കൊച്ചി: വയനാട് ഉരുൾപ്പൊട്ടലുണ്ടായ ദുരന്ത സ്ഥലത്ത് നടനും ലെഫ്. കേണലുമായ മോഹൻലാലിനൊപ്പം സൈനിക യൂണിഫോമിലെത്തിയ മേജർ രവിക്കെതിരെ പരാതി ഉയർന്നിരുന്നു. വിമരിച്ച മേജർ രവി സൈനിക യൂണിഫോമിൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനെതിരെ വിരമിച്ച മറ്റൊരു ഉദ്യോഗസ്ഥനാണ് പരാതി നൽകിയത്. സൈന്യത്തിൽ നിന്ന് വിരമിച്ചയാൾ യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്. മേജർ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യൻ മിലിട്ടറി യൂണിഫോമിന്റെ അന്തസ് കാത്തു സൂക്ഷിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. വിരമിച്ച സൈനികന് യൂണിഫോം ധരിക്കാനുള്ള സന്ദർഭങ്ങൾ ഒരുപാടുണ്ടെന്ന് മേജർ രവി ഒരു ഓൺലൈൻ മാദ്ധ്യമത്തോട് പ്രതികരിച്ചു. ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങൾ നടക്കുമ്പോൾ സേവനം നടത്തുന്ന പട്ടാളക്കാരോടൊപ്പം ചേർന്ന് അവരോട് കൈകോർത്ത് പ്രവർത്തിക്കാമെന്ന് മേജർ രവി പറഞ്ഞു. ഈ യൂണിഫോം ഞങ്ങൾക്ക് അവകാശപ്പെട്ടിട്ടുള്ളതാണെന്നും അത് വേണ്ട സ്ഥലത്ത് ഉപയോഗിക്കാനുള്ള അധികാരം ഞങ്ങൾക്കുണ്ടെന്നും മേജർ രവി വ്യക്തമാക്കി. സൈനിക യൂണിഫോമിൽ മോഹൻലാൽ എത്തിയതിനെ ട്രോളുന്നവർക്കും മേജർ രവി മറുപടി നൽകുന്നുണ്ട്.
മേജർ രവിയുടെ വാക്കുകളിലേക്ക്..
'പ്രധാനമന്ത്രി നരേന്ദ്ര മോദി ലേ, ലഡാക്കിലേക്ക് പോകുമ്പോൾ അദ്ദേഹം യൂണിഫോമും തൊപ്പിയുമിട്ടാണ് പോകുന്നത്. രാജ്നാഥ് സിംഗ് സാബ് പോകുന്ന സമയത്ത് അങ്ങനെയായിരിക്കും. അതൊക്കെ പട്ടാളത്തിന്റെ ഒരു റൂളാണ്. ഇപ്പോൾ കേസുകൊടുത്തവൻ ഒരു പട്ടാളക്കാരൻ അല്ല, അവൻ ഒരിക്കലും യുദ്ധഭൂമി കണ്ടിട്ടില്ല. ഇവൻ അവിടെ അടുക്കളയുടെ പിന്നാമ്പുറത്തോ, കക്കൂസിന്റെ ക്ലീനിംഗിലൊക്കെയോ ആയിരിക്കാം. ആരും അറിയാതെ 15 വർഷം സർവീസ് ചെയ്യുക. എന്നിട്ട് പെൻഷൻ വാങ്ങിക്കുക. പിന്നെ ഒന്നാം തീയതി കള്ളും എടുത്ത് വിൽക്കാൻ നടക്കുക.
മോഹൻലാലിന് അവിടെ വന്ന് ഷോ ഓഫ് ചെയ്യേണ്ട കാര്യമില്ല. വെറുതെ മുണ്ടും ചുറ്റി വന്നാലും പിന്നാലെ ലക്ഷങ്ങൾ വരും. പിന്നെ ലാലിന് ഇവിടെ യൂണിഫോമിടേണ്ട ഒരു ആവശ്യവുമില്ല. ലാൽ എന്തിനാണ് അവിടെ പോകുന്നത്. അദ്ദേഹത്തിന്റെ ബറ്റാലിയനാണ് 122. സിഇഒ ലെവലിലുള്ള ഞങ്ങൾ പട്ടാളക്കാരെ 'മൈ ബോയ്സ്' എന്നാണ് വിളിക്കാറ്. അവിടെ ലാൽ പോയിരിക്കുന്നത് തന്റെ കുട്ടികളെ കാണാൻ വേണ്ടിയാണ്. കയ്യും കാലും ഒടിഞ്ഞിട്ടാണെങ്കിലും അവർ അവിടെ നിൽക്കും.
ഓരോരോ ശവശരീരങ്ങൾ എടുക്കുന്ന പട്ടാളക്കാരുടെ മാനസികാവസ്ഥ നിങ്ങൾക്ക് അറിയില്ല. ആ ഒരു മനുഷ്യ ശരീരം പുറത്തേക്കെടുത്ത് വരുന്ന സമയത്ത് ഈ വ്യക്തിക്ക് എത്രത്തോളം വേദനയുണ്ടായിരിക്കും. പക്ഷേ, അവന്റെ കർത്തവ്യമാണ് അവൻ ചെയ്യുന്നത്. അവിടെ മോഹൻലാൽ ചെന്നിട്ട് 'അയാം വിത്ത് യു' എന്ന് പറയുമ്പോൾ, അതിനെ ട്രോൾ ചെയ്യാൻ നിൽക്കുന്നവരുടെ മാനസികാവസ്ഥ എന്താണ്'- മേജർ രവി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |