പാരീസ്: ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ തോല്‍വി വഴങ്ങി. മലേഷ്യയുടെ ലി സി ജിയയോടാണ് ഇന്ത്യന്‍ താരം തോറ്റത്. ആദ്യ ഗെയിം 21-13ന് നേടിയ ശേഷമാണ് 16-21, 11-21 എന്ന സ്‌കോറുകള്‍ക്ക് സെന്‍ അടിയറവ് പറഞ്ഞത്. ഇതോടെ ഇത്തവണത്തെ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ബാഡ്മിന്റണില്‍ മെഡല്‍ ലഭിക്കാതെയായി. ഇന്നത്തെ മത്സരം ജയിച്ചിരുന്നുവെങ്കില്‍ ബാഡ്മിന്റണില്‍ ആദ്യമായി മെഡല്‍ നേടുന്ന ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോര്‍ഡ് ലക്ഷ്യ സെന്നിന് ലഭിക്കുമായിരുന്നു.
ആദ്യ ഗെയിമില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് ലക്ഷ്യ പരാജയപ്പെട്ടത്. രണ്ടാം ഗെയിമില്‍ ഒരവസരത്തില്‍ 8-8ന് തുല്യത പാലിച്ചു. പിന്നീട് 16-19 എന്ന നിലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇരുവരും പോരടിച്ചത്. എന്നാല്‍ 21-16 എന്ന സ്‌കോറില്‍ ലക്ഷ്യ സെന്‍ ഈ ഗെയിം വഴങ്ങി. മൂന്നാം സെറ്റിലേക്ക് മത്സരം നീണ്ടതോടെ മലേഷ്യന്‍ താരം കൂടുതല്‍ ചടുലമായ നീക്കങ്ങളോടെ ഇന്ത്യന്‍ താരത്തെ സമ്മര്‍ദ്ദ്ത്തിലാക്കി. വ്യക്തമായ ലീഡ് ഉയര്‍ത്തിയാണ് 21-11 എന്ന സ്‌കോറില്‍ മലേഷ്യന്‍ താരം മൂന്നാം ഗെയിമും വെങ്കല മെഡലും സ്വന്തമാക്കിയത്.
സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരത്തോടാണ് ലക്ഷ്യ സെന്‍ തോറ്റത്. വെങ്കല മെഡലില്‍ രാജ്യത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി സിന്ധു നേരത്തെ തന്നെ തോറ്റ് പുറത്തായിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും, 2016ല്‍ റിയോയിലും കഴിഞ്ഞ തവണ ടോക്കിയോയിലും ഇന്ത്യക്ക് ബാഡ്മിന്റണില്‍ മെഡല്‍ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |