മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ട ചൂരൽമലയിൽ വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞത് രക്ഷാപ്രവർത്തനത്തിന് തുണയായി. ചൂരൽമലയിലെ കൺട്രോൾ റൂമിലും പരിസരത്തും വൈദ്യുതിയില്ലാതെ രക്ഷാപ്രവർത്തനം ദുഷ്‌കരമാകുന്ന സാഹചര്യമാണ് ഒഴിവാക്കിയത്.
കനത്ത കാറ്റിലും പേമാരിയിലും മരം വീണും ലൈനുകൾ പൊട്ടിയ വൈദ്യുത ലൈനുകൾ പുനസ്ഥാപിക്കലായിരുന്നു ശ്രമകരമായ ദൗത്യം. ദുരന്ത മേഖലയിലുള്ള ഹൈടെൻഷൻ ലൈനുകളെല്ലാം തകർന്നതോടെ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം നേരത്തെ തന്നെ വിഛേദിച്ചിരുന്നു.
കെ.എസ്.ഇ.ബി മേപ്പാടി സെക്ഷനു കീഴിൽ 19000 കണക്ഷനുകളാണുള്ളത്. ഇതിൽ മുണ്ടക്കൈ, ചൂരൽമല ദുരന്ത പ്രദേശങ്ങളിലായി 385 ഗാർഹിക കണക്ഷനുകളും 70 സ്ഥാപനങ്ങളുടെ കണക്ഷനുകളും ഉണ്ടായിരുന്നു. ഇവ പൂർണ്ണമായും തകർന്നു. ഇലക്ട്രിക് പോസ്റ്റുകളും ട്രാൻസ്‌ഫോമറുകളും തകർന്നടിഞ്ഞു. മൂന്നു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.
ദുരന്ത രക്ഷാപ്രവർത്തന വേളയിൽ 24 മണിക്കൂർ സേവനങ്ങളുമായി കെ.എസ്.ഇ.ബി ജീവനക്കാർ ഇവിടെയുണ്ട്. കനത്ത മഴ വക വയ്ക്കാതെയാണ് ചൂരൽമലയിലേക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ട അട്ടമലയിലേക്കുള്ള വൈദ്യുതി കണക്ഷനും പുനസ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |