തിരുവനന്തപുരം: പ്രളയത്തിനും കൊവിഡിനും ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയ തുകയെടുത്ത് വകമാറി ചെലവിട്ടുവെന്നൊക്കെ പറയുന്നത് കള്ളപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിലെ തുകയെടുത്ത് തോന്നിയപോലെ ചെലവാക്കാനാകില്ല. വകമാറ്റാനുമാകില്ല. കളക്ടർക്കും സെക്രട്ടറിക്കും മന്ത്രിക്കും മുഖ്യമന്ത്രിക്കും ചെലവാക്കാനാകുന്ന തുകയ്ക്ക് പരിധിയുണ്ട്. അതിനും മേൽ ചെലവാക്കണമെങ്കിൽ മന്ത്രിസഭ പറയണം. ഈ ചെലവെല്ലാം പൗരൻമാർക്ക് വിവരാവകാശം വഴി കിട്ടും നിയമസഭയ്ക്കും പരിശോധിക്കാം. സി.എ.ജി.ഓഡിറ്റുമുണ്ട്. ഇതുവരെ ഒരു ഓഡിറ്റിലും ഒരുതിരിമറിയും കണ്ടെത്തിയിട്ടുമില്ല. വയനാട് ദുരന്തകാലത്തെങ്കിലും ദുരിതാശ്വാസനിധിക്കെതിരായ വ്യാജപ്രചാരണം നടത്തരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ദുരിതാശ്വാസനിധി നിയന്ത്രിതം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് സംഭാവനകൾ വരുന്നത്. ഈ അക്കൗണ്ടുകൾ വഴിയുള്ള ബാങ്ക് ട്രാൻസ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക. ധനകാര്യസെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ഫണ്ട് ഉപയോഗിക്കാനാവില്ല. റവന്യുവകുപ്പാണ് ദുരിതാശ്വാസനിധിയുടെ അഡ്മിനിസ്‌ട്രേഷൻ നിർവഹിക്കുന്നത്. ധനകാര്യസെക്രട്ടറിക്ക് സ്വന്തം താത്പര്യപ്രകാരം പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ല. കളക്ടർക്ക് അനുവദിക്കാവുന്ന തുക,റവന്യുസെക്രട്ടറിക്ക് അനുവദിക്കാവുന്നതുക,റവന്യുമന്ത്രിക്ക് അനുവദിക്കാവുന്നതുക, മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്നതുക ഇതൊക്കെ സർക്കാർ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭയ്ക്കാണ് അധികാരം.
ദുരിതാശ്വാസനിധിയുടെ എല്ലാവിവരങ്ങളും വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) വർഷാവർഷം ഓഡിറ്റ് ചെയ്യുന്നഅക്കൗണ്ട് ആണിത്. ദുരിതാശ്വാസനിധിയുടെ വരവ്/ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമസഭയ്ക്ക് അധികാരവുമുണ്ട്.
കെ.എസ്.എഫ്.ഇയ്ക്ക് പണം വകമാറിയിട്ടില്ല
സി.എം.ഡി.ആർ.എഫിൽ നിന്നു കെ.എസ്.എഫ്.ഇ യ്ക്ക് ലാപ്‌ടോപ് വാങ്ങാൻ 81.43 കോടി രൂപ അനുവദിച്ചു എന്ന് സോഷ്യൽ മീഡിയ വഴി വലിയ രീതിയിൽ ആണ് ഈ പ്രചാരണം നടക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണു ഇത്തരം പ്രചാരണങ്ങൾ. ആ തുക കൊവിഡ് കാലത്ത് കുടുംബശ്രീ പ്രവർത്തകരുടെ വിദ്യാർത്ഥികളായ മക്കൾക്ക് ലാപ്‌ടോപ്പ് വാങ്ങാനുള്ള വിദ്യാശ്രീ പദ്ധതിയും വിദ്യകിരണം പദ്ധതിയും സംയോജിപ്പിച്ച് സർക്കാർ കെ.എസ്.എഫ്.ഇയ്ക്ക് നൽകിയതാണ്. ഇതുവഴി ആകെ 47,673 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകളും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |