അപകടം തിരുവനന്തപുരം പള്ളിപ്പുറത്ത്
തിരുവനന്തപുരം: ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബികയുടെയും സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗം കോരാണി ചായ്‌ക്കോട്ടു വീട്ടിൽ വാരിജാക്ഷന്റെയും മകൻ വി.എ.വിനീത് (ചന്തു, 34) വാഹനാപകടത്തിൽ മരിച്ചു. വിനീത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചാണ് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോരാണി സ്വദേശി അക്ഷയിന് ഗുരതര പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5.30ന് ദേശീയപാത സർവീസ് റോഡിൽ പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീതിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കുള്ളിലെ രക്തസ്രാവത്തെ തുടർന്ന് അക്ഷയ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വിനീതിന്റെ 34-ാം പിറന്നാളായിരുന്നു ഇന്നലെ. ഇടയ്‌ക്കോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.എം ഇടയ്‌ക്കോട് ലോക്കൽ കമ്മിറ്റിയംഗവുമാണ്.
ശംഖുംമുഖത്തെ തിര സീഫുഡ് കഫേ എന്ന തന്റെ റെസ്റ്റോറന്റ് അടച്ചശേഷം അക്ഷയുമൊത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആരാണ് സ്കൂട്ടർ ഓടിച്ചിരുന്നതെന്ന് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാലേ വ്യക്തമാകൂയെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.
വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഇതോടിച്ചിരുന്ന വർക്കല ചെറുന്നിയൂർ സ്വദേശി സുരാജിനെ കസ്റ്റഡിയിലെടുത്തശേഷം ജാമ്യത്തിൽ വിട്ടു. കാറിലുണ്ടായിരുന്ന വിമാനത്താവളത്തിലേക്ക് പോകേണ്ടയാൾ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. ദേശീയപാതയിൽ പണി നടക്കുന്നതിനാൽ ഈ ഭാഗത്ത് സർവീസ് റോഡുകളിലൂടെയാണ് വാഹന ഗതാഗതം. മറുഭാഗത്തെ സർവീസ് റോഡിലൂടെ പോകേണ്ട കാർ സ്കൂട്ടർ സഞ്ചരിച്ചിരുന്ന റോഡിലൂടെ എതിർദിശയിൽ എത്തിയപ്പോഴായിരുന്നു അപകടം.
സംസ്കാരം ഇന്നലെ വൈകിട്ട് നാലോടെ വീട്ടുവളപ്പിൽ നടന്നു. ഭാര്യ: പ്രിയ. മകൾ: രണ്ടുവയസുകാരി അലൈഡ. സഹോദരൻ: സംസ്ഥാന യുവജന കമ്മിഷനംഗവും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ വി.എ.വിനീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |