അമ്പലപ്പുഴ: സഹോദരീഭർത്താവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ റിമാൻഡിലായി ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽപ്പോയ പ്രതി 20 വർഷത്തിനു ശേഷം കർണാടക - തമിഴ്നാട് അതിർത്തിയിൽ നിന്ന് പിടിയിലായി. അമ്പലപ്പുഴ കരുമാടി ലക്ഷംവീട് കോളനിയിൽ പ്രസാദിനെയാണ് ( 55) അമ്പലപ്പുഴ സി.ഐ എം.പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
2004ഫെബ്രുവരി 5നാണ് രണ്ടാമത്തെ സഹോദരിയുടെ ഭർത്താവായ ശശികുമാറിനെ പ്രസാദ് കുത്തിപരിക്കേൽപ്പിച്ചത്. കേസിൽ പിടിയിലായി റിമാൻഡിലായെങ്കിലും പിന്നീട് ജാമ്യത്തിൽ ഇറങ്ങി നാടുവിടുകയായിരുന്നു. പ്രസാദിന്റെ ബന്ധുക്കൾ കരുമാടിയിൽ നിന്ന് താമസം മാറി പോയതിനാൽ പിന്നീട് ഇയാളെപ്പറ്റി ഒരു വിവരവും ലഭിച്ചിരുന്നില്ല. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, മൂത്തസഹോദരി പന്തളത്തു താമസിക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. സഹോദരിയുമായി പ്രസാദ് ഫോണിൽ ബന്ധപ്പെടാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. സഹോദരിയുടെ കോൾ ലിസ്റ്റിൽ നിന്നും കർണ്ണാടകയിലെ ബൊമ്മനഹള്ളിയിലെ അഡ്രസ് ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രസാദ് രണ്ടാമത് വിവാഹംചെയ്ത ഭാര്യ ജോലിചെയ്യുന്ന തമിഴ്നാട്ടിലെ ഹൊസൂർ എന്ന സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ.രാജേഷിന്റെ മേൽനോട്ടത്തിൽ എസ്.ഐ ടോൾസൺ പി.ജോസഫ്, ഗ്രേഡ് എസ്.ഐ ഹനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിബിൻദാസ്, സിദ്ധിക്ക് ഉൾ അക്ബർ, വിഷ്ണു ജി, ജോസഫ് ജോയി, മാത്യു, സിവിൽ പൊലീസ് ഓഫീസർ അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |