കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരില്‍ ഇനിയും തിരിച്ചറിയാത്തവരുടെ ശവസംസ്‌കാരം പുത്തുമലയില്‍ പുരോഗമിക്കുന്നു. 200 കൂട്ടക്കുഴിമാടങ്ങളാണ് ഇവര്‍ക്കായി ഒരുക്കിയത്. സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. 27 പേരുടെ മൃതദേഹങ്ങളും 154 പേരുടെ ശരീരഭാഗങ്ങളുമാണ് സംസ്‌കരിക്കുന്നത്. സര്‍വമത പ്രാര്‍ത്ഥനയോടെയാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്. ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും മറ്റും ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്.
ഓരോ ശരീരഭാഗങ്ങളെയും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചായിരിക്കും അടക്കം ചെയ്യുക. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാര്‍ത്ഥനകളും അന്ത്യോപചാരവും നല്‍കിയാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്.
അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ എട്ട് എണ്ണം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്‌കാരമാണ് ഇന്ന് നടന്നത്. ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. സൈന്യം തീരുമാനിക്കുന്നത് വരെ തെരച്ചില്‍ നടപടികള്‍ തുടരാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം ശവസംസ്‌കാര ചടങ്ങുകള്‍ നാടിന്റെയാകെ നൊമ്പരമായി മാറി. വെള്ളത്തുണിക്കെട്ടിനുള്ളില്‍ പൊതിഞ്ഞ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തങ്ങളുടെ ഉറ്റവരുടേതാണോയെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലൂടെയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും കടന്ന് പോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |