്നാണ് വിളിക്കുന്നത്.
ദുരന്തപ്രദേശം കണ്ടിട്ട് പോവുകയാണ് പലരും. ഒഴിഞ്ഞുപോയ വീടുകളിലടക്കമെത്തി പലരും ദൃശ്യങ്ങൾ പകർത്തുന്നു. ക്യാമ്പുകളിലും പലരുമെത്തുന്നുണ്ട്. കേരളത്തിലെ ടൂറിസം മേഖലയുടെ നട്ടെല്ലായ വയനാടാണ് ഇപ്പോൾ തകർന്നുകിടക്കുന്നത്. വയനാടൻ ടൂറിസത്തിന്റെ അതിജീവനം എന്നു സാദ്ധ്യമാകുമെന്നു പോലും ഉറപ്പില്ല. അതിനിടെയാണ് ദുരന്തമേഖലയിലേക്കുള്ള അനാവശ്യ സന്ദർശനം.
ഡാർക്ക് ടൂറിസം
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറംനാടുകളിൽ നിന്ന് ആളുകൾ കാഴ്ച കാണാനായി എത്തുന്നതിനെ വിളിക്കുന്നത്. മരണം, ദുരിതം, ദുരന്തം, അക്രമം, അസുഖകരമായ അസ്വാഭാവിക പ്രവർത്തനങ്ങൾ എന്നിവയുമായൊക്കെ ബന്ധപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്രകളും സന്ദർശനങ്ങളും ഇതിന്റെ പരിധിയിൽ വരും. ശ്മശാനങ്ങൾ, ശവകുടീരങ്ങൾ, മോർച്ചറികൾ, ദുരന്തബാധിത പ്രദേശങ്ങൾ, യുദ്ധക്കളങ്ങൾ, സ്മാരകങ്ങൾ, ജയിലുകൾ, വധശിക്ഷ നടപ്പാക്കുന്ന സ്ഥലങ്ങൾ, കുറ്റകൃത്യങ്ങൾ നടക്കുന്ന ഇടങ്ങൾ എന്നിവയെല്ലാം ഡാർക്ക് ടൂറിസം സ്‌പോട്ടുകളായാണ് കണക്കാക്കുന്നത്. ചെർണോബിൽ ദുരന്തം നടന്ന ഇടം, അമേരിക്കയിൽ 9/11 ആക്രമണം നടന്ന സ്ഥലം എന്നിവയൊക്കെ ഡാർക്ക് ടൂറിസം സ്‌പോട്ടുകളാണ്.
ഡാർക്ക് ടൂറിസം
അനുവദിക്കില്ല:
മന്ത്രി റിയാസ്
ഡിസാസ്റ്റർ ടൂറിസത്തെ ഒരുനിലയ്ക്കും പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദുരന്തം നടന്ന സ്ഥലം ഒന്നുകണ്ടുകളയാമെന്ന് കരുതി വരുന്നവരുണ്ട്. അത് ഡാർക്ക് ടൂറിസമാണ്. ഇത് അനുവദിക്കില്ല. കർശനനിലപാട് സ്വീകരിക്കും. ജനങ്ങൾ ഇക്കാര്യവുമായി സഹകരിക്കണം. എല്ലാവരും നല്ല മനസോടെ വരുന്നവരാണ്. എന്നാൽ, ആളുകൾ ഒന്നാകെ എത്തുമ്പോഴുള്ള ബുദ്ധിമുട്ട് ചെറുതല്ല. അത് മനസിലാക്കി ജനങ്ങൾ നിലപാട് സ്വീകരിക്കണം. ജനപ്രതിനിധികളോ മറ്റ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരോ വരുന്നതിൽ തെറ്റില്ല. അവർ എത്തുകയും കാര്യങ്ങൾ മനസിലാക്കുകയും അവരുടേതായ നിർദ്ദേശങ്ങൾ നൽകുകയും വേണം. അതേസമയം ആളുകൾ അനാവശ്യമായി എത്തുന്നത് ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |