തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റബന്ധുക്കളും കിടപ്പാടവും നഷ്ടപ്പെട്ടവർക്കുള്ള സമഗ്ര പാക്കേജ് പ്രകാരം സഹായം വിതരണം ചെയ്യാൻ സർക്കാരിന് മുന്നിൽ കടമ്പകൾ നിരവധി.
ആർക്ക് നൽകണമെന്നതിൽ വ്യക്തത വരുത്തുകയാണ് പ്രധാന വെല്ലുവിളി.
കുടുംബം ഒന്നടങ്കം മരിച്ചതിനാൽ അവകാശിക
ളില്ലാതായവരുണ്ട്.
ഇരയായ അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് യാതൊരു രേഖയും ഇല്ല.
വയനാട് ജില്ലാ കളക്ടറേറ്റിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നേരിട്ട് എത്തി വിവരങ്ങൾ നൽകാൻ കഴിയുന്ന അവസ്ഥയിലല്ല ദുരിത ബാധിതർ. പരാതികളും ആക്ഷേപങ്ങളും ഉണ്ടാവാത്ത തരത്തിൽ സഹായധനം വിതരണം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.
എത്രവച്ച് നൽകണമെന്നോ, അതിന് എത്ര തുക വേണ്ടിവരുമെന്നോ തിട്ടപ്പെടുത്തിയിട്ടില്ല.
ടൗൺഷിപ്പ് അടക്കം സർക്കാർ പ്രഖ്യാപിച്ചെങ്കിലും അത് അത്ര എളുപ്പം സാദ്ധ്യമാവില്ല. ഭൂമി കണ്ടെത്തുക വലിയ വെല്ലുവിളിയാണ്. ഒരു ലക്ഷം ചതുരശ്ര മീറ്റർ സ്ഥലമെങ്കിലും വേണ്ടിവരും. വനമേഖലയായതിനാലും പ്രകൃതിദുർബല പ്രദേശമായതിനാലും കേന്ദ്രത്തിൽ നിന്ന് അനുമതി കിട്ടുക എളുപ്പമല്ല.മുൻപ് ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കിയില്ലെന്ന ആക്ഷേപവും നിലനിൽക്കുകയാണ്.
കടമ്പകൾ
1 മരിച്ചവരുടെ ബന്ധുക്കളാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരും. വീടും സമ്പാദ്യവും കവർന്ന മണ്ണിൽ നിന്നും രേഖകൾ എങ്ങനെ വീണ്ടെടുക്കും?
2 നഷ്ടപ്പെട്ട ഭൂമി വീടിന്റെ വലിപ്പം എന്നിയുടെ രേഖകൾ റവന്യൂ വകുപ്പിലും തദ്ദേശവകുപ്പിലും ഉണ്ടാകും. ഉടമസ്ഥന് രേഖകൾ അവിടെ നിന്നും വീണ്ടെടുക്കണമെങ്കിൽ ഉദ്യോഗസ്ഥർ ഉദാരസമീപനം സ്വീകരിക്കണം.
3 അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരാണെങ്കിൽ സർക്കാർ രേഖകളിലുണ്ടാകും.
ആകെ 55 പേരെക്കുറിച്ചേ ഈ രേഖയുള്ളൂ.
അവർക്കെന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമാകണമെങ്കിൽ അവരുടെ നാട്ടിൽ നിന്നും അന്വേഷണം വരണം.
പരിഹാരമുണ്ട്, മനസ് വേണം
ആധാർലിങ്ക് ചെയ്തിട്ടുള്ള രേഖകൾ ഉടമയുടെ ഫോൺ നമ്പർ അറിയാമെങ്കിൽ സാദ്ധ്യമാകും. റവന്യൂവകുപ്പിൽ ആധാർ അധിഷ്ഠിത തണ്ടപ്പേര് പദ്ധതി നടപ്പിലാക്കിയിലെങ്കിലും ഉടമയുടെ വിലാസം പരിശോധിച്ച് രേഖകൾ കണ്ടെത്താനാകും.
` രേഖകൾ നഷ്ടമായവർക്ക് അദാലത്തുകൾ നടത്തി പരിഹാരമുണ്ടാക്കും. കാണാതായവരുടെ പട്ടിക തയാറാക്കുന്നത് പ്രധാന ദൗത്യമാണ്. ഇതിനായി അങ്കണവാടി, ആശ വർക്കർമാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടും.'
-കെ രാജൻ,
റവന്യൂമന്ത്രി
`പുനരധിവസത്തിന് സമഗ്രപാക്കേജ് നടപ്പാക്കും.ലോകമൊട്ടാകെ നിന്ന് സഹായമെത്തുന്നുണ്ട്. ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ കണ്ടെത്തും.'
-കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി
`മരിച്ചവരിൽ തിരിച്ചറിഞ്ഞവരുടെ പട്ടികയാണ് വയനാട് കളക്ടറേറ്റിൽ ഇപ്പോൾ തയ്യാറാക്കുന്നത്. തിരിച്ചറിയാത്തവരുടെ പട്ടിക തയ്യാറാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ഡി.എൻ.എ ടെസ്റ്റ് നടത്തും. ഇവരുടെ ആശ്രതിർക്ക്നഷ്ടപരിഹാരം വൈകില്ല.'
-ഒ. ആർ.കേളു,
പട്ടികവിഭാഗം വകുപ്പ് മന്ത്രി
226:
മരിച്ചവർ
(സർക്കാർ കണക്കിൽ)
6:
ഇന്നലെ കിട്ടിയ
മൃതദേഹങ്ങൾ
27:
ഇന്നലെ സംസ്കരിച്ച
തിരിച്ചറിയാത്ത
മൃതദേഹങ്ങൾ
154:
ഇന്നലെ സംസ്കരിച്ച
തിരിച്ചറിയാത്ത
ശരീരഭാഗങ്ങൾ
ദുരന്തമേഖലയ്ക്ക്
സമഗ്ര പാക്കേജ്:
ധനകാര്യ മന്ത്രി
മേപ്പാടി :ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ചൂരൽമലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജ്ജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ സജ്ജമാക്കും. രാജ്യത്ത് നിന്നാകമാനം പുനരധിവാസത്തിനും അതിജീവനത്തിനുമായി നിരവധി സഹായങ്ങൾ വിവിധ വ്യക്തികളിൽ നിന്ന് ലഭ്യമാകുന്നുവെന്നത് ശ്രദ്ധേയമാണ്.
കാണാമറയത്ത് 53 കുട്ടികൾ
വയനാട്ടിൽ സ്കൂളുകൾ തുറന്നു
വിദ്യാഭ്യാസ മന്ത്രി ഇന്നെത്തും
മേപ്പാടി: കണ്ണീർ പുഴയൊഴുകിയ വയനാട്ടിൽ ഇന്നലെ സ്കൂളുകൾ തുറന്നു. ദുരന്തം വിതച്ച മേപ്പാടി പഞ്ചായത്തിലെ സ്കൂൾ തുറക്കലും കുട്ടികളുടെ പഠനവും ഇന്ന് വിദ്യാഭ്യാസ മന്ത്രി എത്തുന്നതോടെ തീരുമാനമാകും. ദുരന്തം വിതച്ച മണ്ണിൽ 53 കുട്ടികളെ കണ്ടെത്താനുണ്ട്. ജില്ലയിൽ 303 സ്കൂളുകളാണുള്ളത്. ദുരന്തം നടന്ന മേഖലയിൽ തകർന്ന സ്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന 36 സ്കൂളുകളും പ്രവർത്തിക്കുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫീസർ ശശീന്ദ്ര വ്യാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ടവരുടെയോഗം വിളിച്ചിട്ടുണ്ട്. അതിനുശേഷം പൂർണമായി തകർന്ന വെള്ളാർമല വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളെയും ദുരന്ത മേഖലയിലെ മറ്റ് കുട്ടികളെയും അടക്കം പുനരധിവസിപ്പിക്കുന്നത് തീരുമാനിക്കും. ചൂരൽമല, മുണ്ടക്കൈ ഭാഗത്ത് നിരവധി കുട്ടികളെ ദുരന്തം കവർന്നിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളെയും മന്ത്രി ശിവൻ കുട്ടി സന്ദർശിക്കും. മരിച്ച കുട്ടികൾക്കായുള്ള പ്രാർത്ഥനയ്ക്കുശേഷമാണ് എല്ലായിടത്തും ക്ളാസുകൾ ആരംഭിച്ചത്.
വിലാസം കറുത്ത
മഷിയിൽ നമ്പർ
കെ.സുജിത്
മേപ്പാടി: അടയാളക്കല്ലിൽ കറുത്ത മഷിയിൽ ഒരു നമ്പർ. ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിയപ്പെടും വരെ അതുമാത്രമാണ് വിലാസം. പ്രകൃതി അവരെ മുഖമില്ലാത്തവരും ശരീരമില്ലാത്തവരുമാക്കിയപ്പോൾ ഉറ്റ ബന്ധുക്കൾക്കോ ഒപ്പം നടന്ന കൂട്ടുകാർക്കോ തിരിച്ചറിയാൻ പറ്റിയില്ല. ആറടി മണ്ണിൽ മണ്ണോടു ചേരുമ്പോഴും പ്രിയപ്പെട്ടവർ അവരെ തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
സർവമത പ്രാർത്ഥനയും തങ്ങളുടെ പ്രിയപ്പെട്ടവരെയാണ് ആ മണ്ണിലടക്കുന്നതെന്ന ബോദ്ധ്യവുമാണ് അവർക്കു കൂട്ടുണ്ടായിരുന്നത്. ചെറിയ കുട്ടികൾ മുതൽ വൃദ്ധർ വരെ 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്നലെ കൂട്ട സംസ്കാരം നടത്തി. ഉച്ചയ്ക്കു ശേഷം വിവിധ ഘട്ടങ്ങളിലായാണ് സംസ്കാരം നടന്നത്. രാത്രി 9 മണിയോടെയാണ് 52 പേരുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി. പൂർണമായതും ശരീരഭാഗങ്ങളും ഓരോ മൃതശരീരങ്ങളായി പരിഗണിച്ചാണ് സംസ്കാരം. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും തുടർന്ന് ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകി. ശാസ്ത്രീയ പരിശോധനയിലുടെ തിരിച്ചറിഞ്ഞ് ബന്ധുക്കൾ വരികയാണെങ്കിൽ വീണ്ടും അന്ത്യകർമങ്ങൾ നടത്താനുള്ള അവസരങ്ങളൊരുക്കിയാണ് സംസ്കാരം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |