തിരുവനന്തപുരം: അമൃത സ്വാശ്രയ സംഘത്തിലെ 6,000 കുടുംബാംഗങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് മാതാ അമൃതാനന്ദമയി വർഷം തോറും നൽകിവരുന്ന വസ്ത്രവിതരണം ചിറയിൻകീഴ് താമരക്കുളം മാതാ അമൃതാനന്ദമയി ആശ്രമത്തിൽ നടന്നു. ആശ്രമം പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 2018ലെ പ്രളയത്തെത്തുടർന്ന് ന്യൂ രാജസ്ഥാൻ മാർബിൾസും സ്വാശ്രയ സംഘാംഗങ്ങളും ചേർന്ന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും പത്തനംതിട്ട കളക്ടർക്ക് 600 ചാക്ക് അരിയും കൈമാറിയിരുന്നു. വയനാട്ടിലെ ദുരിതബാധിതർക്കായി ന്യൂ രാജസ്ഥാൻ മാർബിൾസ് ഇപ്രാവശ്യം ഓണാഘോഷം മാറ്റിവച്ച് ആ തുകയും സ്വാശ്രയ സംഘാംഗങ്ങൾ സ്വരൂപിക്കുന്ന തുകയും ചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് സി.വിഷ്ണു ഭക്തൻ പറഞ്ഞു. അമ്മ എല്ലാവർഷവും നൽകിവരുന്ന ധനസഹായവും ഓണക്കിറ്റ് വിതരണവും ഓണത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്നും അമ്മ നൽകുന്ന സൗജന്യ ചികിത്സാസഹായം അർഹരായവർക്കു തന്നെ ലഭിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വള്ളിക്കാവ് ആശ്രമത്തിലെ സ്വാമിനിമാരും ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിലെ നൂറോളം എക്സിക്യുട്ടീവ് അംഗങ്ങളും മറ്റു സംഘാംഗങ്ങളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |