SignIn
Kerala Kaumudi Online
Saturday, 14 September 2024 12.01 PM IST

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം'; സുധാകരനെ  തള്ളി  ചെന്നിത്തല

Increase Font Size Decrease Font Size Print Page
ramesh-chennithala

ന്യൂ‌ഡൽഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വയനാടിനായി ചെലവഴിക്കുന്ന ഫണ്ടിന്റെ കാര്യത്തിൽ സുതാര്യത വേണമെന്നും ഇക്കാര്യത്തിൽ കെ സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സുധാകരൻ തന്നെ ചെന്നിത്തലയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെയാണ് വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് ചെന്നിത്തല ആവർത്തിക്കുന്നത്.

ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നും കെ സുധാകരൻ പ്രതികരിച്ചു. ഷിരൂർ ദൗത്യത്തിൽ കർണ്ണാടക സർക്കാരിനെ സിപിഎം അനാവശ്യമായി പഴിച്ചെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സുധാകരന്റെ പോസ്റ്റിന്റെ പൂർണരൂപം

ആരും ഓർക്കാനോ കാണാനോ ഇഷ്ടപെടാത്ത കാഴ്ചകളാണ് വയനാടിന് ചുറ്റും. പക്ഷെ അതിനിടയിലും ഒത്തിരിയൊത്തിരി നല്ല 'മനുഷ്യരെ' നമ്മൾ കണ്ടു. ലോകമെങ്ങുമുള്ള മനുഷ്യരുടെ പ്രാർഥനകൾ, പല രീതികളിൽ അവർ നീട്ടുന്ന 'സ്നേഹത്തിന്റെ ഹസ്തങ്ങൾ'. എക്കാലത്തും നന്ദിയോടെ കേരളം നിങ്ങളെ ഓർക്കും.

100 വീടുകൾ രാഹുൽ ഗാന്ധി‌യുടെ നേതൃത്വത്തിൽ കോൺഗ്രസ് നിർമിച്ചു നൽകും. ഞങ്ങളുടെ വാക്കാണ്. ഈ പാർട്ടിയിലെ നേതാക്കളും എന്റെ പ്രിയപ്പെട്ട പ്രവർത്തകരും അതിലേക്കായി അകമഴിഞ്ഞ് സംഭാവന നൽകണമെന്ന് എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നു. നിങ്ങളത് ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. മുൻപ് പ്രളയം നടന്നപ്പോൾ പാർട്ടി പ്രഖ്യാപിച്ച 1000 വീടുകൾ, വലിയ ഹൃദയമുള്ള ഒരുപാട് പ്രവർത്തകരുടെ അധ്വാനം കൊണ്ട് മാത്രമാണ് നമുക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞത്. അത് ഇക്കുറിയും നമ്മൾ ആവർത്തിക്കും.

ദുരന്തമുഖത്ത് രാഷ്ട്രീയം പറയാൻ ഞങ്ങളില്ല. നരഭോജി പാർട്ടിയുടെ സർട്ടിഫിക്കറ്റും ഞങ്ങൾക്ക് വേണ്ട. സർക്കാരിന്റെ വീഴ്ചകൾ ഓരോ ദിവസവും നാട്ടുകാർ ചൂണ്ടിക്കാണിക്കുമ്പോഴും അതൊരു വിഷയമായി ഞങ്ങൾ ഉയർത്താത്തത് കോൺഗ്രസ് പ്രസ്ഥാനം പുലർത്തുന്ന ഉന്നതമായ രാഷ്ട്രീയമൂല്യങ്ങൾ കൊണ്ടാണ്.

എന്നാൽ കർണാടകയിലെ ഷിരൂരിൽ നടന്ന സംഭവത്തിൽ, ഇവിടുത്തെ ചില അധമ മാധ്യമ പ്രവർത്തകരെ കൂട്ടുപിടിച്ചു സിപിഎം നടത്തിയ ഏറ്റവും മ്ലേച്ഛമായ നുണ പ്രചാരണങ്ങൾ ഇന്ത്യ രാജ്യം മുഴുവൻ കണ്ടതാണ്. ഇന്നാട്ടിലെയും അയൽ സംസ്ഥാനത്തെയും മനുഷ്യരെ മുഴുവൻ, വെറുപ്പിന്റെ നാറുന്ന സിപിഎം രാഷ്ട്രീയം കൊണ്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചത് നാട് മറക്കില്ല.100 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് കർണ്ണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. വയനാടിനെയും മലയാളികളെയും നെഞ്ചോട് ചേർത്ത കർണാടക സർക്കാരിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

പ്രളയ സമയത്ത്, ലോകം മുഴുവനുള്ള മലയാളികൾ ഉദാരമായി നാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പ്രളയ സഹായത്തെ കുറിച്ച് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങളിൽ കൃത്യമായ മറുപടി കൊടുക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അതിന് പകരം, സൈബറിടത്ത് മാലിന്യങ്ങൾ മാത്രം പരത്തി ജീവിക്കുന്ന ആ കൃമികീടങ്ങളെ ഉപയോഗിച്ച് ജനങ്ങളെ വീണ്ടും പ്രകോപിപ്പിക്കുകയല്ല വേണ്ടത്. താനോ കേരളമൊട്ടാകെയുള്ള തന്റെ സഖാക്കളോ ജനങ്ങളിൽ നിന്ന് പിരിക്കുന്ന ഫണ്ടിൽ ഇനിയും കയ്യിട്ട് വരില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് കൊടുക്കേണ്ടത് മുഖ്യമന്ത്രി വിജയൻ തന്നെയാണ്.

ഭരണകൂടത്തിനെയും ഭരണകൂടത്തിന്റെ ചെയ്തികളെ പറ്റിയും വലിയ വിമർശങ്ങൾ ജനങ്ങളെപ്പോലെ ഞങ്ങൾക്കുമുണ്ട്. പക്ഷേ ആ വിമർശനങ്ങൾ ദുരിതബാധിതർക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാൻ മാധ്യമങ്ങൾ ഈ അവസരത്തിൽ ഉപയോഗിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.

ദുരന്ത ഭൂമിയിലേക്ക് ആദ്യ ദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനിമുതൽ അത് വേണ്ട എന്ന് സർക്കാർ പ്രഖ്യാപിച്ചത് ദുരിതബാധിതരോട് കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് . ഈ സമയത്തും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ലാഭത്തെ പറ്റിയാണ് സിപിഎമ്മും വിജയനും ചിന്തിച്ചത്. ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെപിസിസി കേരള മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ആവശ്യപ്പെടുന്നു.

ദുരന്ത വാർത്ത അറിഞ്ഞ നിമിഷം മുതൽ വയനാട്ടിൽ രാപ്പകൽ അധ്വാനിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകരെയും നേതാക്കളെയും ഒരിക്കൽ കൂടി അഭിവാദ്യം ചെയ്യുന്നു. നമ്മൾ ഒറ്റക്കെട്ടായി തന്നെ ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും.

കെ സുധാകരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, RAMESH CHENNITHALA, CM RELIEF FUND
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.