കണ്ണടച്ച് പാതി മയക്കത്തിൽ വയനാട്ടിലേക്കൊരു യാത്ര.ബസ് ചുരം കയറാൻ തുടങ്ങുമ്പോൾ തന്നെ അറിയാം വയനാട് അതിർത്തിയിൽ എത്തിയിരിക്കുന്നുവെന്ന്. ഒരു നല്ല തണുത്ത കാറ്റ് നമ്മെ തലോടും.ചുട്ട് പൊളളുന്ന അന്തരീക്ഷത്തിൽ നിന്ന് എത്തുന്നവർക്ക് ഇത് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയായിരിക്കും.പിന്നെ കണ്ണിനും മനസിനും കുളിർമ്മ.വയനാട്.അതൊരു സ്വർഗ്ഗമാണ്.
സഞ്ചാര സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാടിന്റെ വിഷകന്യകയിൽ വയനാടിനെക്കുറിച്ച് നന്നായി വിവരിച്ചിട്ടുണ്ട്. ഇവിടുത്തെ മണ്ണിനെയും മനുഷ്യരെയും കുറിച്ച്. ഒരു പക്ഷെ വയനാടിനെ ഇത്രമാത്രം വിവരിച്ച ഒരു സഞ്ചാര സാഹിത്യകാരൻ എസ്.കെ.അല്ലാതെ വേറെയുണ്ടാവില്ല. യാത്രാ സൗകര്യം പോലും ഇല്ലാതിരുന്ന ഒരു കാലത്തായിരിക്കണമല്ലോ അദ്ദേഹം വയനാട്ടിൽ വന്ന് ഇവിടെയുളള മണ്ണിനെയും മനുഷ്യരെയും കണ്ട് അവരുടെ ജീവിതം ഒപ്പിയെടുത്തത്.വയനാടിന്റെ ഒരു നേർ ചിത്രം വിഷ കന്യകയിൽ കാണാം.പിന്നെ നിരവധി എഴുത്തുകാർ ഈ മണ്ണിനെക്കുറിച്ച് പറയാൻ മുന്നോട്ട് വന്നു.അതിൽ മറക്കാൻ പറ്റില്ല കെ.പാനൂരിനെ.വയനാട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനായി വന്ന കെ.പാനൂരും വരച്ച് കാട്ടി ഇവിടെയുളള മണ്ണിനെയും പെണ്ണിനെയും കുറിച്ചാെക്കെ.നരക ജീവിതം നയിക്കുന്നവരെക്കുറിച്ചു കൂടി കെ.പാനൂർ പറഞ്ഞപ്പോൾ സാംസ്ക്കാരിക കേരളം ഞെട്ടി.അങ്ങനെയും മനുഷ്യർ ഇവിടെ ഉണ്ടോ എന്ന് ചോദിച്ച് നെറ്റി ചുളിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 2100 അടി ഉയരത്തിൽ കിടക്കുന്ന വയനാടിനെക്കുറിച്ച് ബ്രിട്ടീഷുകാർക്ക് നേരത്തെ അറിയാമായിരുന്നു. ലാഭക്കൊതിയുമായി അവർ ഊടു വഴികളിലൂടെ വയനാട് കയറി.അന്ന് ചുരം ഇല്ലായിരുന്നു. പിന്നീട് കെന്നഡി എന്ന എൻജിനീയറാണ് ചുരം പാത നിർമ്മിക്കുന്നത്.കരിന്തണ്ടൻ എന്ന ആദിവാസി ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാർക്ക് വയനാട്ടിലേക്ക് എത്താനായി കാണിച്ച് കൊടുത്ത പാതയാണ് ഇന്നത്തെ താമരശ്ശേരി ചുരമെന്ന് ഐതീഹ്യമുണ്ട്. ഏതായാലും കെന്നഡി നിർമ്മിച്ച പാത ബ്രിട്ടീഷുകാർക്ക് വയനാട്ടിലേക്ക് വരാൻ വഴിയൊരുക്കി.ഈ മണ്ണ് ബ്രിട്ടീഷുകാർ പരമാവധി ചൂഷണം ചെയ്തു.റോബിൻസൺ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അന്നത്തെ മലബാർ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ എല്ലാം വ്യക്തമാക്കുന്നുണ്ട്.വയനാട്ടിലേക്ക് ചുരം കയറിയ ബ്രിട്ടീഷുകാർക്ക് ഇവിടെയുളള അവസ്ഥ സുഖകരമായതല്ലായിരുന്നു.എങ്ങും ഘോര വനം.മരം കോച്ചുന്ന കൊടും തണുപ്പ്.പോരാത്തതിന് മലമ്പനിയും.എങ്കിലും പ്രതിസന്ധിയെ മറികടന്ന് അവർ ഇവിടെ തന്നെ നിലനിന്നു. കാടും മേടും വെട്ടിത്തെളിച്ച് ഈ മണ്ണിൽ കാപ്പിയും ഏലവും തേയിലയും വച്ച് പിടിപ്പിച്ചു. അങ്ങനെ ഇവിടെ നിന്ന് അവർ ലാഭം കൊയ്തു. എല്ലാം ചുരം വഴി അവർ ഇവിടെ നിന്ന് കടത്തി.ആദ്യമൊക്കെ കുതിര വണ്ടിയും കാളവണ്ടിയും ഇതുവഴി കടന്ന് ചുമടുമായി കഴുതകളും ചുരമിറങ്ങി.
പിന്നെ കാലക്രമേണ വയനാട്ടിലേക്കുളള ചുരം പാത നവീകരണത്തിന്റെ പാതയിലേക്ക്.ബസ് സർവീസ് ഉൾപ്പെടെയുളള വാഹനങ്ങൾ ചുരം കയറാൻ തടങ്ങി. പിന്നെ എല്ലാം എളുപ്പമായി.ബ്രിട്ടീഷുകാർക്ക് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു.വയനാട്ടിലെ സ്വർണ്ണം.അതിനായി അവർ തരിയോടും മേപ്പാടി പ്രദേശത്തുമൊക്കെ സ്വർണ്ണഖനിക്കായി പദ്ധതിയിട്ടു.തരിയോട് അങ്ങാടി ഇപ്പോൾ ബാണാസുര സാഗർ ഡാമിന്റെ വെളളത്തിനടിയിലാണ്. ബ്രിട്ടീഷുകാർ സ്വർണ്ണഖനനയവുമായി ബന്ധപ്പെട്ട് നടത്തിയ ചരിത്ര ശേഷിപ്പുകൾ എല്ലാം ഡാമിനുളളിലുമായി. വയനാട്ടിലേക്കുളള പാത ഏതാണ്ട് സൗകര്യപ്രദമായതോടെ വയനാട്ടിലേക്കുളള യാത്രയും തുടങ്ങി.സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പലരും ഒളിവിൽ കഴിയാൻ വേണ്ടി വയനാട്ടിലേക്ക് ചുരം കയറി. വയനാടിന്റെ വിവിധ ഭാഗങ്ങൾ ഇതിനായി തെരഞ്ഞെടുത്തു. ടിപ്പു സുൽത്താനും പഴശ്ശിരാജയും പടനയിച്ചതും വയനാടിനെ ശ്രദ്ധേയമാക്കി. ടിപ്പുസുൽത്താനും പഴശ്ശിരാജയും വയനാടിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പോരാട്ടവും ചരിത്രത്തിൽ ഇടം കൊണ്ടു.1805 നവംബർ മുപ്പതിനാണ് പഴശ്ശിരാജാവ് പുൽപ്പളളി മാവിലാം തേടിന്റെ കരയിൽ വച്ച് വെടിയേറ്റ് മരണപ്പെട്ടത്. വയനാട്ടിലെ മണ്ണിന്റെ മക്കളായ ആദിവാസികൾ അടക്കമുളള ജനത പഴശ്ശി സമരത്തിന്റെ ഭാഗമായി മാറി. 1867 ഓടെ വയനാട് ജില്ലയിലേക്ക് ജനങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാർ ഇവിടെ നട്ട തേയിലും കാപ്പിയും കുരുമുളകും ഏലവും എല്ലാം വളക്കൂറുളള മണ്ണിൽ നന്നായി വേരോട്ടം നടത്തി. ഇതോടെ തിരുവിതാംകൂറിൽ നിന്നും കൊച്ചിയിൽ നിന്നും മറ്റുമായി വയനാട്ടിലേക്ക് കുടിയേറ്റം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |