ധാക്ക : ബംഗ്ലദേശിലെ കലാപം കണക്കിലെടുത്ത് പെട്രാപോളിലെ അതിർത്തി അടച്ചു. ബംഗ്ലാദേശിലേക്കുള്ള എല്ലാ ഗതാഗത സർവീസും ഇന്ത്യ നിർത്തിയിരുന്നു. അതിർത്തിക്ക് 500 മീറ്റർ അകലെവച്ച് ആളുകളെ മടക്കി അയയ്ക്കുകയും അതിർത്തി കടന്ന ഡ്രൈവർമാരെ സൈന്യം തിരിച്ചെത്തിക്കുകയും ചെയ്തു.
ബംഗ്ലാ സൈന്യത്തിൽ അഴിച്ചുപണി
രാഷ്‌ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് സൈന്യത്തിന്റെ ഉന്നത തലങ്ങളിൽ വൻ അഴിച്ചു പണി നടത്തി. മേജർ ജനറൽ സിയ ഉൾ അഹ്സനെ പിരിച്ചു വിട്ടതാണ് പ്രധാനം. കൂടാതെ ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള അഞ്ച് ഓഫീസർമാർക്ക് സ്ഥാനചലനവും ഉണ്ട്.
മാപ്പ് പറഞ്ഞ് പൊലീസ്
രാഷ്‌ട്രീയ നേതൃത്വത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി വിദ്യാർത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചതിനും വിദ്യാത്ഥികൾക്ക് നേരെ വെടിവച്ചതിനും ബംഗ്ലാദേശ് പൊലീസ് അസോസിയേഷൻ ഇന്നലെ പരസ്യമായി മാപ്പ് പറഞ്ഞു. വിദ്യാർത്ഥികളെ വെടിവയ്ക്കാൻ തങ്ങൾ നിർബന്ധിതരാവുകയായിരുന്നു. ജയിലിലടച്ച പൊലീസ് ഓഫീസർമാരെ മോചിപ്പിക്കും വരെ പണിമുടക്കും പ്രഖ്യാപിച്ചു.
യു.എസിലെ കോൺസുലേറ്റിലും അതിക്രമം
ഹസീന വിരുദ്ധർ ന്യൂയോർക്കിലെ ബംഗ്ലാദേശ് കോൺസുലേറ്റിൽ ഇരച്ച് കയറി ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ ചിത്രം നീക്കി. പ്രക്ഷോഭകാരികൾ ഉദ്യോഗസ്ഥരെ കൊണ്ട് നിർബന്ധിച്ച് ചിത്രം എടുത്ത് മാറ്റിപ്പിക്കുകയായിരുന്നു.
ന്യൂനപക്ഷങ്ങൾക്ക് ആശങ്ക
ഹസീന സർക്കാർ തകർന്നതോടെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരേ ആക്രമണം നടക്കുന്നതായി യൂറോപ്യൻ യൂണിയൻ ആരോപിച്ചു. ഹിന്ദു, സിക്ക് തുടങ്ങിയ വിഭാഗങ്ങളുടെ ആരാധനാലയങ്ങൾ ആക്രമിക്കപ്പെട്ടതായി
റിപ്പോർട്ടുണ്ട്.
ഷെയ്‌ക്ക് ഹസീന രാജ്യം വിട്ടതോട രാജ്യത്തിന് രണ്ടാം സ്വാതന്ത്ര്യമാണ്. ഹസീന സ്വേച്ഛാധിപതിയെ പോലെയാണ് എല്ലാം നിയന്ത്രിച്ചത്. ഇപ്പോൾ ജനങ്ങൾക്ക് മോചനം ലഭിച്ചു
--മുഹമ്മദ് യൂനുസ്, നോബൽ ജേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |